livestoriesonline

Online updates

രാവിലെ വ്യായാമം പഴത്തോട്ടത്തിൽ; പത്തു സെന്റിൽ പറുദീസയൊരുക്കി സുനീർ

SHARE

ആരോ​ഗ്യ സംരക്ഷണം ഏറെ പ്രാധാന്യത്തോടെയാണ് നാം ചർച്ച ചെയ്യുന്നതും അതിനുവേണ്ടി വ്യത്യസ്ത രീതികൾ പരീക്ഷിക്കുന്നതും. എന്നാൽ ആലുവയ്ക്ക് അടുത്തുള്ള ഒരു ചെറിയ ​ഗ്രാമത്തിലെ സുനീർ അറയ്ക്കൽ എന്ന ചെറുപ്പക്കാരൻ വ്യത്യസ്തമായ ഒരു മാർ​ഗം കണ്ടെത്തിയിരിക്കുകയാണ്. എല്ലാവരും അതിരാവിലെ വ്യായാമത്തിനായി പലയിടങ്ങൾ തേടുമ്പോൾ സുനീർ തന്റെ പൂത്തുലഞ്ഞു നിൽക്കുന്ന പത്ത് സെന്റ് പഴത്തോട്ടത്തിലേക്ക് തൂമ്പയുമായി പോകുന്നു. കൃഷിചെയ്യാൻ സമയമില്ലയെന്ന് പറഞ്ഞ് കൃഷിയെ മാറ്റി നിർത്തുന്ന എല്ലാവർക്കും ഒരു മാതൃകയാണ് സംരംഭകനായ സുനീർ അറയ്ക്കൽ.

ആരോ​ഗ്യസംരംക്ഷണത്തിനു പുറമേ ഒരു ദിവസം വേണ്ട എല്ലാ എനർജിയും സുനീർ സമ്പാദിക്കുന്നത് ഈ പത്തു സെന്റിൽ നിന്നാണ്. പൂക്കളും കായ്കളും നിറഞ്ഞു നിൽക്കുന്ന തന്റെ കൊച്ചു തോട്ടം കാണുമ്പോൾ മറ്റെല്ലാ പ്രശ്നങ്ങളും മറക്കുന്നു. പീന്നീട് ചിന്തകൾ മുഴുവൻ പൂവിട്ട് നിൽക്കുന്ന മാവിനെയും കായ്ചു നിൽക്കുന്ന പ്ലാവിനെയും കുറിച്ചാണ്.

രണ്ടു വർഷത്തിലധികമായി പരിപാലിക്കുന്ന തോട്ടത്തിൽ മുപ്പത്തിയഞ്ചിലധികം ഫലവൃക്ഷങ്ങളും പച്ചക്കറികളുമുണ്ട്. വ്യത്യസ്തയിനം നാരകങ്ങളും പലതരത്തിലുള്ള മാവുകൾ, പേരമരങ്ങൾ, മൾബറി, നിറയെ കായ്ചു നില‍ക്കുന്ന കോവൽ, ചെറിപഴങ്ങൾ, പപ്പായ, ചാമ്പ, വിവിധതരത്തിലുള്ള പയറുകൾ, ചുവപ്പും പച്ചയും നിറത്തിലുള്ള ബെയറാപ്പിളുകൾ, സപ്പോട്ട, അടതാപ്പ് എന്നിങ്ങനെ സ്വദേശിയും വിദേശിയുമായ നിരവധി ഫലവൃക്ഷങ്ങൾ ഇവിടെ വളരുന്നു.

സുനീർ ചെടികൾ നടുന്നതും ഒരു പ്രത്യേക രീതിയിലണ്. ചെടികൾ നടുന്നതിന്റെ തയ്യാറെടുപ്പുകൾ ഒരു മാസം മുമ്പേ തുടങ്ങും. കുഴിയെടുത്ത്, ചാണകം, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവയെല്ലാം അടിവളമായി ചേർത്ത് നനച്ച്, കുറച്ച് ചപ്പൊക്കെയിട്ട് കുഴിമൂടും. ഇങ്ങനെ മണ്ണിനെ നന്നായി ഒരുക്കിയെടുത്തതിന് ശേഷമാണ് തൈകൾ നടുന്നത്. നനയ്ക്കുന്നതിനായി തോട്ടത്തിൽ സ്പ്രി​ഗ്ളർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ കൃഷി വകുപ്പിന്റെ നല്ല രീതിയുള്ള സഹായവും ലഭിക്കുന്നുണ്ട്.

കൃഷിയെ സ്നേഹിക്കുകയും വ്യത്യസ്തമായ രീതിയിൽ ഇവയെ പരിപാലിക്കുകയും ചെയ്യുന്ന സുനീറിന് കുടുംബത്തിന്റ പൂർണപിന്തുണയും ഒപ്പമുണ്ട്. കൃഷി​ഗ്രൂപ്പുകളിലെ സജീവ അം​ഗമായ സുനീർ പുതിയതായി കൃഷിയിലേക്ക് വരുന്നവരെ സഹായിക്കാൻ സന്നദ്ധനാണ്. തൈകളും വിത്തുമൊക്കെ ആവശ്യക്കാർക്ക് നൽകി പുത്തൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നു. ഈ തോട്ടത്തെക്കുറിച്ച് കൂടുതലറിയാൽ വിളിക്കേണ്ട നമ്പർ 97 44 25 57 66