livestoriesonline

Online updates

കേരളത്തിൽ തരം​ഗമായി ബക്കറ്റ് കൃഷി ‍

SHARE

നിറയെ കായ്ചു നിൽക്കുന്ന തക്കാളിയും വിളവെടുക്കാറായ വെണ്ടയും കുലകുത്തി കായ്ചു നിൽക്കുന്ന പച്ചമുളകുമൊക്കയുള്ള ഒരു ബാൽക്കണിയോ മട്ടുപ്പാവോ സ്വപ്നം കാണുന്നവരാണ് ഏറെയും. പക്ഷേ ജോലിത്തിരക്കും ന​ഗരജീവിതവും പരിചരണത്തിലെ അറിവില്ലായ്മയും ഈ സ്വപ്നങ്ങൾക്കു വിലങ്ങു തടിയായി നിൽക്കുന്നു. എന്നാൽ ഇതിനെല്ലാം ഒരു പരിഹാരമാണ് ഷിജു ജോർജിന്റെ ബക്കറ്റ് കൃഷി. എല്ലാ​ദിവസവും നനയ്ക്കേണ്ട, മണ്ണുമാറ്റേണ്ട, വളം ചെയ്യേണ്ട, ആർക്കും യഥേഷ്ടം കൃഷി ചെയ്ത് വിളവെടുക്കാവുന്ന രീതിയിൽ ചിട്ടപ്പെടുത്തിയ നൂതന കൃഷി ആശയമാണ് എറണാകുളം ജില്ലയിലെ മുളന്തുരുത്തി പഞ്ചായത്തിൽ കാരിക്കോട് സ്വദേശിയായ ഷിജുവിന്റേത്.

വീടിന്റെ ടെറസ്സിൽ ഏകദേശം 200 ചതുരശ്രയടിയിൽ നൂറ് ബക്കറ്റുകളിലാണ് ഷിജു കൃഷി ആരംഭിച്ചത്. എല്ലാദിവസവും വീട്ടിലേക്കാവശ്യമായ പയർ, വഴുതിന, തക്കാളി, വെണ്ട, പച്ചമുളക്, ചീര, തുടങ്ങിയവയാണ് ആദ്യം കൃഷി ചെയ്തു തുടങ്ങിയത്. വീട്ടാവശ്യത്തിനുള്ള പച്ചക്കറിയുടെ ഭൂരിഭാ​ഗവും സ്വന്തമായി കൃഷിചെയ്ത് ഉത്പാദിപ്പിക്കുന്നു എന്ന നേട്ടവുമുണ്ട്. ഒരു തരി മണ്ണില്ലാതെയാണ് കൃഷി രീതി.

മണ്ണില്ലാത്ത കൃഷിയെന്ന് കേൾക്കുമ്പോൾ ആളുകൾ വിചാരിക്കുന്നത് മണ്ണില്ലാതെ എങ്ങനെ കൃഷിചെയ്യുമെന്നാണ്. എന്നാൽ മണ്ണിനു പകരം ചകിരിച്ചോർ കമ്പോസ്റ്റ്, ഉമി, എല്ലുപൊടി, വളർച്ചയ്ക്ക് ആവശ്യമായ വസ്തുക്കൾ എന്നിവ കൂട്ടി ചേർത്ത് ഓർ​ഗാനിക് രീതിയിലാണ് കൃഷി.

സാധാരണയായി ഒരു ​ഗ്രോബാ​ഗിൽ ഒരു ചെടി നടണമെങ്കിൽ ഏകദേശം പത്തു കിലോയോളം മണ്ണും വളവും ആവശ്യമാണ്. ടെറസ്സിൽ വലിയ ഭാ​രം വരും. എന്നാൽ ഇതുപോലെ ചെയ്യുമ്പോൾ ഒരു പാത്രത്തിൽ രണ്ടര കിലോയോളം മാത്രമേ ഭാരം വരുന്നുള്ളൂ. ടെറസ്സിൽ യാതൊരു തരത്തിലുള്ള വെള്ളത്തിന്റെ ചോർച്ചയും ഇല്ലെന്നും ഷിജു അവകാശപ്പെടുന്നു.

മുകളിൽ വെച്ചിരിക്കുന്ന ബക്കറ്റിലാണ് നടീൽ മിശ്രിതം ചേർത്ത് തൈ നട്ടുപിടിപ്പിച്ചിരിക്കുന്നത്. അതിനു താഴെ ക്രമീകരിച്ചിരിക്കുന്ന ടാങ്കിലാണ് ചെടികൾക്കാവശ്യമായ വെള്ളവും വളവുമെല്ലാം നൽകുന്നത്. വേരുകൾ വളർന്ന് വെള്ളത്തിലേക്ക് എത്തുന്നതിനാൽ ​​വളർച്ചക്ക് ആവശ്യമായ ദ്രാവകരൂപത്തിലുള്ള വളങ്ങളെല്ലാം ഈ വെള്ളത്തിൽ ചേർത്താൽ മതിയാകും.

വാട്ടർ ടാങ്ക് അടഞ്ഞിരിക്കുന്നതിനാൽ കൊതുകുകളൊ മറ്റ് മാലിന്യങ്ങളോ ഉണ്ടാകുന്നില്ല. പൈപ്പ് വഴി എല്ലാ ടാങ്കുകളെയും ബന്ധിപ്പിച്ചിട്ടുള്ളതിനാൽ ഒരു ടാങ്കിൽ ഒഴിക്കുന്ന വെള്ളം നിറഞ്ഞൊഴുകി മറ്റെല്ലാ ടാങ്കുകളും നിറയുന്നതിന് സഹായിക്കുന്നു. ഇങ്ങനെ ചെയ്തിരിക്കുന്നതിനാൽ നൂറോളം ചെടികൾ നനയ്ക്കാൻ കുറഞ്ഞ സമയം മതി. ജോലിത്തിരക്കിനിടയിൽ ഒരു ദിവസം അരമണിക്കൂർ സമയം മാത്രമേ കൃഷിക്കായി മാറ്റിവെക്കേണ്ട ആവശ്യമുള്ളൂവെന്നും ഷിജു പറയുന്നു.

ഷിജുവിന്റെ ടെറസ്സിലെ കൃഷി രീതികളെക്കുറിച്ച് കൂടുതലറിയാൻ വിളിക്കേണ്ട നമ്പർ: +91 97450 08488