livestoriesonline

Online updates

64-ാം വയസ്സിലും വീട്ടമ്മയുടെ കഠിനാധ്വാനം; ടെറസ്സ് നിറയെ പഴച്ചെടികളും പച്ചക്കറിത്തോട്ടവും

SHARE

64-ാം വയസ്സിലും സുബൈദത്താക്ക് യാതൊരുവിധ ക്ഷീണവുമില്ല. നല്ല ചുറുചുറുക്കോടെ ഓടിനടന്ന് ടെറസ്സ് മുഴുവൻ കൃഷിചെയ്ത് വീട്ടിലേക്കാവശ്യമായ പഴങ്ങളും പച്ചക്കറികളുമെല്ലാം വിളവെടുക്കുന്നു. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലാണ് സുബൈദത്തായുടെ വീട്. ഈ വീടിന്റെ ടെറസ്സിലാണ് കൃഷിത്തോട്ടം. സ്വന്തമായുള്ള ഏഴുസെന്റ് നിർമ്മിച്ച വീടിന്റെ ടെറസ്സിൽ കഴിഞ്ഞ പത്തുവർഷമായി കൃഷിചെയ്തുവരികയാണ് ഈ വീട്ടമ്മ.

650 ചതുരശ്രഅടി വിസ്തീർണ്ണമുള്ള ടെറസ്സിലെ കൃഷി കണ്ടാൽ ആരുമൊന്ന് അമ്പരക്കും. കാരണം ഒരേക്കർ സ്ഥലത്ത് കൃഷി ചെയ്യേണ്ടതിലധികം പഴച്ചെടികളും പച്ചക്കറികളും ഔഷധ സസ്യങ്ങളുമെല്ലാം ഇടതൂർന്ന് വളർന്നു നിൽക്കുന്നു. ഈയടുത്ത് കുലയെടുത്ത ഏത്തവാഴയുടെ തൈകളും സ്വന്തമായി വിത്തുപാകി മുളപ്പിച്ചെടുത്ത മാവിൻ തൈയും നിറയെ കായ്ചു നിൽക്കുന്ന മുരിങ്ങമരവും പപ്പായയുമെല്ലാം തലയെടുപ്പോടെ നിൽക്കുന്നു.

എണ്ണിയാൽ തീരാത്തവിധമാണ് തോട്ടത്തിലെ സസ്യങ്ങളുടെ നീണ്ടനിര. വീട്ടാവശ്യത്തിന് എടുത്ത് ബാക്കി വരുന്നവ വിൽപനയും നടത്തുന്നുണ്ട്. രാസവളങ്ങളൊന്നും ചേർക്കാതെ നട്ടുവളർത്തുന്നതിനാൽ സുബൈദത്താത്തയുടെ പച്ചക്കറികൾക്ക് വൻ ഡിമാൻഡാണ്. കപ്പലണ്ടിപ്പിണ്ണാക്ക്, ചാണകപ്പൊടി, ജൈവവളം എന്നിവ മാത്രമാണ് വളമായി ഉപയോ​ഗിക്കുന്നത്. എന്നും രാവിലെ വെള്ളം നനച്ചുകൊടുക്കും. ടെറസ്സിനു മുകളിലേക്ക് കൃഷിക്കാവശ്യമായ മണ്ണ് സ്വയം ചുമന്ന് എത്തിച്ചു. പത്തുവർഷമായി കൃഷിയെങ്കിലും ടെറസ്സിന് യാതൊരുവിധ കേടുമില്ല.

“ഇച്ചിരെ സ്ഥലത്ത് എനിക്ക് ഇത്രയുമൊക്കെ കൃഷി ചെയ്യാമെങ്കിൽ നിങ്ങൾക്കും പറ്റും. സ്ഥലമില്ലെന്നോർത്ത് ആരും കൃഷി ചെയ്യാതെ ഇരിക്കരുത്. പച്ചക്കറിക്ക് വേണ്ടി തമിഴ്നാടിനെ ആശ്രയിക്കാതെ എല്ലാവരും സ്വന്തമായി കൃഷി ചെയ്ത് വിളവെടുക്കണ”മെന്ന് സുബൈ​ദത്താത്ത പറയുന്നു.

ടെറസ്സിനു മുകളിൽ പലതരം മുളകുകൾ, വെണ്ട, വഴുതിന, തക്കാളി, കാബേജ്, കോളിഫ്ലവർ, മധുരക്കിഴങ്ങ്, കൂർക്ക, ചീരച്ചേമ്പ്, അമരപ്പയർ, കപ്പ, പയർ, സാമ്പാർ ചീര, മഞ്ഞൾ, ഏത്തവാഴ, സീതപ്പഴം, മുതിര, ഇഞ്ചിപ്പുല്ല്, നീലയമരി, ബട്ടർ ഫ്രൂട്ട്, ഷു​ഗർകപ്പ, പ്ലാവ്, മാവ്, സ്റ്റാർ ഫ്രൂട്ട്, ഞാവൽ, ചാമ്പ, കറിവേപ്പ്, കരിമഞ്ഞൾ, കസ്തൂരിമഞ്ഞൾ, ബ്രഹ്മി, കേശാമൃത്, നാരകം, വയമ്പ്, പനിക്കൂർക്ക, ആടലോടകം, കച്ചോലം, കറ്റാർവാഴ, മധുരത്തുളസി, വിക്സ്തുളസി, ചുവന്ന ഇ‍ഞ്ചി, രാമച്ചം, ആര്യവേപ്പ്, കയ്യൂന്ന്യം, മുക്കുറ്റി, പുതിന, പൊന്നാങ്കണ്ണിച്ചീര, പാലക്ചീര, ചുവന്നചീര, ഡ്രാഗൺഫ്രൂട്ട്, മാതളം, കുറ്റിക്കുരുമുളക്, കൈതച്ചക്ക, ലെറ്റ്യൂസ്, നെല്ല്, പപ്പായ, മുരിങ്ങ എന്നിങ്ങനെ എല്ലാത്തരം പച്ചക്കറികളും പഴച്ചെടികളും ഔഷധസസ്യങ്ങളും വളരുന്നു.

കൃഷിഭവൻ ഓഫീസർമാരുടെയും വാർഡ് കൗൺസിലർമാരും അഭിനന്ദനവുമായി ഈ വീട്ടമ്മക്കൊപ്പമുണ്ട്. മികച്ച ടെറസ്സിലെ കൃഷിക്കുള്ള അവാർഡുകളും സുബൈദത്താക്ക് ലഭിച്ചിട്ടുണ്ട്. കുറ്റികുരുമുളകും, പൊന്നാങ്കണ്ണിച്ചീരയുമെല്ലാം വിൽപനയും നടത്തുന്നുണ്ട്.