livestoriesonline

Online updates

ചീര വിറ്റ് മാസം ലക്ഷങ്ങൾ വരുമാനം; ഇത് സുൽഫത്തിന്റെ വേറിട്ട കൃഷിയിടം

SHARE

പൊന്ന് കായ്കുന്ന ചീരയാണ് പൊന്നാങ്കണ്ണി ചീരയെങ്കിൽ സുൽഫത്തിന് ഇത് പണം കായ്ക്കുന്ന ചീരയാണ്. കേൾക്കുമ്പോൾ ആരുമൊന്ന് അതിശയിക്കും ഒരു ചീരയിൽ നിന്നും ഇത്രയധികം വരുമാനമോ? വർഷങ്ങളായി പൊന്നാങ്കണ്ണി ചീര തൈയായും ചീരയായും വിറ്റ് ലക്ഷങ്ങൾ വരുമാനം നേടുന്ന ഒരു സാധാരണ വീട്ടമ്മയായ സുൽഫത്ത് മൊയ്തീന്റെ വിജയകഥ ഇങ്ങനെയാണ്.

സുൽഫത്ത് സ്വന്തമായി കൃഷി ആരംഭിച്ചിട്ട് ഇരുപത്തിയേഴ് വർഷത്തോളമായി. വീട്ടാവശ്യത്തിനുള്ള പഴങ്ങളും പച്ചക്കറികളുമൊക്കെ കൃഷി ചെയ്തായിരുന്നു തുടക്കം. മുറ്റത്തും പറമ്പിലും മട്ടുപ്പാവിലുമായി ​ഗ്രോബാ​ഗിലും ​‍‍‍ഡ്രമ്മിലുമൊക്കായിരുന്നു കൃഷി. ഒരിക്കൽ ബിസിനസ്സ് ആവശ്യത്തിനായി ഭർത്താവ് തമിഴ്നാട്ടിൽ പോയി വന്നപ്പോൾ പൊന്നാങ്കണ്ണി ചീരയും കൊണ്ടുവന്നു. വിവിധ തരത്തിലുള്ള ചീരകൾ സംരക്ഷിക്കുന്ന സുൽഫത്ത് സാധാരണ ഒരു ചീര പോലെ തന്നെ പൊന്നാങ്കണ്ണിയും നട്ടുവളർത്തി.

യാദൃശ്ചികമായി ഒരു റേഡിയോ പരിപാടിക്കിടെ സുൽഫത്ത് തന്റെ കൈവശമുള്ള പൊന്നാങ്കണ്ണി ചീരയുടെ ​ഗുണങ്ങളെക്കുറിച്ച് പറഞ്ഞത് ആളുകൾ ഏറ്റെടുത്തു. പിന്നീട് ആളുകൾ തേടി നടന്ന പൊന്നാങ്കണ്ണി ചീര സുൽഫത്തിന്റെ കൈവശം ഉണ്ടെന്നറിഞ്ഞ് ദൂരദേശത്ത് നിന്നുപോലും വാങ്ങാൻ ഇവിടെയെത്തി. ഇപ്പോൾ കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലേക്ക് വരെ സുൽഫത്തിന്റെ പൊന്നാങ്കണ്ണി ചീരക്ക് വൻ ‍ഡിമാൻഡാണ്.

പൊന്നാങ്കണ്ണി ചീരപോലെ ഒരുപാട് ചെടികൾ നമുക്ക് ചുറ്റിലും ഉണ്ട്. എന്നാൽ അവയൊന്നും യഥാർത്ഥത്തിലുള്ള പൊന്നാങ്കണ്ണി ചീരകൾ അല്ലെന്നാണ് സുൽഫത്ത് പറയുന്നത്. വെയിലത്ത് നിൽക്കുന്ന ചെടികൾക്ക് നല്ല ചുമപ്പ് നിറവും തണലിൽ വളരുന്ന ചെടികൾക്ക് ചെറിയ ചുമപ്പും പച്ചയും കലർന്ന നിറവുമാണ്. പൊന്നാങ്കണ്ണി ചീരയിൽ വെളുത്ത നിറത്തിലുള്ള ചെറിയ പൂക്കൾ ഉണ്ടാകാറുണ്ട്. വെള്ളത്തിന്റെയും വളത്തിന്റെയും ലഭ്യതയ്ക്കനുസരിച്ച് ഇലകൾക്ക് വലിപ്പ വ്യത്യാസങ്ങളും ഉണ്ടാകാറുണ്ട്. തണ്ട് മുറിച്ച് നട്ടാണ് തൈകളുണ്ടാക്കുന്നത്. ഇളം തണ്ടുകളാണ് ഭക്ഷ്യാവശ്യത്തിനായി ഉപയോ​ഗിക്കുന്നത്. മൂപ്പെത്തിയ തണ്ടുകളാണ് നടാനുപയോ​ഗിക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ പൊന്നാങ്കണ്ണി ചീര തയ്യാറാക്കി എടുക്കാം. ഇളം തണ്ടുകൾക്കാണ് രുചിയും ഔഷധ​ഗുണവും കൂടുതൽ ഉള്ളത്.

മുപ്പത് വർഷങ്ങൾക്ക് മുൻപ് പൊന്നാങ്കണ്ണിചീര നമ്മുടെ നാട്ടിൽ വ്യാപകമായി ഉപയോ​ഗിച്ചിരുന്നതാണ്. ഇപ്പോൾ നിരവധി ആളുകളാണ് വീണ്ടും പൊന്നാങ്കണ്ണി ചീരയുടെ ​ഗുണങ്ങൾ മനസിലാക്കി ഉപയോ​ഗിക്കാൻ തുടങ്ങിയത്. ജീവിതസാഹര്യം മാറിയപ്പോൾ ആളുകൾക്കെല്ലാം പ്രധാനമായും കണ്ണുകൾക്കാണ് പ്രശ്നം. തുടർച്ചായുള്ള കമ്പ്യൂട്ടറിന്റേയും ഫോണിന്റേയും ടെലിവിഷന്റേയുമെല്ലാം ഉപയോ​ഗം കണ്ണുകളെ സാരമായി ബാധിക്കാൻ തുടങ്ങി. കാഴ്ച സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും അത്യുത്തമാണ് പൊന്നാങ്കണ്ണി ചീര ജ്യൂസ്.

വളരെ എളുപ്പത്തിൽ ആർക്കും നട്ടുവളർത്താവുന്ന ചെടിയാണ് പൊന്നാങ്കണ്ണി ചീര. ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമായി വളരുന്നതിനാൽ എല്ലാ സീസണിലും ചീര സുലഭമായി ലഭിക്കും. വെർട്ടിക്കൽ ​ഗാർഡനായിട്ടും ചീര നട്ടുവളർത്താം. ചെടിചട്ടികളിലും ​ഗ്രോബാ​ഗുകളിലുമെല്ലാം വളരുന്ന ചെടിയാണിത്. എല്ലാ വീടുകളിലും നട്ടുവളർത്തേണ്ട ഒരു ചീരയാണിത്. കാരണം ഔഷധ​ഗുണങ്ങളുടെ കാര്യത്തിൽ ഒന്നാമതാണ് ഈ ചീരയുടെ സ്ഥാനം.

കണ്ണ് സംബന്ധമായ എല്ലാ അസുഖങ്ങൾക്കും പൊന്നാങ്കണ്ണി ചീര ഉപയോ​ഗിക്കാം. ജ്യൂസ് ആയോ തോരനായോ ഉപയോ​ഗിക്കാം. രാവിലെ വെറും വയറ്റിലാണ് വെള്ളം ചേർത്ത് തയ്യാറാക്കിയ പൊന്നാങ്കണ്ണി ചീരയില ഉപയോ​ഗിച്ച് തയ്യാറാക്കിയ ജ്യൂസ് കുടിക്കേണ്ടത്. തോരനായിട്ട് ഉപയോഗിക്കുമ്പോൾ രുചി കൂട്ടാനായി തേങ്ങ ചിരകിയതും ഉള്ളിയും മുളകും മഞ്ഞൾപൊടിയും കറിവേപ്പിലയും എണ്ണയും ഉപ്പും ചേർത്ത് കഴിക്കുന്നതാണ് കൂടുതൽ ​ഗുണകരം. ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും അത്യുത്തമം ആണ്. ആവിയിൽ വേവിച്ചും പൊന്നാങ്കണ്ണി ഇല കഴിക്കാവുന്നതാണ്. ചോറിനും ചപ്പാത്തിക്കുമൊക്കെ കറിയായും ഇവ കഴിക്കാം.

വീട്ടിലേക്കാവശ്യമായ പഴങ്ങളും പച്ചക്കറികളുമെല്ലാം സുൽഫത്ത് കൃഷി ചെയ്തുണ്ടാക്കുന്നു. സീസൺ അനുസരിച്ച് എല്ലാ സമയങ്ങളിലും വിവിധതരത്തിലുള്ള പഴങ്ങളും പച്ചക്കറികളും ഇവിടെ വളരുന്നു. പ്ലാവ്, മാവ്, പലതരം ചാമ്പകൾ, റംബൂട്ടാൻ, മാം​ഗോസ്റ്റീൻ, വിവിധതരത്തിലുള്ള പേര, നാരകം, പപ്പായ, കിഴങ്ങു വർ​ഗങ്ങളായ കപ്പ, ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കാച്ചിൽ, പച്ചക്കറികൾക്കായി പലതരം ചീരകൾ, പച്ചമുളക്, തക്കാളി, കാബേജ്, കോളിഫ്ലവർ എന്നിവയുമുണ്ട്. ഇവയ്ക്ക് പുറമേ ഔഷധച്ചെടികളും നട്ടു പരിപാലിക്കുന്നുണ്ട്. വീട്ടാവശ്യത്തിനുള്ളത് എടുത്ത ശേഷം ബാക്കി വരുന്നത് വിൽപനയുമുണ്ട്.

27 വർഷത്തോളമായി സുൽഫത്ത് കൃഷി തുടങ്ങിയിട്ട്. എറണാകുളം ജില്ലയിലെ എടവനക്കാടാണ് സുൽഫത്ത് മൊയ്തീന്റെ വീട്. കൃഷിക്ക് പുറമേ ക്ലാസുകളും നൽകുന്നുണ്ട്. മട്ടുപ്പാവ് കൃഷിക്ക് സംസ്ഥാന സർക്കരിന്റെ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ബ്ലോക്ക് തലത്തിലും ജില്ലാതലത്തിലും ഒക്കെയായി 42 ഓളം അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്.

പൊന്നാങ്കണ്ണിചീര അന്വേഷിച്ച് നിരവധി ആളുകളാണ് ദിവസവും ഇവിടെ എത്തുന്നത്. കണ്ണിന് കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിനു പുറമേ മൂലക്കുരു, കൈ-കാൽ മരവിപ്പ് തുടങ്ങിയ നിരവധി അസുഖങ്ങൾക്കും പൊന്നാങ്കണ്ണിച്ചീര ഉപയോ​ഗിക്കാറുണ്ട്. 48 ദിവസം തുടർച്ചയായി കഴിച്ചാൽ ഷു​ഗർ വന്ന് കാഴ്ച ശക്തി കുറഞ്ഞവർക്ക് കാഴ്ച തിരികെ ലഭിക്കുമെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. കാഴ്ച ശക്തി നഷ്ടപ്പെടുന്നവർക്ക് ഏറ്റവും നല്ല പ്രതിവിധിയാണ് പൊന്നാങ്കണ്ണി ജ്യൂസ്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: സുൽഫത്ത് – 94 00 58 93 43