livestoriesonline

Online updates

ചെറുതേൻ പെട്ടി നിറയാൻ എഞ്ചിനീയറുടെ കിടിലൻ ടെക്നിക്

SHARE

ഒരു ഇലക്ട്രിക്കൽ എഞ്ചിനീയർ ആ ജോലി ചെയ്താൽ പോരേ എന്ന് ആരെങ്കിലും ചോദിച്ചാൽ ചിറ്റാർ സ്വദേശി അനൂപിന് വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. അങ്ങനെ എൻജിനീയറായി മാത്രം ജീവിക്കാൻ ഏതായാലും അനൂപിനാകില്ല. നല്ല ഒന്നാന്തരം ഒരു തേനീച്ച കർഷകനാണ് അനൂപ്. തേനീച്ചകളെ വളർത്തി തേൻ ഉണ്ടാക്കി വിൽക്കുക മാത്രമല്ല അനൂപിന്റെ സംരംഭം. തേൻകൂടാതെ, തേൻ കൊണ്ടുള്ള വിവിധ ഉൽപ്പന്നങ്ങളും അനൂപിന്റെ സംരംഭത്തിന്റെ ഭാഗമാണ്.

നന്നായി എങ്ങനെ തേൻ ഉത്പാദിപ്പിക്കാം എന്നത് സംബന്ധിച്ച് ശാസ്ത്രീയമായി പഠിച്ചാണ് അനൂപ് മുന്നോട്ട് പോകുന്നത്. ഒൻപത് വർഷം മുൻപ് ഹോർട്ടികോർപ്പിന്റെയും ഖാദിയുടെയും തേനീച്ച വളർത്തൽ പരിശീലന പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് അനൂപ് ഈ അറിവുകൾ സമ്പാദിച്ചത്. ഇരുപത് വർഷം മുൻപ് തന്നെ പിതാവ് വീട്ടിൽ തേനീച്ച കൃഷി ചെയ്യുന്നുണ്ട്. എന്നാൽ ഇതൊരു വലിയ നഴ്സറിയായും തേനീച്ച വളർത്തലിലെ ആധുനിക രീതികൾ പരീക്ഷിക്കുന്ന ഒരു കേന്ദ്രമായും മാറ്റിയത് ഈ ഇലക്ട്രിക്കൽ എൻജിനീയറാണ്. ഗുണത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന ചെറുതേനീച്ചകളെ എങ്ങനെ വളർത്താമെന്നും അനൂപ് പറയുന്നു. സ്റ്റാൻഡുകളിൽ വിവിധ കോളനികളായി തിരിച്ചു കൊണ്ടാണ് സാധാരണ എല്ലായിടത്തും കാണുന്നതുപോലെ തേനീച്ചകളെ വളർത്തുന്നത്. അതിനായി സൂക്ഷ്മമായി ശ്രദ്ധിക്കാൻ ഒരുപാട് കാര്യങ്ങളും ഉണ്ട്.

നല്ല വൃത്തിയോടെ വേണം തേനീച്ച കോളനി തുറന്ന് തേൻ ശേഖരിക്കാൻ. അധികം വെയിലില്ലാത്ത സമയം ഇതിനായി തിരഞ്ഞെടുക്കേണ്ടത്. അല്ലെങ്കിൽ ശരീരം വിയർക്കും. ആ വിയർപ്പ് ഏതെങ്കിലും തരത്തിൽ കോളനിയിലോ, എടുക്കുന്ന തേനിലോ കലരാൻ പാടില്ല. ഒരു സ്റ്റീൽ പാത്രത്തിലേക്ക് സ്റ്റീൽ അരിപ്പ കൊണ്ട് അരിച്ചെടുക്കുന്ന രീതിയാണ് അനൂപ് സ്വീകരിക്കുന്നത്. ആദ്യം പൂർണ്ണമായും തേൻ ഒഴുകി വരുന്നത് വരെ കാത്തിരിക്കണം. അവസാനം വരുന്ന ഭാഗം പിഴിഞ്ഞെടുത്താൽ തന്നെ അത് ഒരു ഗ്ലാസ് ജാറിൽ ഒരുമാസം വെച്ച ശേഷം പൂമ്പൊടിയും മറ്റും വേർതിരിച്ചെടുക്കാനായി കാത്തിരിക്കണം.

തേനീച്ചകളെ എടുക്കാൻ പോകുന്നതിനു മുൻപായി കാഴ്ച ലഭിക്കത്തക്കവണ്ണം ഉള്ള ഒരു മുഖംമൂടിയും ഫുൾകൈ ഷർട്ടും ഉപയോഗിക്കണം. . തേൻ എടുക്കുന്ന സമയത്ത് സ്വാഭാവികമായും അസ്വസ്ഥമായി തേനീച്ചകൾ നമ്മുടെ തലയിലും ശരീരഭാഗങ്ങളിലും ഒക്കെ വന്നിരിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ തേൻ എടുക്കുന്ന ആൾക്ക് അസ്വസ്ഥത വന്നേക്കാം. ഇടയ്ക്കുവെച്ച് നിർത്തി പോകേണ്ട ജോലി അല്ലാത്തതിനാൽ തന്നെ ഇത്തരം മുൻകരുതലുകൾ വേണമെന്ന് അനൂപ് പറയുന്നു.

തേനീച്ച കോളനി പൊളിച്ചാൽ ആദ്യം ചെയ്യേണ്ടത് റാണിയെ കണ്ടെത്താൻ ആകുമോ എന്നതാണ്. ഇല്ലെങ്കിൽ റാണി മുട്ടയെ കണ്ടെത്തണം. ഇവർ രണ്ടുപേരെയും കിട്ടിയാൽ സുരക്ഷിതമായി മാറ്റിവെക്കണം. മുട്ടയിടുന്ന റാണി ആയതുകൊണ്ട് പറന്നു പോകില്ല എന്ന് അനൂപ് പറയുന്നു. മുട്ടയിടുന്ന ഭാഗത്തായിരിക്കും റാണി ഉണ്ടാകുക. തേൻ ഒഴുകി വരുന്ന രണ്ടാമത്തെ അറയിൽ റാണി ഉണ്ടാകില്ല.

വൃത്തിയാക്കിയ ഒരു ചെറിയ ഈർക്കിൽ കൊണ്ട് മുട്ടയും മറ്റും കണ്ടെത്തുന്നതാണ് ഉചിതം. കൂട്ടത്തിലുള്ള റാണി മുട്ടയെ എങ്ങനെ തിരിച്ചറിയണമെന്നും അനൂപ് പറയുന്നു. സാധാരണ മുട്ടകൾ ഒരു കടുകിന്റെ വലിപ്പമാണ് ഉള്ളതെങ്കിൽ റാണി മുട്ടയ്ക്ക് ചെറുപയറിന്റെ വലിപ്പമെങ്കിലും ഉണ്ടാകും . ഇവയെ മാറ്റിവെക്കുമ്പോൾ ഉറുമ്പ് കയറാത്ത ഭാഗത്ത് ആകണം എന്നത് പ്രത്യേകം ശ്രദ്ധിക്കണം. മാത്രമല്ല മുട്ടകൾ ഇരിക്കുന്ന അറയിലെ തേനുകൾ മഴക്കാലത്ത് തേനീച്ചകൾക്ക് ഉപയോഗിക്കാൻ ഉള്ളതായതുകൊണ്ട് അത് നീക്കം ചെയ്യരുത്.

തേൻ പൂർണമായും നീക്കം ചെയ്താൽ പിന്നീട് റാണിയെയും റാണി മുട്ടയെയും രണ്ട് കോളനികളിൽ ആക്കി വീണ്ടും അടുത്ത ഉൽപാദനത്തിന് വേണ്ടി വെക്കുകയാണ് ജോലി. റാണി മുട്ടയെ കോളനിയിലും, റാണിയെ രണ്ടാമത്തെ കോളനിയിലും കയറ്റിവെച്ച് സുരക്ഷിതമായി കോളനി അടച്ചു ടേപ്പ് കൊണ്ട് വൃത്തിയായി ചുറ്റണം. എടുക്കുന്ന സമയത്ത് തേൻ പെട്ടിയുടെ പുറത്ത് വരാതിരിക്കാൻ ശ്രദ്ധിക്കണം. ഉറുമ്പുകൾ വന്ന് കൂട് ആക്രമിക്കാൻ ഇത് കാരണമാകും. റാണിയുള്ള മദർകോളനിയുടെ ഈച്ചകൾ കയറുന്ന ഭാഗത്തിന് വിപരീതമായി വേണം റാണി മുട്ടയുള്ള കോളനിയുടെ വാതിൽ വരാൻ. ഇങ്ങനെ സൂക്ഷ്മമായി വേണം കാര്യങ്ങൾ ചെയ്യാനെന്ന് അനൂപ് പറയുന്നു.

അനൂപിന്റെ തേനീച്ച ഫാം ഇന്ന് പുതിയ പരീക്ഷണങ്ങളും നടത്തുന്നുണ്ട്. പിവിസി പൈപ്പ് ഉപയോഗിച്ച് തേനീച്ച കോളനി ഉണ്ടാക്കിയാണ് പരീക്ഷണം. അതാകുമ്പോൾ റാണി ഇരിക്കുന്ന ഭാഗം തുറക്കാതെ തന്നെ തേൻ എളുപ്പത്തിൽ എടുക്കാം എന്ന് അനൂപ് പറയുന്നു. ഏതായാലും തേനീച്ച കൃഷി ആഗ്രഹിക്കുന്ന എല്ലാവർക്കും അനൂപിനെ സമീപിക്കാം.

ചെറുതേൻ കൃഷിയെക്കുറിച്ച് കൂടുതലറിയാൻ വീഡിയോ കാണാം.