livestoriesonline

Online updates

ആരേയും അമ്പരപ്പിക്കും പോൾസണിന്റെ ഏദൻതോട്ടം

SHARE

ന​ഗരത്തിലെ തിരക്കുള്ള ബിസിനസ്സുകാരനാണ് പോൾസൺ. എന്നാൽ ന​ഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി ജൈവകൃഷിയിൽ നൂറുമേനി വിളയിച്ച് ശ്രദ്ധേയനാവുകയാണ് മൂവാറ്റുപുഴ കുരിശിങ്കൽ പോൾസൺ എന്ന മാതൃകാ കർഷകൻ. കർഷക കുടുംബത്തിൽ ജനിച്ച പോൾസന് ജൈവകൃഷി രീതികളോടാണ് ഏറെ താൽപര്യം. രണ്ടര ഏക്കർ റബർ തോട്ടം ഒഴിവാക്കിയാണ് ജൈവകൃഷി ആരംഭിച്ചത്.

​ന​ഗരത്തിന്റെ തിരക്കുകളിൽ താമസിച്ചിരുന്ന പോൾസൺ ഇപ്പോൾ ​ഗ്രാമത്തിലുള്ള തന്റെ രണ്ടരയേക്കർ തോട്ടത്തിലേക്ക് വീടുവെച്ച് താമസം മാറിയിരിക്കുകയാണ്. സ്വന്തമായി ഉദ്പാദിപ്പിക്കുന്ന വിഷമില്ലാത്ത ആഹാരം കഴിക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിനും വേണ്ടിയാണ് ഇങ്ങോട്ട് താമസം മാറിയത്. ബിസിനസ് തിരക്കുകൾ എത്രയുണ്ടെങ്കിലും അതിരാവിലെ തോട്ടത്തിലൂടെ ഒന്ന് ചുറ്റിക്കറങ്ങി ആ ദിവസത്തേക്കുള്ള ഊർജം സംഭരിച്ചതിന് ശേഷമാണ് തന്റെ തിരക്കുകളിലേക്കിറങ്ങുന്നത്. ഇതാണ് പോൾസണിന്റെ വിജയരഹസ്യവും.

പോൾസണിന്റെ കൃഷി രീതികൾ വ്യത്യസ്തവും ഒപ്പം കൗതുകവുമാണ്. ആദായം മാത്രം മുന്നിൽ കണ്ടുള്ള കൃഷി രീതിയല്ല മറിച്ച് കൃഷിയെ അറിഞ്ഞ് അതിന്റെ സാധ്യതകൾ മനസിലാക്കിയാണ് ഓരോ കൃഷിയും ചെയ്യുന്നത്. ലോകത്തിന്റെ പല കോണിലുള്ള പഴച്ചെടികളും വിത്തുകളും ശേഖരിച്ച് സ്വന്തമായി മുളപ്പിച്ചെടുക്കുന്ന തൈകളുടെ വലിയൊരു ശേഖരം തന്നെയുണ്ട്. പട്ടാള ചുരയ്ക്ക, ഭൂതമുളക്, ചൈനീസ് മുളക്, ചൈനീസ് ഇഞ്ചി, ബ്രസീലിയൻ കത്രിക്ക, സ്വർണമുഖി ഏത്ത എന്നിങ്ങനെ വ്യത്യസ്തങ്ങളായ നിരവധി ചെടികൾ ഇവിടെയുണ്ട്.

ഒരു രൂപ പോലും ചിലവില്ലാതെ ജൈവരീതിയിലാണ് കൃഷി. രണ്ടര ഏക്കർ സ്ഥലത്ത് ജൈവവളങ്ങൾ മാത്രം ഉപയോ​ഗിച്ചാണ് കൃഷി ചെയ്യുന്നത്. പച്ചമുളക്, കാന്താരി, മത്തങ്ങ, ചേമ്പ്, കാബേജ്, കോളിഫ്ലവർ, കുമ്പളങ്ങ, കാരറ്റ്, ഉരുളക്കിഴങ്ങ്, ചെറുള്ളി, ഇഞ്ചി, വെണ്ട, വഴുതിന, മുരിങ്ങക്ക, വെള്ളരിക്ക, തക്കാളി, പയർ, നാരകം, പാവൽ, പപ്പായ, കാച്ചിൽ, ചെറുകിഴങ്ങ്, പടവലം എന്നിങ്ങനെ നീളുന്നു തോട്ടത്തിലെ കൃഷികൾ.

ഇതിനുപുറമെ പ്ലാവ്, മാവ്, കശുമാവ്, ജാതി, കൊക്കോ, കവുങ്ങ്, തെങ്ങ് തുടങ്ങിയവയുമുണ്ട്. വിദേശയിനം പഴച്ചെടികളായ ലോം​ഗൻ, ഡെൻസൂര്യ, കേപ്പൽ, അബിയു, മാം​ഗോസ്റ്റിൻ, ചെമ്പടക്ക്, റംബൂട്ടൻ എന്നിവയും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ജൈവവളം മാത്രം ഉപയോ​ഗിക്കുന്നു എന്നതാണ് പോൾസന്റെ കൃഷി രീതിയുടെ പ്രത്യേകത.

വീട്ടാവശ്യത്തിനുള്ള മീനും മുട്ടയും ഇറച്ചിയുമെല്ലാം ഇവിടെ സുലഭമാണ്. ഇതിനായി കോഴി, താറാവ്, ​ഗിനിക്കോഴി എന്നിവയെയും വളർത്തുന്നു. ഇവയുടെ കാഷ്ടം ജൈവവളനിർമ്മാണത്തിനായി ഉപയോ​ഗിക്കുന്നു. ​എല്ലാ ദിവസവും രാവിലെ അഞ്ചര മുതൽ എട്ടര വരെയാണ് തോട്ടത്തിൽ സമയം ചിലവഴിക്കുന്നത്. ഭാര്യ റോസ്മോളും സഹായത്തിനായി ഒപ്പമുണ്ട്. രോ​ഗബാധയേൽക്കാതെ നല്ല വിളവ് ലഭിക്കുന്നതിനാൽ മെച്ചപ്പെട്ട വരുമാനവും ലഭിക്കുന്നുണ്ട്. ആവശ്യക്കാർക്ക് വിത്തുകൾ സൗജന്യമായി വിതരണവും ചെയ്യുന്നുണ്ട്.

സൗജന്യമായി വിത്ത് ലഭിക്കുന്നതിനും കൃഷിയെക്കുറിച്ച് കൂടുതലറിയാനും വിളിക്കണ്ട നമ്പർ: +91 94478 20679