livestoriesonline

Online updates

ടെറസ്സിൽ കൃഷി ചെയ്ത് കാൻസറിനെ തോൽപിച്ച വീട്ടമ്മ

SHARE

മായയുടെ മട്ടുപ്പാവ് നിറയെ ബ്രൊക്കോളി, റോസ്മേരി, ലെറ്റ്യൂസ്, ചൈനീസ് കാബേജ്, ചെറി തക്കാളി തുടങ്ങിയ വമ്പന്മാരാണ്, പേരും മട്ടും ഭാവവും കണ്ട് ഇതൽപം ഹൈടെക് ആണോ എന്ന് തെറ്റിദ്ധരിക്കേണ്ട. തന്റെ വീടിന്റെ കൊച്ചു മട്ടുപ്പാവിൽ നാടൻ കൃഷിയിലൂടെ വിളഞ്ഞ ഫലങ്ങളാണ് ഇതെല്ലാം. സം​ഗതി നാടൻ കൃഷിയൊക്കെ ആണെങ്കിലും മായ എന്തു നട്ടാലും നിറയെ വിളവാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ കുലകുത്തി കായ്ക്കും.

കുറച്ചു വർഷങ്ങൾക്ക് മുൻപ് തന്നെ ബാധിച്ച അർബുധ രോ​ഗത്തെ തുരത്താൻ വേണ്ടി ഡോക്ടർമാർ നിർദ്ദേശിച്ചപ്പോഴാണ് സ്വന്തമായി ഉൽപാദിപ്പിക്കുന്ന വിഷമില്ലാത്ത ഭക്ഷണം കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മായ ചിന്തിച്ച് തുടങ്ങിയത്. പത്തു സെന്റിൽ വീടും കിണറും പശുതൊഴുത്തും കഴിഞ്ഞുള്ള ബാക്കി സ്ഥലത്ത് എന്ത് കൃഷി ചെയ്യാനാണ് എന്ന് എല്ലാവരും ചിന്തിച്ചപ്പോൾ, പിന്നോട്ട് പോകാൻ മായ ശ്രമിച്ചില്ല. പകരം തന്റെ കുഞ്ഞുടെറസ്സിലേക്ക് ഏണി വെച്ച് ഒരു കുട്ട മണ്ണുമായി കയറുകയാണ് ചെയ്തത്. ഇന്നിപ്പോൾ മായയുടെ മട്ടുപ്പാവ് കണ്ടാൽ ആരുമൊന്ന് അമ്പരക്കും. കാരണം ഇവിടെ ഇല്ലാത്തത് ഒന്നുമില്ല. മുറം നിറയെ പച്ചക്കറികളും പറിച്ച് മട്ടുപ്പാവിലേക്ക് ചാരി വെച്ച ഏണി ഇറങ്ങുമ്പോൾ ചിരിച്ചുകൊണ്ട് മായ പറയുന്നതിങ്ങനെയാണ് കുറച്ചൊന്ന് ശ്രമിച്ചാൽ ആർക്കും വിളയിക്കാം ഇതിനും അപ്പുറം. മണ്ണിലല്ല, മനസിലാണ് കൃഷി ചെയ്യണ്ടത്.

ചെറുതായിട്ട് ഒന്നു മെനെക്കെട്ടു കഴിഞ്ഞാൽ നല്ല ഭക്ഷണം കഴിക്കാം എന്നു പറയുന്ന മായയുടെ ടെറസ്സിൽ തക്കാളി, പച്ചമുളക്, കാന്താരി, കാബേജ്, ബ്രൊക്കോളി, റോസ്മേരി, വഴുതന, അമരപ്പയർ, വെണ്ടക്ക, മുരിങ്ങക്കായ, കോവക്ക, ചെറിയുള്ളി, സവോള, ചീര, പൊന്നാങ്കണ്ണി ചീര,സാമ്പാർ ചീര, പേരക്ക, ഡ്രാ​ഗൻഫ്രൂട്ട്, കപ്പ, ചേന, എന്നിങ്ങനെ നീളുന്നു കൃഷികൾ.

അഞ്ചു വർഷത്തിലേറെയായി കടയിൽ നിന്നും പച്ചക്കറികളൊക്കെ വാങ്ങിയിട്ട്. ഇപ്പോൾ ആവശ്യം കഴിഞ്ഞ് ബാക്കി വരുന്ന പച്ചക്കറികളൊക്കെ കടയിലേക്ക് വിൽക്കുന്നുമുണ്ട്. വർഷം 25 കിലോ വരെ മുരിങ്ങക്കാ കിട്ടുന്ന വലിയൊരു മുരിങ്ങ മരവും ഇവിടെയുണ്ട്. നഴ്സറികളിൽ നിന്നും വാങ്ങുന്ന തൈകളാണ് പ്രധാനമായും കൃഷിക്ക് ഉപയോ​ഗിക്കുന്നത്. ചാണകപ്പൊടിയും കരിയിലയും കോഴിവളവും കുമ്മായവും മണ്ണിൽ യോജിപ്പിച്ചാണ് നടീൽ മിശ്രിതം തയ്യാറാക്കുന്നത്. വെള്ളീച്ചയെ തുരത്താനായി പുകയിലക്കഷായം ഉപയോ​ഗിക്കുന്നു.

അസുഖത്തിന്റെ ഇടയിലും ഓടി നടന്ന് കൃഷി ചെയ്യുന്ന മായക്ക് മുഴുവൻ സപ്പോർട്ടുമായി ​ഗായകനായ ഭർത്താവ് രാജേന്ദ്രനും മക്കളും കൂടെയുണ്ട്. ഇതിനൊക്കെ പുറമെ പ്രകൃതിദത്തമായി നിർമ്മിക്കുന്ന സോപ്പും മുടിവളരാനുള്ള കാച്ചിയ എണ്ണയും ഷാംപുവിന് പകരമായി ഉപയോ​ഗിക്കുന്ന സോപ്പും ആവശ്യക്കാർക്ക് തയ്യാറാക്കി നൽകുന്നു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ തൃക്കളത്തൂരിലാണ് മായയുടെ വീട് സ്ഥിതി ചെയ്യുന്നത്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 75598 51526