livestoriesonline

Online updates

ബിസിനസ് തിരക്കുകൾക്കിടയിലും കൃഷിയിൽ നൂറുമേനി

SHARE

രാവിലെ സഞ്ചിയുമായി വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് അല്ല ബിസിനസുകാരനായ ജോസ് പോകുന്നത്. അതിനുപകരം സ്വന്തം വീട്ടുവളപ്പിലേക്കാണ്. ഒന്നു കറങ്ങിയാൽ വീട്ടിലേക്കാവശ്യമുള്ള പച്ചക്കറിയും മുട്ടയും മീനും പാലും തുടങ്ങി തേൻ വരെ ലഭിക്കും. വീടിനോട് ചേർന്ന് ഒരുക്കിയിരിക്കുന്ന മഴമറയിൽ പയറും പാവലും മത്തനുമൊക്കെ കായ്ചു നിൽക്കുന്ന കാഴ്ച ആരെയും ആകർഷിക്കും. വാണിജ്യാവശ്യത്തിനായി ജാതിയും കുരുമുളകും കൃഷി ചെയ്യുന്നതിനു പുറമെയാണ് സ്വന്തം വീട്ടാവശ്യത്തിനുള്ളതെല്ലാം വീട്ടുവളപ്പിൽ കൃഷിചെയ്യുന്നത്. ജലസേചനത്തിനായുള്ള കുളത്തിൽ മീൻ കൃഷിയും ചെയ്യുന്നുണ്ട്.

എറണാകുളം ജില്ലയിലെ പട്ടിമറ്റം സ്വദേശിയായ ജോസ് ഇരുപത്തിയഞ്ച് വർഷത്തിലധികമായിബിസിനസ്സിനോടൊപ്പം കൃഷിയും ആരംഭിച്ചിട്ട്. മണ്ണിനെ സ്നേഹിക്കുന്ന ജോസിന് ബിസിനസ്സിലേക്കാൾ ഏറെയിഷ്ടം കൃഷിയോടാണ്. വീടിനോട് ചേർന്നുള്ള മൂന്ന് ഏക്കറോളം സ്ഥലത്താണ് കൃഷി. പറമ്പിൽ ആയിരത്തോളം കമുകും അതിൽ കുരുമുളകും നൂറ്റിമുപ്പതോളം കായ്ചു നിൽക്കുന്ന ജാതിയും നാൽപതിലധികം റംബൂട്ടാൻ മരങ്ങളും വാണിജ്യാടിസ്ഥാനത്തിൽ ക‍ൃഷി ചെയ്യുന്നു. ഇവയ്ക്ക് പുറമേ വീട്ടാവശ്യത്തിനുള്ള വിവിധങ്ങളായ അൻപതോളം പഴച്ചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്.

രാവിടെ അഞ്ചു മണിക്ക് എഴുന്നേൽക്കുന്ന ജോസ് ആദ്യം കുളങ്ങളിലുള്ള മീനുകൾക്ക് തീറ്റകൊടുക്കും. അതിനുശേഷമാണ് പറമ്പിലേക്ക് ഇറങ്ങുന്നത്. ലാഭകരമായി കൃഷി ചെയ്യുന്ന ജോസിന്റെ കൃഷി രീതികൾക്കുമുണ്ടൊരു പ്രത്യേകത. ജോലിക്കാർ അധികമായി വരുന്ന കൃഷികളായ ചേന, ചേമ്പ്, വാഴ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ കൃഷികൾ വാണിജ്യപരമായി കൃഷി ചെയ്യാതെ വീട്ടാവശ്യത്തിന് മാത്രമാക്കി.

സംരക്ഷണം എളുപ്പമുള്ളതും ദീർഘകാല വിളവ് ലഭിക്കുന്ന കമുകും ജാതിയും റംബൂട്ടാനും തുടങ്ങിയ നാണ്യവിളകാളാണ് വാണിജ്യപരമായി ഇപ്പോൾ കൃഷി ചെയ്യുന്നത്. സമ്പൂർണ്ണമായി ജൈവകൃഷിയാണ് തോട്ടത്തിൽ ചെയ്യാറുള്ളത്. ഒരു തരി രാസവളം പോലും കൃഷിക്കായി ഉപയോ​ഗിക്കുന്നില്ല. പറമ്പിലുള്ള ചപ്പും ചവറും കരിയിലയുമാണ് പ്രധാനമായും ഉപയോ​ഗിക്കുന്നത്. ഇതിനായി വലിയൊരു മണ്ണിര കമ്പോസ്റ്റും വീട്ടുവളപ്പിൽ ഉണ്ടാക്കിയിട്ടുണ്ട്.

പറമ്പിൽ നിന്ന് കിട്ടുന്ന ചപ്പും ചവറും കരിയിലയുമെല്ലാം ഇതിൽ നിക്ഷേപിച്ച് ഇതിൽ നിന്നും മികച്ച രീതിയിലുള്ള മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കിയെടുക്കുന്നു. മുൻപ് വലിയ രീതിയിൽ ചാണകവും മറ്റുമാണ് കൃഷിക്ക് ഉപയോ​ഗിച്ചിരുന്നത്. എന്നാൽ ചിലവ് കൂടുതലും ലഭ്യതക്കുറവും മൂലം അതിനു ബദലായി ഇപ്പോൾ കോഴിവളമാണ് പ്രധാനമായും ഉപയോ​ഗിക്കുന്നത്. വിലക്കുറവും കിട്ടാനുള്ള ലഭ്യതയും കണക്കിലെടുത്താണ് ഇപ്പോൾ കോഴിവളം ഉപയോ​ഗിക്കുന്നത്. കോഴിക്കാഷ്ടം ഈയം ലായനി തളിച്ച് മാസങ്ങളോളം മൂടിയിട്ട് ദുർ​ഗന്ധം ഒഴിവാക്കിയതിന് ശേഷമാണ് ഉപയോ​ഗിക്കുന്നത്.

നനയ്ക്കുന്നതിനായി പറമ്പിൽ മുഴുവൻ തുള്ളിനന സംവിധാനം ഒരുക്കിയിട്ടുണ്ട്. രാവിലെ സ്വിച്ച് ഓൺ ചെയ്ത് നനയ്ക്കൽ ആരംഭിക്കും. ഈ രീതിയിൽ പരമാവധി കൃത്യതയോടെ ചിലവുകുറച്ചാണ് ജോസിന്റെ കൃഷി രീതികൾ. കൃഷിക്കാർ ഇത്തരം രീതികൾ പരീക്ഷിച്ചാൽ മികച്ചവിളവും കൃഷിയിൽ ലാഭവും നേടാൻ സാധിക്കുമെന്നാണ് ജോസിന്റെ അഭിപ്രായം.

വീടിനോട് ചേർന്ന് വലിയൊരു കുളമാണ് ഈ കൃഷിയിടത്തിലെ പ്രധാന ആകർഷണം. സ്വിമ്മിം​ഗ് പൂളിനെ വെല്ലുന്ന രീതിയിൽ കുളിക്കാൻ വരെ ഇതിൽ സാധിക്കും. ചുറ്റും മതിലും പടികളൊക്കെ കെട്ടിയുണ്ടാക്കി മനോ​ഹരമാക്കിയിട്ടുണ്ട്. ഇതിൽ ജയന്റ് ​ഗൗരാമി ഇനത്തിൽപ്പെട്ട മീനുകളെയാണ് പ്രധാനമായും വളർത്തുന്നത്. മൾബറിയിലയും ചേമ്പിലയുമൊക്കെയാണ് മീനിന്റെ പ്രധാന ഭക്ഷണം. മൂന്നേക്കറിലെ കൃഷിക്കാവശ്യമായ മുഴുവൻ ജലവും ഈ കുളത്തിൽ നിന്നാണ് എടുക്കുന്നത്.

കൃഷിയില്ലാതെ മനുഷ്യന് നിലനിൽപ്പില്ലെന്ന് അഭിപ്രായമുള്ള ജോസ്, ബിസിനസിനൊടൊപ്പമോ അല്ലെങ്കിൽ മറ്റ് ജോലിക്കൊപ്പമോ കൃഷിയും കൂടി വേണമെന്നാണ് പറയുന്നത്.