livestoriesonline

Online updates

ത്രീവീസിന്റെ വിജയമന്ത്രം

SHARE

കേരളീയരുടെ ജനപ്രിയ വിഭവമായ സാമ്പാറിനെ സ്വാദിഷ്ടമാക്കുന്ന ചേരുവയാണ് കായം. കേരളം കായത്തിന്റെ പ്രധാന ഉപഭോക്താവാണെങ്കിലും ഉല്‍പാദനം ഇവിടെ കുറവാണ്. ആ വിപണിയിലേക്കാണ് ത്രീവീസിന്റെ കടന്നു വരവ്.

പഠനശേഷം സ്വന്തമായി ഒരു ബിസിനസ് ചെയ്യണമെന്നായിരുന്നു സഹോദരിമാരായ വർഷയുടെയും വിസ്മയയുടെയും വൃന്ദയുടെയും ആഗ്രഹം. ഒരുപാടാലോചിച്ച് അവർ എത്തിപ്പെട്ടത് കായം നിർമാണത്തിലേക്കാണ്. ഇപ്പോൾ മുപ്പതോളം സ്ത്രീകൾ തൊഴിൽ ചെയ്യുന്ന വലിയൊരു സംരംഭമായി ഇത് മാറിയിരിക്കുകയാണ്.മൂന്ന് പേരുടെയും പേരിന്റെ ആദ്യാക്ഷരം ചേർത്താണ് ത്രീവീസ് എന്ന പേരിലേക്കെത്തുന്നത്.

മൂന്ന് വർഷം മുൻപാണ് ബിസിനസ് ആരംഭിക്കുന്നത്. എന്നിട്ടും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1.2 കോടിയുടെ വിൽപ്പന വരെ ത്രീവീസിന് ലഭിച്ചു. അതുകൂടാതെ ത്രീവീസിന്റെ യാത്രയിലെ മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു ഈ വർഷം ലഭിച്ച കൈരളി ടിവിയുടെ ജ്വാല അവാർഡ്. സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ കൈയിൽ നിന്ന്അവാർഡ് വാങ്ങിയതിൽ വളരെയധികം സന്തോഷമെന്ന് വ‍‍ൃന്ദ പറയുന്നു.

25 ​ഗ്രാം, 50 ​ഗ്രാം, 100 ​ഗ്രാം എന്നിങ്ങനെ മൂന്ന് അളവുകളിലായാണ് കായം വിൽപനയ്ക്ക് എത്തുന്നത്. പൊടിയായും കട്ടയായും ലഭിക്കും. ആദ്യം തുടങ്ങിയപ്പോൾ കട്ട മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് പൊടിയിലേക്കും മറ്റ് ഉത്പന്നങ്ങളും വിപണിയിലേക്കിറക്കിയത്. കായം പ്രധാനമായും ഉപയോ​ഗിക്കുന്നത് സാമ്പാറിലും രസത്തിലും അച്ചാറിലുമൊക്കെയാണ്. അതുകൂടാതെ സ്നാക്സ് തയ്യാറാക്കുമ്പോഴും കായം ഉപയോ​ഗിക്കുന്നുണ്ട്. കായം രുചിക്ക് വേണ്ടി മാത്രമല്ല ഉപയോ​ഗിക്കുന്നതെന്നും ഒത്തിരി ആരോ​ഗ്യ​ഗുണങ്ങളുള്ള കായം ദഹനത്തിന് വളരെ അത്യന്താപേക്ഷിതമാണെന്നും വർഷ പറയുന്നു.

ഒരു വർഷത്തോളം കായംകട്ടയും പൊടിയും മാത്രമായിരുന്നു വിൽപന. ഒരു വർഷത്തിന് ശേഷം മുളകുപൊടി, മഞ്ഞൾപൊടി, ചിക്കൻ മസാല, സാമ്പാർ പൊടി, ഫിഷ്മസാല, ഗോതമ്പ് പൊടി, പുട്ടുപൊടി, ചെമ്പ, റവ, അപ്പം പൊടി എന്നിവയും വിപണിയിലേക്ക് എത്തിച്ചു. പ്രിസർവേറ്റീസുകളൊന്നും ചേർക്കാതെ വൃത്തിയാക്കി വീട്ടിൽ ഉണക്കിപ്പൊടിച്ചു തയാറാക്കിയ ഉത്പന്നങ്ങൾ അര കിലോ, ഒരു കിലോ എന്നിങ്ങനെയുള്ള അളവിൽ ലഭ്യമാണ്.

വ്യത്യസ്തമായ ആശയങ്ങളെ എന്നും വിപണികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. കായം നല്ലൊരു മാർക്കറ്റ് ഉള്ള ഒരു ഉൽപന്നമാണ്. ആദ്യം തന്നെ മാർക്കറ്റിൽ കായത്തിന്റെ ലഭ്യതയെക്കുറിച്ച് പഠിച്ചു. ഉത്പന്നത്തിന്റെ നല്ലൊരു സാധ്യത കണ്ടിട്ടാണ് നല്ല ​ഗുണമേന്മയോടെ തയ്യാറാക്കി കായം ആളുകളിലേക്ക് എത്തിക്കാൻ തീരുമാനിച്ചതെന്ന് വർഷ പറയുന്നു.

ആദ്യം ഒരു പരിശീലന കോഴ്സിന് ചേർന്ന്കായത്തിന്റെ നിർമ്മാണത്തെക്കുറിച്ച് പഠിച്ചു. അതിനു ശേഷം ഒന്ന് രണ്ട് ഡീലേഴ്സിന്റെ അടുത്ത് നിന്ന് കായ നിർമ്മാണത്തിനുള്ള വസ്തുക്കൾ വാങ്ങി ഉപയോ​ഗിച്ചതിന് ശേഷമാണ് സ്ഥിരമായി വാങ്ങാൻ പറ്റുന്ന ഒരാളിലേക്ക് എത്തുന്നത്. ഡൽഹിലുള്ള ഡീലേഴ്സ് വഴിയാണ് ഇപ്പോൾ കായ നിർമ്മാണത്തിനുള്ള വസ്തുക്കൾ വാങ്ങുന്നത്.

പ്രൊജക്ട് ഒക്കെ തയ്യാറാക്കി രണ്ട് ലക്ഷം രൂപയുടെ മുദ്രാ ലോൺ എടുത്തു. വിൽപനയുടെതുടക്കം ചെറിയ ചെറിയ കടകളിലാരുന്നു. രാവിലെ പ്രൊഡക്ടുമായി ഞാനും അച്ഛനും കൂടി ഇറങ്ങും. കടകളിലൊക്കെ കയറി ഇറങ്ങി പ്രോഡക്ടിനെ പരിചയപ്പെടുത്തി. പതിയെ പതിയെ സൂപ്പർ മാർക്കറ്റിലേക്കൊക്കെ കൊടുക്കാൻ തുടങ്ങി. അതിന് ശേഷം കാറ്ററിം​ഗ് യൂണിറ്റ്, ഹോട്ടലുകൾ എന്നിവിടങ്ങളിലേക്കും കൂടി വ്യാപിപ്പിച്ചു. പീന്നീട് സ്പ്ലൈകോയുടെ ഔട്ട്ലെറ്റിലേക്കും എത്തിക്കാൻ തുടങ്ങി. ഇപ്പോൾ പ്രധാനമായും എല്ലാ ഉത്പന്നങ്ങളും സ്പ്ലൈകോയുടെ ഔട്ട്ലെറ്റിലേക്കാണ് പോകുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1.2 കോടിയുടെ വിൽപ്പന വരെ നടത്താനായെന്നും വർഷ പറയുന്നു.

തുടക്കത്തിൽ ഒരുപാട് സംശയങ്ങളൊക്കെ ഉണ്ടായിരുന്നു. എന്താണ് കായം, എങ്ങനെയാണ് എന്നൊക്കെ ഒരുപാട് അന്വേഷിച്ചു. അങ്ങനെയാണ് കായത്തിന് അടുക്കളയിൽ ഒരുപാട് ആവശ്യങ്ങൾ ഉണ്ടെന്നുള്ള വിവരം മനസിലാക്കുന്നത്. കേരളത്തിൽ വലിയതോതിലുള്ള കായം ഉത്പാദന യൂണിറ്റൊന്നും ഇല്ലെന്ന് മനസിലായി. ഇതിലുള്ള സാധ്യത കണ്ടിട്ടാണ് ത്രീവീസ് തുടങ്ങിയത്. വളരെ ചെറിയ രീതിയിലാണ് തുടങ്ങിയത്. ആദ്യം വീട്ടിൽ തന്നെ ചെറിയ ഒരു യൂണിറ്റ് തുടങ്ങി.

ഞങ്ങളുടെ വിജയകഥ അറിഞ്ഞ് ഒരുപാട് പേർ വിളിക്കാറുണ്ട്. നല്ല ക്ഷയുണ്ടെങ്കിൽ ഏതൊരു ബിസിനസ്സും വിജയത്തിലെത്തിക്കാമെന്ന് വർഷ പറയുന്നു. നിക്ഷേപിച്ച തുക പെട്ടെന്ന് തന്നെ തിരിച്ച് കിട്ടണമെന്നില്ല. ചിലപ്പോൾ ഒരു അഞ്ചു വർഷമെങ്കിലും കാത്തിരിക്കേണ്ടി വരും. താൽപര്യമുണ്ടെങ്കിൽ എന്തായാലും ശ്രമിച്ച് നോക്കണമെന്നും ആത്മവിശ്വാസത്തോടെ വർഷ പറയുന്നു.

ജോലിയാണെങ്കിൽ സ്ഥിരമായി സാലറി നമുക്ക് ലഭിക്കും. എന്നാൽ ഒരു ബിസിനസ്സിലേക്ക് ഇറങ്ങിയാൽ കഠിനാധ്വാവും കഷ്ടപ്പാടുമൊക്കെ എടുക്കേണ്ടി വരും. ഓരോ സാഹചര്യത്തിന് അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്നാണ് വൃന്ദയുടെ അഭിപ്രായം.

മാതാപിതാക്കളെന്ന നിലയിൽ വളരെ അധികം അഭിമാനം തോന്നുന്നുവെന്ന് ത്രീവീസ് ഇന്റർനാഷണലിന്റെ ചെയർമാനും ത്രീവീസ് സഹോദരിമാരുടെ അച്ഛനുമായ പ്രശാന്ത് ബോസ് പറഞ്ഞു. മൂന്ന് പെൺമക്കളുടെയും കഠിനാധ്വാനത്തിന്റെ വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അച്ഛനും അമ്മയും പൂർണ പിന്തുണയുമായി മൂന്നുപേർക്കൊപ്പവും സദാ സമയത്തും കൂടെയുണ്ട്.

2019ലാണ് വർഷ എംബിഎ പൂർത്തിയാക്കിയത്, അതിന് ശേഷമാണ് ത്രീവീസിന്റെ തുടക്കം. വിസ്മയ സിഎയുടെ പഠനത്തിലാണ്. വൃന്ദ ബിബിഎ പൂർത്തിയാക്കി, എംബിഎ പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്. സമീപഭാവിയില്‍ തന്നെ മലയാളി പെരുമ രാജ്യം കടത്താനുള്ള ശ്രമത്തിലാണ് മൂവരും. ത്രീവീസിന്റെ പ്രൊ​ഡക്ട് ആമസോണിലും വാട്സാപ്പ് ഓർഡറിലൂടെയും ലഭ്യമാണ്. വീട്ടിലെ ചെറിയ മുറിയില്‍ 2019ൽ പ്രവര്‍ത്തിച്ചു തുടങ്ങിയ കമ്പനിയുടെ പ്രൊഡക്ഷന്‍ യൂണിറ്റ് എറണാകുളത്ത് കളമശേരിയിലാണ്.