livestoriesonline

Online updates

ഡെങ്കിപ്പനി: ഈ വൈറല്‍ പനിയെ എങ്ങനെ നേരിടാം

SHARE

അതികഠിനമായ ചൂട്കാലത്തിന് ആശ്വാസമായി മഴയെത്തിയെങ്കിലും, ഈ മഴക്കാലത്ത് പെറ്റുപെരുകാന്‍ കാത്തിരിക്കുന്നവരാണ് കൊതുകുകള്‍. വെള്ളം കെട്ടിക്കിടക്കുന്ന പാത്രങ്ങളിലും, ചെടിച്ചട്ടികളിലും പഴയ ടയറുകളിലും എന്നിങ്ങനെ എല്ലായിടത്തും കൊതുകുകള്‍ എന്ന അപകടകരമായ ശത്രു തഴച്ച് വളരുകയാണ്. അതിനോടൊപ്പം ഡെങ്കിപ്പനി കേസുകളും നാട്ടില്‍ വര്‍ദ്ധിച്ചുവരുന്നു. കൊതുകുകള്‍ പരത്തുന്ന ഒരു കൂട്ടം രോഗങ്ങളില്‍ ഒന്നാണ് ഡെങ്കിപ്പനി.

ഡെങ്കിപ്പനി

മഴക്കാല രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഡെങ്കിപ്പനി ഫ്‌ളേവി വിഭാഗത്തില്‍പ്പെടുന്ന ഡെന്‍ 1,2,3,4 ഉപവിഭാഗത്തില്‍പ്പെടുന്ന വൈറസുകളാണ് ഡെങ്കിപ്പനിക്ക് കാരണമാകുന്നത്. പകല്‍ സമയത്ത് രക്തം കുടിക്കുന്ന ഈഡിസ് വിഭാഗത്തിപ്പെടുന്ന ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആല്‍ബോപീക്റ്റസ് എന്നീ കൊതുകുകളാണ് ഈ രോഗം പരത്തുന്നത്.

രോഗലക്ഷണങ്ങള്‍

രോഗാണു ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ സാധാരണ 5-6 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും.

പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, തലവേദന, തൊലിപുറത്ത് ചുവന്ന പാടുകള്‍, ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ നിന്നും രക്തസ്രാവം എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാനലക്ഷണങ്ങള്‍. രക്തപരിശോധനയില്‍ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ക്രമാതീതമായി കുറയുകയാണെങ്കില്‍ ഡെങ്കിപ്പനി സംശയിക്കാം. രക്തസ്രാവം ഉണ്ടാകുകയോ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം 10000ത്തില്‍ താഴെ ആകുകയോ ചെയ്യുമ്പോള്‍ പ്ലേറ്റ്‌ലേറ്റുകള്‍ നല്‍കേണ്ടതായി വരും ഇത്തരം സാഹചര്യങ്ങളില്‍ ആശുപത്രികളില്‍ ചികിത്സ തേടേണ്ടതാണ്.

രോഗലക്ഷണങ്ങള്‍ നോക്കി ഡെങ്കിപ്പനി സംശയിക്കാമെങ്കിലും രോഗനിര്‍ണ്ണയം ഉറപ്പുവരുത്താന്‍ ലബോറട്ടറി പരിശോധനകള്‍ ആവശ്യമാണ്. ലക്ഷണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ എന്‍.എസ് 1 എലിസ ടെസ്റ്റ് നടത്തി രോഗനിര്‍ണ്ണയം നടത്താവുന്നതാണ്. ഒരാഴ്ച കഴിഞ്ഞാല്‍ ഐജിഎം ആന്റിബോഡി എലിസ ടെസ്റ്റ് ചെയ്താണ് രോഗനിര്‍ണ്ണയം നടത്തുന്നത്.

രോഗചികിത്സ

ഡെങ്കിപ്പനിക്ക് നിലവില്‍ വാക്‌സിനോ കൃത്യമായ ചികിത്സയോ ലഭ്യമല്ല. എങ്കിലും ശരിയായ സഹായക ചികിത്സയിലൂടെയും നല്ല പരിചരണത്തിലൂടെയും രോഗിയെ മരണത്തില്‍ നിന്നും രോഗത്തിന്റെ മറ്റ്‌സങ്കീര്‍ണതകളില്‍ നിന്നും രക്ഷിക്കുവാന്‍ സാധിക്കുന്നതാണ്. രോഗം ബാധിച്ചവര്‍ക്ക് പൂര്‍ണ്ണ വിശ്രമം ആവശ്യമാണ്.

പെട്ടെന്നുണ്ടാകുന്ന വയറുവേദന, നിര്‍ത്താതെയുള്ള ഛര്‍ദ്ദി, ശരീരത്തിന്റെ ഏതെങ്കില്‍ ഭാഗങ്ങളില്‍ നിന്നുണ്ടാകുന്ന രക്തസ്രാവം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടല്‍, മൂത്രത്തിന്റെ അളവ് കുറയുക, അമിതമായ ക്ഷീണം, മലം കറുത്ത നിറത്തില്‍ പോവുക എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ രോഗിയെ തീവ്രപരിചരണ സൗകര്യമുള്ള ആശുപത്രിയില്‍ എത്തിക്കേണ്ടതാണ്.

പ്രതിരോധനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

ശുദ്ധജലത്തില്‍ മുട്ടയിട്ടു വളരുന്ന ഈഡിസ് കൊതുകുകള്‍ ആണ് ഈ രോഗം പരത്തുന്നത്. ഇവ നമ്മുടെ വീടുകളിലും പരിസര പ്രദേശങ്ങളിലും ആണ് വളരുന്നത്. അതുകൊണ്ടുതന്നെ വീടിനുള്ളിലും പരിസരത്തും കൊതുകു വളരുന്ന സാഹചര്യം ഇല്ലാതാക്കുക. വെള്ളം കെട്ടി നില്‍ക്കാനുള്ള അവസരമുണ്ടാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ചിരട്ട, മുട്ടത്തോട്, പ്ലാസ്റ്റിക് പാത്രങ്ങള്‍ കവറുകള്‍ തുടങ്ങിയവ വീടിന്റെ പരിസരത്ത് വലിച്ചെറിയാതിരിക്കുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും വീടും പരിസരവും നിരീക്ഷിച്ച് വെള്ളം കെട്ടി നില്‍ക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം.