livestoriesonline

Online updates

കോടികൾ ‘സഞ്ചി’യിലാക്കി ആതിരയും സഫറും

SHARE

‘ആളുകൾ പറഞ്ഞു പരത്തിയിരുന്നത് അവന് എന്തോ കവർ കച്ചവടം ആയിരുന്നു എന്നാണ്, അങ്ങനെ പല കല്യാണ ആലോചനകളും മുടങ്ങി പോയിട്ടുണ്ട്’. പത്തു വർഷത്തിനുശേഷം ഒരു കാലം ഓർത്തെടുക്കുകയാണ് തിരുവനന്തപുരത്തെ സഞ്ചി ബാഗ്സ് ഉടമയായ സഫർ. അതേ ആളുകളെക്കൊണ്ട് ഇന്ന് മാറ്റിപ്പറയിച്ച ചരിത്രമാണ് സഫറും ജീവിതസഖിയായ ആതിരയും ലൈവ് സ്റ്റോറീസിനോട് പറയുന്നത്.

പത്തുവർഷം മുൻപാണ് സഫറും ആതിരയും പുതിയ സംരംഭത്തിന് തുടക്കമിട്ടത്. തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയിലായിരുന്നു ആദ്യത്തെ കച്ചവടം. ആദ്യം കൊണ്ടുവന്ന ഇരുന്നൂറോളം ബാഗുകൾ ഒറ്റ മണിക്കൂർ കൊണ്ട് വിറ്റ് തീർന്നതോടെ തുടക്കം ഗംഭീരമായി. പിന്നീട് ഇങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്ന് സഫർ പറയുന്നു.

പ്രകൃതിക്ക് അനുയോജ്യമായ ബാഗുകളാണ് സഞ്ചി ബാഗ്സ് എന്ന പേരിൽ അറിയപ്പെടുന്ന സംരംഭത്തിലൂടെ ആതിരയും സഫറും മുന്നോട്ട് വെക്കുന്നത്. ബാഗുകൾ കൂടാതെ പേപ്പർ പേനകൾ, ഫയലുകൾ, ഐഡി കാർഡുകൾ, നോട്ട് പാഡ്, പഴയ തുണികൾ കൊണ്ട് ഉള്ള ബാഗുകൾ അങ്ങനെ ഉൽപ്പന്നങ്ങളുടെ നിര നീണ്ടുനിൽക്കുന്നു.

ഗുണനിലവാരമാണ് തങ്ങളുടെ ബാഗുകളുടെ പ്രധാന സവിശേഷത എന്ന് സഫറും ആതിരയും പറയുന്നു. വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലാണ് ബാ​ഗുകളുടെ നിർമ്മാണ രീതി. ഏതാണ്ട് 150 രൂപ മുതൽ ആയിരം രൂപ വരെ വിലയുള്ള ബാഗുകളാണ് സഞ്ചി ബാഗ്സ് നിർമ്മിച്ച് നൽകുന്നത്. ഒരു കോടിയിൽ അധികം ബാ​ഗുകൾ വിറ്റ് ആണ് ഈ സഞ്ചി കച്ചവടക്കാർ പുതിയ ചരിത്രമെഴുതിയത്.

വിവിധ വലിപ്പങ്ങളിലും വ്യത്യസ്ത ഡിസൈനുകളിലും ബാഗുകൾ നിർമ്മിക്കുന്നുണ്ട്. പല നിറങ്ങളിൽ ആവശ്യക്കാരുടെ മനം കവരുന്നതാണ് ഓരോ ബാഗുകളും. തുണികൾ തയ്ക്കുമ്പോൾ ബാക്കി വരുന്നത് ഉപയോഗിച്ചും ബാഗുകൾ നിർമ്മിക്കുന്നു. ഒന്നും വേസ്റ്റ് ആക്കരുത് എന്നാണ് ഇവരുടെ പോളിസി. അങ്ങനെ ഉണ്ടാക്കുന്ന പല ബാഗുകൾക്കും ഒറ്റ പീസുകൾ മാത്രമാണുള്ളതെന്നും ആതിര ഓർമ്മിപ്പിക്കുന്നു.

ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ചും ബജറ്റിനനുസരിച്ചും ബാഗുകൾ നിർമ്മിച്ചു നൽകാറുണ്ട്. പലർക്കും ഇഷ്ടപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടെ പ്രിന്റ് ചെയ്തും വരച്ചുമൊക്കെ ബാഗുകൾ നൽകുന്നതായി ആതിര പറഞ്ഞു. കേവലം എക്കോ ഫ്രണ്ട്ലി എന്നു മാത്രം പറഞ്ഞാൽ പോര സഞ്ചി ബാഗ്സിന്റെ ഉൽപ്പന്നങ്ങൾ. കോസ്റ്റ് എഫക്റ്റീവ് എന്ന നിലയിൽ കുറഞ്ഞ തുകയ്ക്ക് ഇവയെല്ലാം കിട്ടുന്നു എന്നാണ് ഇവർ ഓർമ്മിപ്പിക്കുന്നത്. ഏതുതരം ബാഗ് വേണമെന്ന് ആവശ്യപ്പെട്ടാലും അതിനെല്ലാം ഉത്തരം സഞ്ചി ബാഗ്സിൽ ഉണ്ടെന്ന് ആതിര ഉറപ്പ് പറയുന്നു.

ബാഗുകളിൽ മാത്രമല്ല മറ്റു വ്യത്യസ്തമായ ഉൽപ്പന്നങ്ങളും ഇവിടെയുണ്ട്. ഉപഭോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ച് നിർമ്മിച്ചു നൽകും. ആവശ്യക്കാർക്ക് വേണ്ട ബ്രാൻഡുകളുടെ പേരുകൾ ഉൾപ്പെടുത്തിയാണ് ഇവയൊക്കെ നിർമ്മിച്ചു നൽകുന്നത്. ബാക്ക് പാക്ക് ഇനത്തിൽപ്പെട്ട ബാഗുകളിലും ഫയലുകളിലും ഒക്കെ ഇത്തരം വൈവിധ്യങ്ങൾ ഉണ്ട്. കേരളത്തിലെ വൻകിട സ്ഥാപനങ്ങൾ പലതും ഇതിനകം സഞ്ചി ബാഗ്സിന്റെ ഉപഭോക്താക്കളാണ്. ഇത്തരം സ്ഥാപനങ്ങൾ ആവശ്യപ്പെടുന്നത് അനുസരിച്ചാണ് കുറഞ്ഞ വിലയിൽ ബാഗുകൾ നിർമ്മിച്ചു നൽകുന്നത്.

കോളേജ് പഠനകാലത്ത് നാഷണൽ സർവീസ് സ്കീമിൽ പ്രവർത്തിച്ച കാലത്തെ അനുഭവമാണ് സഫറിനെ ഇങ്ങനെ ഒരു സംരംഭത്തിന് പ്രേരിപ്പിച്ചത്. പലയിടത്തും മാലിന്യങ്ങൾ വൃത്തിയാക്കി വീണ്ടും ഒരാഴ്ച കഴിഞ്ഞ് എത്തുമ്പോൾ അവിടെ പഴയ സ്ഥിതി തന്നെയാകും. അങ്ങനെയാണ് എക്കോ ഫ്രണ്ട്ലി എന്ന ചിന്ത മനസ്സിൽ വന്നത്. പണ്ടേ അങ്ങനെ സഞ്ചികളോട് താൽപര്യം വന്നതായി സഫർ പറയുന്നു. ഇതെവിടെ കിട്ടുമെന്ന് അന്വേഷിച്ചു നടന്ന കാലവും സഫർ ലൈവ് സ്റ്റോറീസിനോട് ഓർത്തെടുക്കുന്നു.

കോളേജ് പഠനകാലത്ത് പ്രവർത്തിച്ച സംഘടനയുടെ സമ്മേളനത്തിനുവേണ്ടി ബാഗ് നിർമ്മിച്ചു നൽകിയാണ് തുടക്കം. അന്ന് ഇത്തരം ബാഗുകൾ എവിടെ കിട്ടും എന്ന് അന്വേഷിച്ച് അവരിൽ നിന്ന് വാങ്ങി സമ്മേളനത്തിൽ നൽകിയതോടെ സംഗതി ഹിറ്റായി. നാട്ടിൽ ബാഗുകൾ തുന്നുന്ന ചേച്ചിമാരുടെ സഹകരണത്തോടെ പിന്നീട് പതുക്കെ സ്വന്തം സംരംഭം ആരംഭിക്കുകയായിരുന്നു. ഇന്ന് 40 ഓളം പേർക്ക് തൊഴിൽ നൽകുന്നുണ്ട്. ഏതായാലും വിജയ വഴിയിൽ നിൽക്കുന്ന സഞ്ചി ബാ​ഗ്സ് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സഫറും ആതിരയും.