livestoriesonline

Online updates

സന്തോഷിന്റെ മട്ടുപ്പാവിലെ നൂതന കൃഷിരീതികൾ

SHARE

കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവരൊക്കെയും പല ന്യായങ്ങളും പറഞ്ഞാണ് ഒഴിഞ്ഞുമാറാറുള്ളത്. സമയമില്ലെന്നും വീട്ടിൽ കൃഷിക്കായുള്ള മണ്ണില്ലെന്നുമൊക്കെ പലരും പരാതി പറയാറുണ്ട്. അവർക്കെല്ലാം വേണ്ടി എളുപ്പത്തിൽ ഉള്ള ഒരു കൃഷിരീതി പരിചയപ്പെടുത്തുകയാണ് ലൈവ് സ്റ്റോറീസിന്റെ വായനക്കാർക്ക് വേണ്ടി കാര്യവട്ടത്തുള്ള ടെക്നോപാർക്ക് ജീവനക്കാരനായ സന്തോഷ്. ഹൈഡ്രോപോണിക് എന്നാണ് ഇതിന് പറയുന്നത്. മണ്ണില്ലാതെ വെള്ളത്തിൽ കൃഷി ചെയ്യുന്നത് എന്ന് ചുരുക്കത്തിൽ പറയാം. ടെറസിലോ ഫ്ലാറ്റിന്റെ ബാൽക്കണിയിലോ ഒക്കെ തങ്ങളുടെ ആവശ്യവും സൗകര്യവും ഒക്കെ പരിഗണിച്ച് ആളുകൾക്ക് ഈ കൃഷി രീതി പരീക്ഷിക്കാം.

പൈപ്പിൽ കൂടി വെള്ളം കടത്തിവിട്ട് ചെടികൾക്ക് ആവശ്യമായ ന്യൂട്രിയൻസും, ഓക്സിജനും ഒക്കെ നൽകി ശാസ്ത്രീയമായാണ് ഈ കൃഷി നടത്തുന്നത്. അതായത് മണ്ണിൽ അല്ല, വെള്ളത്തിലാണ് വേരുകൾ. ന്യൂട്രിയൻസ് ഉൾപ്പെടെ ചേർത്തുള്ള വെള്ളം ടാങ്കിൽ വച്ച് ചെറിയ മോട്ടർ വഴി പൈപ്പിൽ കൂടി കടത്തിവിടും. ആ പൈപ്പിന്റെ ദ്വാരങ്ങളിൽ ചെടികൾ വെള്ളത്തിൽ വേരുകൾ മുക്കിവെക്കുന്നു. പെട്ടെന്ന് ഇതിനെക്കുറിച്ച് അറിയാത്തവർക്ക് അമ്പരപ്പ് തോന്നാമെങ്കിലും സംഗതി ഹിറ്റാണ്.

പതിവുപോലെ വീട് വച്ചപ്പോൾ ഗ്രോബാഗിൽ കൃഷി തുടങ്ങാനാണ് സന്തോഷും പദ്ധതിയിട്ടത്. പിന്നീട് ഇതിനെ കുറിച്ച് അറിഞ്ഞപ്പോഴാണ് കുറച്ചുകൂടി എളുപ്പത്തിൽ കാര്യങ്ങൾ നടക്കുമെന്ന് ബോധ്യപ്പെട്ടത്. അങ്ങനെ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങി വിജയിക്കുകയായിരുന്നു. മണ്ണിൽ നടുന്ന ചെടികൾക്ക് വേണ്ട പല കാര്യങ്ങളും ഇവിടെ വേണ്ട. ഒന്നാമത് വെള്ളം ഒഴിക്കേണ്ട. മറ്റൊന്ന് കളകളൊന്നും വളർന്നു വരില്ല എന്നുള്ളതാണ്. ഇനി ആകെയുള്ളത് കൃത്യമായ അളവിൽ ആണോ ന്യൂട്രിയൻസ് ഉൾപ്പെടെയുള്ളവ എന്ന് പരിശോധിക്കണം. ന്യൂട്രിയൻസിന്റെ അളവു കുറവാണെങ്കിൽ കൂടുതൽ ചേർക്കണം. അല്ലെങ്കിൽ കൂടുതൽ വെള്ളം ചേർത്ത് കൃത്യമായ അളവിലേക്ക് മാറ്റണം. ജലത്തിന്റെ പിഎച്ച് വാല്യൂ കൃത്യമായി പരിശോധിക്കാനും ശ്രദ്ധിക്കണം. ഇതിനെല്ലാമുള്ള ഉപകരണങ്ങളും സന്തോഷിന്റെ പക്കൽ ഉണ്ട്.

പുതിനയിലയും, ഔഷധസസ്യങ്ങളിൽ പെട്ട പൊന്നാങ്കണ്ണിയും, ബേസിലും തുടങ്ങി സ്ട്രോബറി വരെ തന്റെ കൃഷിത്തോട്ടത്തിൽ സന്തോഷ് വളർത്തുന്നുണ്ട്. മണ്ണിൽ വളർത്തുന്ന ഇത്തരം ഇനങ്ങളെക്കാൾ കൂടുതൽ നല്ല വിളവ് വെള്ളത്തിലെ ഈ സസ്യങ്ങൾക്ക് ലഭിക്കുന്നതായി സന്തോഷ് ചൂണ്ടിക്കാട്ടുന്നു. വെള്ളം നന ഇല്ലെങ്കിലും ഇടയ്ക്ക് മനുഷ്യന്റെ ഒരു സ്പർശനം ചെടികൾക്ക് നല്ലതാണെന്ന് സന്തോഷ് പറയുന്നു. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് സ്ട്രോബറിയുടെ സീസൺ. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന ഓരോ സാധനങ്ങൾക്കും ആവശ്യക്കാർ ഏറെയാണെന്ന് സന്തോഷ് പറയുന്നു.

കേവലം സ്വയം കൃഷി ചെയ്യുക മാത്രമല്ല സന്തോഷ് ചെയ്യുന്നത്. ആവശ്യക്കാരെ സഹായിക്കാനും ഈ ന്യൂജൻ കർഷകൻ തയ്യാറാണ്. ആവശ്യക്കാർക്ക് ഇത്തരം സംവിധാനങ്ങൾ തയ്യാറാക്കി നൽകാനും ഫോൺ വഴി വേണ്ട നിർദ്ദേശങ്ങൾ നൽകാനും ഒക്കെ സന്തോഷ് തയ്യാറാണ്.

ഓരോ വീടിനും വേണ്ട ആവശ്യമനുസരിച്ചുള്ള ഹൈഡ്രോപോണിക് സംവിധാനങ്ങളാണ് നിർമ്മിച്ചു നൽകാറുള്ളത്. വെർട്ടിക്കൽ ഗാർഡന് സമാനമായുള്ളതും നിർമ്മിച്ചു നൽകാറുണ്ട്. സൂര്യപ്രകാശം വേണം എന്നുമാത്രമല്ല മഴവെള്ളം ഈ പ്ലാന്റിലേക്ക് വീഴാൻ പാടില്ല എന്നും സന്തോഷ് ഓർമിപ്പിക്കുന്നു. ഒരുപാട് സൂര്യപ്രകാശം നേരിട്ട് പ്ലാന്റിന്റെ ടാങ്കിലേക്ക് അടിച്ചാൽ വെള്ളം ചൂടായി ചെടികൾ നശിക്കും എന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. ഏതായാലും കൃത്യമായുള്ള പരിചരണ നിർദേശങ്ങൾ നൽകാൻ സന്തോഷ് തയ്യാറാകുന്നതോടെ അത് ഒരുപാട് ആളുകൾക്ക് ഗുണമാകുന്നുണ്ട്.