livestoriesonline

Online updates

പച്ചക്കറികൾ വാങ്ങാൻ മാർക്കറ്റിൽ പോകേണ്ട; എല്ലാം രൂപയുടെ ടെറസ്സിലുണ്ട്

SHARE

എല്ലാദിവസവും വീട്ടാവശ്യത്തിനുള്ള മുട്ടയും മീനും ഇറച്ചിയും പഴങ്ങളും പച്ചക്കറികളുമൊക്കെ മാർക്കറ്റിൽ പോകാതെ വീട്ടിൽ തന്നെ കിട്ടുന്നു. അങ്ങനെ ചിന്തിക്കാൻ കുറച്ച് പ്രയാസമായിരിക്കും. എറണാകുളം തേവയ്ക്കലിൽ വർഷം മുഴുവൻ വീട്ടാവശ്യത്തിനുള്ളതെല്ലാം ടെറസ്സിലും മുറ്റത്തും കൃഷി ചെയ്തുണ്ടാക്കുന്ന ഒരു കിളിവീടുണ്ട്. വീട്ടിലേക്ക് ചെല്ലുമ്പോൾതന്നെ ചെടികളെല്ലാം നിറയെ പൂത്തും കായ്ചും നിൽക്കുന്ന കാഴ്ച മനസിന് ഒരു സന്തോഷമാണ്. ജോലിയുപേക്ഷിച്ച് കൃഷിയിലേക്ക് തിരിഞ്ഞ രൂപ ജോസിന്റെ കഠിനാധ്വാനും കൃഷിയോടുള്ള ആത്മാർത്ഥതയുമാണ് നമുക്കിവിടെ കാണാൻ കഴിയുന്നത്.

സാധനങ്ങൾ വാങ്ങുന്നതിനായി മാർക്കറ്റിലേക്ക് ഓടേണ്ട ആവശ്യമില്ല. വർഷം മുഴുവൻ പഴങ്ങളും പച്ചക്കറികളും ലഭിക്കുന്ന വിധത്തിലാണ് ചെടികളുടെ ക്രമീകരണം. കൃഷി ചെയ്യാനുള്ള മനസ്സുണ്ടെങ്കിലേ ഇതൊക്കെ സാധ്യമാകൂയെന്ന് രൂപ ജോസ് പറയുന്നു. അടുത്തടുത്ത് വീടുകളും മതിലുകളുമൊക്കെ ഉള്ളതിനാൽ പരാഗണം പണ്ടെത്തേപ്പോലെ എളുപ്പം സാധ്യമല്ല. അതുകൊണ്ട് പരാഗണത്തിനായി പ്രാണികളെ ആകർഷിക്കാനായി തോട്ടത്തിൽ മഞ്ഞനിറത്തിലുള്ള പൂക്കളുള്ള ചെടികളും നട്ടുവളർത്തുന്നുണ്ട്. എട്ടുതരത്തിലുള്ള കൃഷിരീതികൾ ഇവിടെ പരീക്ഷിച്ചിരിക്കുന്നു.

ഹൈഡ്രോപോണിക്സ് രീതിയിലും വീട്ടിലേക്കാവശ്യമായ ഇലച്ചെടികളും നട്ടുവളർത്തുന്നു. മണ്ണിൽ കൃഷി ചെയ്യുമ്പോൾ ഇലച്ചെടികൾക്ക് കീടങ്ങളുടെ ശല്യം കൂടുതലായുണ്ട്. ചീരകളൊക്കെ ഇതുപോലെ കൃഷി ചെയ്താൽ മഴക്കാലമൊന്നും ഒരു പ്രശ്നമല്ല. സ്റ്റാൻഡിന് ചുവട്ടിലായി ഘടിപ്പിച്ചിരിക്കുന്ന ടാങ്കിൽ നിന്ന് പമ്പ് വഴിയാണ് ചെടിികൾക്കാവശ്യമായ വെള്ളവും വളവും ലഭിക്കുന്നത്. വേരുകൾക്ക് വളർച്ച കൂടുന്നതിന് അനുസരിച്ച് അവ മുറിച്ച് കൊടുക്കേണ്ടതാണ്.

തിരി നനകൊണ്ട് വളരുന്ന പച്ചക്കറികളും ഇവിടെയുണ്ട്. ഗ്രാബാഗിന്റെ അടിയിലുള്ള പാത്രത്തിൽ നിന്നാണ് വെള്ളവും വളമുമൊക്കെ ചെടി ആഗിരണം ചെയ്യുന്നത്. അതുകൂടാതെ ‍‍ഡ്രമ്മികളിലും കൃഷി ചെയ്യുന്നുണ്ട്. പഴച്ചെടികളെല്ലാം തന്നെ ഡ്രമ്മുകളിലാണ് കൃഷി ചെയ്തിരിക്കുന്നത്. ഡ്രാഗൻഫ്രൂട്ട്, ആകാശവെള്ളരി, അഗത്തിചീര, സ്റ്റാർഫ്രൂട്ട്, കസ്തൂരി മഞ്ഞൾ, കാബേജ്, കോളിഫ്ലവർ, ബ്രൊക്കോളി, പൊന്നാങ്കണ്ണിച്ചീര, മാവ്, സപ്പോട്ട എന്നീങ്ങനെ പോകുന്നു കൃഷികൾ.

ഏതു രീതിയിലുള്ള കൃഷി രീതികൊണ്ടാണോ കൂടുതൽ വിളവ് ലഭിക്കുന്നത്, ആ കൃഷിരീതിയാണ് കൂടുതലായും പിൻതുടരുന്നത്. ടെറസ്സിലേക്ക് പോകുന്ന കോണിപ്പടികളിലും ചെടിച്ചട്ടികൾ വെച്ചിട്ടുണ്ട്. വീടിനോടുചേർന്നുള്ള മുറ്റത്തും ചീരയും കോവലുമൊക്കെ പടർന്നു പന്തലിച്ചു നിൽക്കുന്നു. വ്യത്യസ്ത തരത്തിലുള്ള മുളകുകൾ, ചീരകൾ, തുളസികൾ എന്നിവയൊക്കെയാണ് കൂടുതലായുള്ളത്. സോഫ്റ്റ് വെയർ എഞ്ചിനീയറായ ഭർത്താവ് ജിമ്മി ജോസും മക്കളായ റെയ്നയും റിയയും പൂർണപിന്തുണയുമായി രൂപയക്കൊപ്പമുണ്ട്.

രൂപാ ജോസിന്റെ പച്ചക്കറി തോട്ടത്തെക്കുറിച്ച് കൂടുതലറിയാൻ വിളിക്കേണ്ട നമ്പർ: +91 98959 64957