livestoriesonline

Online updates

ന​ഗരമധ്യത്തെ നാട്ടിൻപുറമാക്കി ഡോക്ടർ ആര്യ

SHARE

പലപ്പോഴും നഗരജീവിതത്തിൽ ബുദ്ധിമുട്ടുന്ന മനുഷ്യരുണ്ട് . നാട്ടിലുള്ള സ്വന്തം വീട്ടിലേക്ക് ഒന്ന് ഓടിപ്പോകാൻ കൊതിക്കുന്നവർ. പക്ഷേ ജോലിത്തിരക്കിനിടയ്ക്ക് ഇതൊന്നും സാധ്യമല്ല. എന്നാൽ നാട്ടിൻപുറത്തെ കാഴ്ചകൾ നഗരത്തിലേക്ക് കൊണ്ടുവന്നാലോ. വെറുതെ പറയുന്നതല്ല, അങ്ങനെയുള്ള തന്റെ ഇഷ്ടങ്ങൾ നഗരത്തിലേക്ക് പറിച്ചുനട്ട ഒരു ഡോക്ടർ ഉണ്ട്. എറണാകുളം പാലാരിവട്ടത്ത് താമസിക്കുന്ന ഡോക്ടർ ആര്യ പദ്മൻ

പാലാരിവട്ടത്തെ തന്റെ വീടിന്റെ ടെറസ് നല്ല ഒന്നാന്തരം ഒരു നാട്ടിൻപുറം ആക്കി മാറ്റിയിരിക്കുകയാണ് ഡോക്ടർ ആര്യ. നല്ല പച്ചക്കറികളും, ഫലവൃക്ഷങ്ങളും, പൂന്തോട്ടവും എല്ലാം ആര്യയുടെ ഈ ടെറസിന്റെ മുകളിൽ ഉണ്ട്. ടെറസിന്റെ മുകളിൽ ഇത്തരത്തിൽ കൃഷിയും പൂന്തോട്ടവും ഒക്കെ ഒരുക്കുന്നത് ഇതിനുമുൻപും നിങ്ങൾ കണ്ടിട്ടുണ്ടാകും. പക്ഷേ ആര്യയുടെ പൂന്തോട്ടത്തിന് ചില പ്രത്യേകതകൾ ഉണ്ട്. നാട്ടിൻപുറത്ത് കാണുന്ന ചെടികളാണ് നഗര മധ്യത്തിലെ ഈ പൂന്തോട്ടത്തെ വ്യത്യസ്തമാക്കുന്നത്.

തുമ്പയും, തുളസിയും, രാജമല്ലിയും, മന്ദാരവും, കൊങ്ങിണിപ്പൂവും എല്ലാം ഈ ചെറിയ ഇടത്ത് സമൃദ്ധമായി വളരുന്നു. കേവലം നാട്ടിൻപുറത്തെ ചെടികൾ മാത്രമല്ല ആര്യയുടെ ഈ പൂന്തോട്ടത്തിലെ താരങ്ങൾ. വിവിധയിനം ഓർക്കിഡുകളും, ഒരു ചെടിയിൽ തന്നെ പല സമയത്ത് പല നിറങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ബോഗൻ വില്ലകളും, ഇതു കൂടാതെ മറ്റു പല നിറങ്ങളിലുള്ള ബോഗൻ വില്ലകളും ഒക്കെ ഇവിടെയുണ്ട്. പവിഴമല്ലിയും, കോഴി വാലനും, ആമ്പലും താമരയും എല്ലാം ഇവിടെ നിറഞ്ഞുനിൽക്കുന്നു.

വ്യത്യസ്തയിനം ഫലവൃക്ഷങ്ങളുടെ കേന്ദ്രം കൂടിയാണ് ഈ കുഞ്ഞു ടെറസ്. വിവിധയിനം മാവുകളും, പേരയും, ബുഷ് ഓറഞ്ചും, മൾബറിയും, നാരകവും, സീതപ്പഴവും, ഡ്രാഗൺ ഫ്രൂട്ടും, മിറക്കിൾ ഫ്രൂട്ടും, ചെറിയും, പിങ്ക് നിറത്തിലുള്ള പേരയും എല്ലാം ഇവിടെ മനസ്സുനിറച്ച് കായ്കൾ നൽകുന്നു. ഇവകൂടാതെ ഒരു വീട്ടിലേക്ക് വേണ്ട അത്യാവശം പച്ചക്കറികൾ എല്ലാം ഉൾപ്പെടുന്ന ഒരു കുഞ്ഞു പച്ചക്കറിത്തോട്ടവും ഒരുവശത്തുണ്ട്. മുരിങ്ങയും കാന്താരിമുളകും കുരുമുളകും തുടങ്ങി എണ്ണം പറഞ്ഞാൽ തീരില്ല ഇവിടുത്തെ കാഴ്ചകൾ.

കേവലം ഈ വീട്ടിൽ ജീവിക്കുന്നവർക്ക് വേണ്ടിയുള്ള ഒരു തോട്ടം മാത്രമല്ല ഇത്. ഇവിടെയെത്തുന്ന കിളികൾക്ക് എല്ലാം ഇവിടെനിന്നും ആഹാരം ഉണ്ട്. അത് കാണുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ ആകില്ല എന്ന് ഡോക്ടർ ആര്യ പറയുന്നു. ദിവസവും രാവിലെ ആറരയ്ക്കാണ് ഉണരുന്നത്. ഉണർന്നു കഴിഞ്ഞാൽ നേരെ ഈ തോട്ടത്തിൽ എത്തിയാൽ തന്നെ ഒരു ദിവസത്തേക്കുള്ള ഊർജ്ജം കിട്ടുന്നു. സമ്മർദ്ദങ്ങൾ നിറഞ്ഞ ജോലിത്തിരക്കിനിടയിൽ ഇവിടെനിന്ന് കിട്ടുന്ന സന്തോഷം വളരെ വലുതാണെന്ന് ഡോക്ടർ ആര്യ പറയുന്നു.

രാവിലെ കിളികളെല്ലാമായി വലിയൊരു മേളമാണ് ഈ ടെറസിന് മുകളിൽ. ഇത്രയും ചെറിയ സ്ഥലത്ത് ഇതെല്ലാം നടക്കുമോ എന്ന് ചോദിക്കുന്നവരോട് സ്ഥലം ഒരു പ്രശ്നമല്ല എന്ന് ആര്യ പറയുന്നു. മണ്ണുത്തിയിൽ നിന്നാണ് പ്രധാനമായും തൈകൾ വാങ്ങുന്നത്. യാത്രയിൽ പലയിടത്തു നിന്നും നാടൻ ചെടികളും ശേഖരിക്കുന്നു. ചെടികളോടുള്ള ഇഷ്ടം കണ്ടിട്ട് അയൽവാസി നൽകിയ മുള്ളാത്തയും ഈ കുഞ്ഞു തോട്ടത്തിൽ ഉണ്ട്.

കയ്യിൽ മണ്ണ് പറ്റുന്നതാണ് തന്റെ വലിയ സന്തോഷം എന്ന് ആര്യ പറയുന്നു. മണ്ണ് കുഴച്ച് ചെടി നട്ടശേഷം അതിൽ നിന്ന് പൂവും കായും ഉണ്ടാകുന്നത് കാണുമ്പോൾ പറഞ്ഞാൽ തീരാത്ത അത്ര സന്തോഷമാണ്. ഇഷ്ടമുള്ള കാര്യമായതുകൊണ്ടുതന്നെ ചെയ്യാൻ ഒട്ടും മടുപ്പ് ഇല്ല എന്ന് ആര്യ പറയുന്നു. സമയവും ഇവിടെ പ്രശ്നമല്ല. ഭർത്താവിനും കൃഷിയും പൂന്തോട്ടവും വലിയ താല്പര്യമാണ്. യാത്ര ചെയ്യുമ്പോൾ ഭർത്താവും ആര്യക്ക് വേണ്ടി പലയിടത്തുനിന്നും ചെടികൾ ശേഖരിച്ചു കൊണ്ടുവരും. വീട്ടിലുള്ള കുഞ്ഞു കുട്ടികൾ അടക്കം എല്ലാവരുടെയും വലിയ പിന്തുണ ഇവയുടെ പരിപാലനത്തിനുണ്ടെന്നും ആര്യ പറയുന്നു.