livestoriesonline

Online updates

രാധികയുടെ സ്വന്തം പ്ലാന്റൂറാസ്

SHARE

മൾട്ടി നാഷണൽ കമ്പനിയിലെ എച്ച് ആർ മാനേജർ പദവിയിൽ നിന്ന് രാധിക ഒയ്യാരത്ത് എന്ന വനിത കൊച്ചിയിൽ കെട്ടിപ്പടുത്തത് പുതിയൊരു ലോകമാണ്. ബിസിനസിനോടും ചെടികളോടും ഉള്ള ഇഷ്ടം രാധികയെ നല്ലയൊരു സംരംഭക ആക്കി മാറ്റി. കൊച്ചിയിലെ ഒരു പരമ്പരാഗത വീട് ഇന്ന് ആരെയും അമ്പരപ്പിക്കുന്ന ഒരു പ്രധാന കേന്ദ്രമായി മാറിക്കഴിഞ്ഞു.

രാധികയുടെ ഈ സ്വപ്ന വീട് ഇന്നൊരു വീടല്ല, ആളുകളെ അത്ഭുതപ്പെടുത്തുന്ന ഒരുപാട് ഉൽപ്പന്നങ്ങളുടെ പ്രധാന വില്പന കേന്ദ്രമാണ് ഇവിടം. കൊച്ചിക്കാർക്ക് ഇതുവരെ ഇല്ലാത്ത ഒരു ലോകം സമ്മാനിക്കാൻ ആണ് തന്റെ സംരംഭത്തിന്റെ ലക്ഷ്യമെന്ന് രാധിക ലൈവ് സ്റ്റോറീസിനോട് പറഞ്ഞു. വീടിന്റെ ഓരോ മൂലയും ഓരോ ലോകമാണ്. പലതരം ഉൽപ്പന്നങ്ങളാണ് ഇവിടെ ആവശ്യക്കാരെ കാത്തിരിക്കുന്നത്.

സ്വന്തം മനസ്സിന്റെ ഇഷ്ടമനുസരിച്ച് സർഗാത്മകമായ പല ആവിഷ്കാരങ്ങളും ഇവിടെയുണ്ട്. ബുദ്ധനോടുള്ള തന്റെ അടങ്ങാത്ത ഇഷ്ടം രാധികയുടെ പ്ലാന്റൂറാസ് എന്ന വിപണന കേന്ദ്രത്തിൽ എത്തിയാൽ ഒറ്റനോട്ടത്തിൽ മനസ്സിലാകും. 1000 രൂപ മുതൽ 35,000 രൂപ വരെയുള്ള ബുദ്ധ പ്രതിമകൾ ഇവിടെ വിൽപ്പനയ്ക്കായി ഉണ്ട്. ഒറ്റക്കല്ലിൽ തീർത്ത ബുദ്ധന്റെ അപൂർവ പ്രതിമയും ഇവിടത്തെ പ്രത്യേകതയാണ്.

പ്രതിമകൾ മാത്രമല്ല ചെടികളും, നിലത്ത് പാകുന്ന കല്ലുകളും, തടിയിലും കല്ലിലും ലോഹത്തിലും തീർത്ത ഇരിപ്പിടങ്ങളും, അലങ്കാരവസ്തുക്കളും എല്ലാമായി വീടിനെ അലങ്കരിക്കാൻ വേണ്ടതെല്ലാം ഇവിടെ ഉണ്ട്. വീടിനുള്ളിൽ മാത്രമല്ല പുറത്തുവെക്കാനുള്ള വെർട്ടിക്കൽ ഗാർഡൻ ഉൾപ്പെടെയുള്ളവയുടെ മനോഹരമായ മാതൃകകളും ഇവിടെയുണ്ട്. കയറിൽ തീർത്ത വെർട്ടിക്കൽ ഗാർഡൻ മറ്റെവിടെയും ഇല്ലാത്ത ഒരു അപൂർവ മാതൃകയാണെന്ന് രാധിക ചൂണ്ടിക്കാട്ടുന്നു. മെറ്റൽ ആർട്ടുകളുടെയും കമനീയമായ ശേഖരം ഇവിടുത്തെ ഒരു പ്രത്യേകതയാണ്. ഇവയിൽ പലതും കൈകൊണ്ട് ഉണ്ടാക്കിയതാണ്.

എല്ലാ ഉൽപ്പന്നങ്ങളിലും സ്വന്തമായി ഒരു അടയാളപ്പെടുത്തൽ നടത്തിയാണ് രാധിക ജനങ്ങൾക്ക് മുന്നിൽ വിൽക്കാൻ വയ്ക്കുന്നത്. ബാംഗ്ലൂർ സ്റ്റോണുകൾ വൃത്താകൃതിയിൽ മുറിച്ച ശേഷം മെക്സിക്കൻ പുല്ലുകൾ പാകി ഉള്ള മാതൃകയ്ക്ക് ആവശ്യക്കാർ ഏറെയാണ്. എല്ലാം പ്രകൃതിക്ക് അനുകൂലമായവയാണ്.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം തീരെയില്ല എന്നത് ഇതിന്റെ ഉദാഹരണമായി രാധിക ചൂണ്ടിക്കാട്ടുന്നു. ആകെ ഒരേയൊരു മരം മാത്രമാണ് സ്ഥാപനത്തിന്റെ നിർമാണ സമയത്ത് മുറിച്ചു മാറ്റേണ്ടി വന്നത്. പരമാവധി പ്രകൃതിക്ക് അനുഗുണമായി എല്ലാം നിലനിർത്തിയിരിക്കുന്നു. വെട്ടുകല്ലിൽ തീർത്ത നടപ്പാതയും, കല്ലിൽ തീർത്ത വിളക്കുകളും, തുളസിത്തറയും എല്ലാം ഇവിടെയുണ്ട്. ആവശ്യക്കാരുടെ ഇഷ്ടത്തിനനുസരിച്ച് ഇവയെല്ലാം നിർമ്മിച്ചു നൽകാൻ തയ്യാറാണെന്ന് രാധിക പറയുന്നു.

മതിലുകൾക്ക് പകരം മുളകൾ നട്ടുവളർത്തി ഉള്ള മാതൃകകളും രാധികയുടെ ഈ അപൂർവ കേന്ദ്രത്തിൽ ഉണ്ട്. വീടിനുള്ളിലേക്ക് വേണ്ട ഇൻഡോർ പ്ലാന്റുകളുടെ അപൂർവ്വ ശേഖരവും ഇവിടെ ലഭിക്കും. ബോൺസായ് ഉൾപ്പെടെയുള്ള മരങ്ങളും ഇവിടെയുണ്ട്. പുതുതായി വീട് വെക്കുന്നവർക്ക് പല കടകൾ കയറി അലയേണ്ടി വരില്ല എന്ന് രാധിക ചൂണ്ടിക്കാട്ടുകയാണ്.

വീടിന്റെ അലങ്കാരത്തിന് വേണ്ടതുൾപ്പെടെ എല്ലാം കൊച്ചിയിലെ ഈ കുഞ്ഞു വീട്ടിലെത്തിയാൽ കിട്ടും. 50 രൂപ മുതൽ 50,000 രൂപ വരെയുള്ള സാധനങ്ങൾ ഇവിടെ ലഭിക്കും. ഒന്നിനും അമിത വിലയില്ല എന്നതാണ് സ്ഥാപനത്തിന്റെ പ്രത്യേകതയായി രാധിക ചൂണ്ടിക്കാട്ടുന്നത്. കേവലം വിപണന കേന്ദ്രം എന്നതിനപ്പുറം ഇവിടെ എത്തി വ്യത്യസ്തമായ അനുഭവം സമ്പാദിച്ച് മടങ്ങാം എന്നതും ഒരു പ്രത്യേകതയാണ്. ഏതായാലും സിനിമക്കാരുടെ പ്രധാനപ്പെട്ട ഒരു ലൊക്കേഷൻ ആയി കൂടി ഈ കേന്ദ്രം മാറിക്കഴിഞ്ഞു.