livestoriesonline

Online updates

വീട്ടുകാരും കൂട്ടുകാരും കളിയാക്കി; അഞ്ഞൂറോളം പഴച്ചെടികൾ സ്വന്തമാക്കി റഷീദ്

SHARE

ചെറുപ്പം മുതലേ കൂട്ടുകാർ എല്ലാവരും ആസ്വദിച്ച് പഴങ്ങളും ജ്യൂസുമൊക്കെ കഴിക്കുമ്പോഴും കുടിക്കുമ്പോഴും റഷീദിന്റെ ചിന്തകൾ മുഴുവൻ പഴത്തിലോ ജ്യൂസിലോ ആയിരുന്നില്ല, പകരം ഇവയുടെ കായ്കൾ എങ്ങനെ കരസ്ഥമാക്കാം എന്നായിരുന്നു. ഈ വ്യത്യസ്തമായ ചിന്തയാണ് ഇപ്പോൾ മലപ്പുറത്തെ ഈ വീട്ടുമുറ്റത്ത് പലവർണങ്ങളിൽ പൂത്തും കായ്ച്ചും നിൽക്കുന്നത്.

ലോകത്തിന്റെ ഏതു കോണിൽ പോയാലും മടങ്ങി വരുമ്പോൾ റഷീദിന്റെ കൈയ്യിൽ കാണുന്നത് ആ നാട്ടിലെ വെറൈറ്റി പഴങ്ങളോ പഴച്ചെടികളോ ആയിരിക്കും. ആദ്യമൊക്കെ വീട്ടുകാരും കൂട്ടുകാരുമൊക്കെ കളിയാക്കിയെങ്കിലും റഷീദിന്റെ വീട്ടിൽ കായ്ച്ച വിദേശയിനം പഴങ്ങളുടെ രുചിയറിഞ്ഞപ്പോൾ എല്ലാവരും അതിശയിച്ചു. എന്നാൽ പണ്ട് തന്നെ കളിയാക്കിയവർക്ക് വിദേശയിനം പഴങ്ങൾ സമ്മാനമായി നൽകി റഷീദ് പകരം വീട്ടി.

മുറ്റത്ത് നിൽക്കുന്ന മാവിൽ പത്തോളം വ്യത്യസ്തയിനം മാങ്ങകൾ, ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള സ്ട്രോബെറി പേര, വി, വിധയിനം സപ്പോട്ടകൾ, സുറിനാം ചെറി, ആറോളം തരത്തിലുള്ള ലോ​ഗൻ, വിയറ്റ്നാം ഏർലി പ്ലാവ്, നിറയെ കായ്കളുള്ള മലേഷ്യൻ പപ്പായ, റൊളീനിയ, അക്കായ്ബെറി, മൂന്നോളം ചുപാചുപാ, കാക്ജാം, കുട്ടികൾക്കിഷ്ടമാകുന്ന ബ്ലാക്ബെറി ജാം, രണ്ട് തരം ചെറികൾ, സ്വീറ്റ് അമ്പഴം, സ്വീറ്റ് ലൂപി, മിറാക്കിൾ ഫ്രൂട്ട്, മലേഷ്യയിൽ നിന്നുള്ള മപ്രാങ്, അരസാബൊയ്, അബിയു, കൊക്കാനില, പലതരം ജബോട്ടിക്കാബ, മഴവിൽ ചോളം എന്നിങ്ങനെ നാനൂറോളം പഴച്ചെടികൾ റഷീദിന്റെ പക്കലുണ്ട്. മുറ്റത്തും ടെറസ്സിലും കൃഷി ആരംഭിച്ചിട്ട് പത്തു വർഷത്തോളമായി. ഇതു കൂടാതെ ടെറസ്സിൽ നൂറോളം വ്യത്യസ്തയിനം ഡ്രാ​ഗൻഫ്രൂട്ട് ചെടികളും നട്ടുവളർത്തുന്നുണ്ട്.

തന്റെ കൈവശമുള്ള വ്യത്യസ്തയിനം പഴച്ചെടികളുടെ തൈകൾ മറ്റുള്ളവരിലേക്കും എത്തിക്കുന്നതിൽ റഷീദിന് മടിയൊന്നുമില്ല. കൂടാതെ ചെടികളെയും പഴങ്ങളെയും സ്നേഹിക്കുന്നവർക്കും പഴച്ചെടികൾ വാങ്ങാൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കും സൗജന്യമായും ചെടികളും വിത്തുകളും നൽകുന്നുമുണ്ട്. സമീപപ്രദേശങ്ങളിലെ സ്കൂളുകളിലെ കുട്ടികളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പഴച്ചെടികൾ നട്ടുവളർത്തുന്നതിലും റഷീദ് മുൻപന്തിയിലുണ്ട്.

പഴച്ചെടികളെക്കുറിച്ചും തൈകളെക്കുറിച്ചും കൂടുതലറിയാൻ വിളിക്കാം. റഷീദ്: 8606 600 060