livestoriesonline

Online updates

കളിമണ്ണിൽ കൗതുകമൊരുക്കി ജിനു

SHARE

കളിമണ്ണ് കൊണ്ടുള്ള പൂച്ചട്ടികളും കറിചട്ടികളുമൊക്കെയാണ് കൂടുതലും നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ ഇത്തരം മൺചട്ടികളിൽ നിന്നൊക്കെ വളരെ വ്യത്യസ്തമാണ് മൂവാറ്റുപുഴ സ്വദേശിയായ ജിനുവിന്റെ വീട്ടുമുറ്റത്തെ മൺപാത്രങ്ങളുടെ ശേഖരം. പ്രതിമകളും ഓർക്കിഡ് ട്രീയും ബോധി വൃക്ഷത്തിന് ചുവട്ടിൽ ഇരിക്കുന്ന ബുദ്ധനും ഇങ്ങനെ നീളുന്നു ഇവിടുത്തെ കാഴ്ചകൾ.

ഇൻഡോർ ഉൾപ്പെടെ വെക്കാവുന്ന ചെടികൾക്ക് വേണ്ടിയുള്ള ചട്ടികളാണ് ഇവിടുത്തെ പ്രധാന ശേഖരങ്ങളിൽ ഒന്ന്. ഇതുകൂടാതെ വിവിധതരം പ്രതിമകളും ജിനുവിന്റെ ശേഖരത്തിൽ ഉണ്ട്. ബുദ്ധന്റെ വിവിധതരം പ്രതിമകൾക്ക് ആവശ്യക്കാർ ഏറെയാണെന്ന് അറിഞ്ഞതോടെ പലതരം വെറൈറ്റികൾ നിർമ്മിച്ച് വിൽപ്പനയ്ക്ക് എത്തിച്ചു. ബോധി വൃക്ഷത്തിന് ചുവട്ടിൽ ഇരിക്കുന്ന ബുദ്ധൻ കാഴ്ചക്കാരുടെ മനം കവരുന്നതാണ്. വെള്ളച്ചാട്ടം ഉൾപ്പെടെ ക്രമീകരിക്കാം എന്നതാണ് ഈ പ്രതിമയുടെ പ്രധാന സവിശേഷത. പല ഘട്ടങ്ങളിലായി നിർമ്മിക്കുന്ന പ്രതിമ ആയതുകൊണ്ട് തന്നെ ഇതിന് മുപ്പത്തയ്യായിരം രൂപ വിലയുണ്ട്.

ഒരുപാട് വെറൈറ്റികൾ ഉണ്ടെങ്കിലും ഇവിടെത്തന്നെ നിർമ്മിച്ചു നൽകുന്നതായതിനാൽ വില വളരെ കുറവാണെന്ന് ജിനു ചൂണ്ടിക്കാട്ടുന്നു. വിവിധതരം ചെടിച്ചട്ടികൾ തന്നെ ഇതിനുദാഹരണമാണ്. പതിനഞ്ച് ഓർക്കിഡുകൾ നട്ടുവളർത്താവുന്ന ഓർക്കിഡ് ട്രീയാണ് ചെടിച്ചട്ടികളിൽ തരം​ഗമായത്. ഓർക്കിഡുകൾ ചെടികൾക്ക് വേണ്ടി മാത്രം അറുപതോളം വ്യത്യസ്ത ഇനത്തിലുള്ള ചെടിച്ചട്ടികൾ ഇവിടെയുണ്ട്.

ഇൻഡോർ പ്ലാന്റുകൾ നട്ടു പിടിപ്പിക്കാവുന്ന തരത്തിൽ നൂറോളം ചട്ടികൾ ഇവിടെ ലഭിക്കും. സാധാരണ പലയിടത്തും സെറാമിക് ഉപയോഗിച്ചുകൊണ്ടുള്ള ചട്ടിയാണെങ്കിൽ ഇവിടെയുള്ളത് പൂർണമായും കളിമൺ ഉപയോഗിച്ചുള്ള ചട്ടികളാണ്. അവ പല ഘട്ടങ്ങളിലായി സംസ്കരിച്ചെടുക്കുന്നതിനാൽ തന്നെ മികച്ച ഗുണമേന്മയും ജിനു ഉറപ്പു നൽകുന്നു.

കളിമണ്ണിൽ തീർത്ത ആനയാണ് മറ്റൊരു സവിശേഷമായ പ്രതിമ. പൂന്തോട്ടം അലങ്കരിക്കാനും വീടിനുള്ളിൽ വെക്കാനുമൊക്കെയുള്ള വിവിധതരം ആനകൾ ഇവിടെയുണ്ട്. ഇരുപത്തിഅയ്യായിരം രൂപ വരെ വിലയുള്ള ആനകൾ ഈ ശേഖരത്തിൽ ഉണ്ട്. പുറത്തു മാർക്കറ്റിൽ സമാനമായത് ലഭിക്കില്ല എന്നാണ് ജിനു ചൂണ്ടിക്കാട്ടുന്നത്.

പലതും നിർമ്മിച്ചു കഴിഞ്ഞാൽ കൈകൊണ്ട് അലങ്കാര പണികൾ ചെയ്യുന്നതുകൊണ്ടുതന്നെ ഇവിടെ മാത്രമായി ഉള്ള ഉൽപ്പന്നങ്ങൾ ആയി മാറുന്നു. വീടിനുള്ളിൽ വെള്ളച്ചാട്ടങ്ങൾ ക്രമീകരിക്കാവുന്ന തരത്തിൽ ഉള്ള കളിമൺ നിർമിതികളും ഇവിടെയുണ്ട്. കളിമണ്ണ് കൊണ്ടാണ് പൂർണമായ നിർമ്മാണം എങ്കിലും കണ്ടാൽ ഇവയെല്ലാം കല്ലാണെന്നു തോന്നിക്കും.

അൻപത് രൂപ മുതൽ ഇവിടെയുള്ള നിർമിതികൾ ആർക്കും സ്വന്തമാക്കാം എന്നതാണ് ഇവിടുത്തെ പ്രധാന സവിശേഷത. സാമ്പത്തികമായി ഏത് ശ്രേണിയിലുള്ളവർക്കും ഇവിടെയെത്തി സാധനം വാങ്ങി മടങ്ങാം എന്നതാണ് സ്ഥാപനത്തിന്റെ പ്രത്യേകതയായി ജിനു ചൂണ്ടിക്കാട്ടുന്നത്. വീടുകൾക്ക് വേണ്ടി മാത്രമല്ല ഓഫീസുകൾക്ക് വേണ്ടിയുള്ള കളിമൺ ഉൽപ്പന്നങ്ങളും ഇവിടെയുണ്ട്. നിർമ്മാണത്തിലെ പ്രത്യേകതകൾ അനുസരിച്ചാണ് ഓരോ ഉൽപ്പന്നങ്ങളുടെയും വില. ഗുജറാത്തിൽ നിന്ന് നേരിട്ട് എത്തിക്കുന്ന ഭരണികളുടെ വൈവിധ്യങ്ങളും ഇവിടെയുണ്ട്.

ജിനുവിന്റെ നിർമ്മാണശാലയും വ്യത്യസ്തമായ കൗതുക കാഴ്ചയാണ്. മെഷീനുകൾ ഒഴിവാക്കി പൂർണമായും കൈ കൊണ്ടാണ് നിർമ്മാണങ്ങളെല്ലാം. വർഷങ്ങളായി പ്രവർത്തിക്കുന്ന അഞ്ചുപേരാണ് കളിമൺ നിർമ്മാണ ശാലയിലെ പ്രധാന ജോലിക്കാർ. എട്ടുദിവസം ചൂളയിൽ അടുക്കി വെച്ചാണ് ഇവയെല്ലാം ചുട്ടെടുക്കുന്നത്. ഏഴു ദിവസം പുകയിൽ വെച്ചശേഷം എട്ടാം ദിവസം തീയിട്ടാണ് ഇവയുടെ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കുന്നത്. ബാംഗ്ലൂരിൽ നിന്നാണ് ഇവിടെക്കാവശ്യമായ മണ്ണ് കൊണ്ടുവരുന്നത്.

കഴിഞ്ഞ 11 വർഷമായി ഈ മേഖലയിലെ സജീവ സാന്നിധ്യമാണ് ജിനു. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ എല്ലാവർക്കും നൽകാൻ കഴിയാത്ത സ്ഥിതിയിലേക്ക് ജിനുവിന്റെ ഈ സംരംഭം എത്തിയിട്ടുണ്ട്. പ്രകൃതിയിലേക്ക് മടങ്ങണം എന്ന പാഠമാണ് ജിനു സമൂഹത്തോട് പങ്കുവയ്ക്കുന്നത്.