livestoriesonline

Online updates

പാഴ് വസ്തുക്കൾ കൊണ്ട് ചന്ദ്രൻ നിർമ്മിച്ച പൂന്തോട്ടം

SHARE

ഒരു പൂന്തോട്ടം ഉണ്ടാക്കാൻ എത്ര സ്ഥലം വേണം. ആമ്പല്ലൂർ സ്വദേശി ചന്ദ്രന് എന്തായാലും അതിന് കൃത്യമായ ഒരു ഉത്തരമുണ്ട്. സ്ഥലമില്ല എന്നു പറഞ്ഞ് പരിഭവിച്ച് ആഗ്രഹങ്ങൾ മാറ്റിവെക്കുന്നവർക്ക് മുന്നിൽ ഒന്നാന്തരം ഒരു മാതൃകയാണ് ചന്ദ്രൻ. വീടിനു മുന്നിലെ ഒരു സെന്റ് സ്ഥലത്താണ് ചന്ദ്രന്റെ ഈ അടിപൊളി പൂന്തോട്ടം.

വലിയ പണം ചെലവാക്കി ഒന്നുമല്ല ചന്ദ്രൻ ഈ അടിപൊളി പൂന്തോട്ടം ഉണ്ടാക്കിയത്. ജോലിക്ക് പോകുന്ന സ്ഥലത്ത് നിന്നും ആണ് ചെടികൾ ശേഖരിച്ച് കൊണ്ടുവരാറുള്ളത്. കാര്യമായി പണം ചെലവാക്കി ഒന്നും ചെടിച്ചട്ടികൾ വാങ്ങാറില്ല. വീട്ടിൽ ബാക്കി വരുന്ന പാഴ് വസ്തുക്കൾ ഒക്കെയാണ് ചന്ദ്രന്റെ ചെടിച്ചട്ടികൾ.

ജോലി കഴിഞ്ഞു വന്നാൽ ഈ പൂന്തോട്ടത്തിലാണ് ചന്ദ്രൻ മുഴുവൻ സമയവും. പച്ചപ്പിനോടുള്ള വലിയ താല്പര്യമാണ് ചന്ദ്രനെ പൂന്തോട്ടം ഒരുക്കാൻ പ്രേരിപ്പിച്ചത്. ഈ പൂന്തോട്ടം കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ടെന്ന് ചന്ദ്രൻ പറയുന്നു. ഒന്നാമത്തേത് കാഴ്ച കൊണ്ടുള്ള ഗുണം ആണ്. മനസ്സുനിറയെ സന്തോഷം കിട്ടുന്നതാണ് വീടിനു മുന്നിലെ ഈ പൂക്കൾ. രണ്ടാമത്തേത് വീടിന് ലഭിക്കുന്ന തണുപ്പ് ഈ പൂന്തോട്ടം കൊണ്ട് ഉണ്ടാകുന്നതാണ്. മൂന്നാമതായി ആളുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന നല്ല പ്രതികരണങ്ങളാണ്. ഇതും വലിയ സന്തോഷം ലഭിക്കുന്നതാണെന്ന് ചന്ദ്രൻ പറയുന്നു.

മീൻ ചട്ടിയും ചായക്കപ്പും കുപ്പികളും പഴയ അടുപ്പും പിവിസി പൈപ്പും പൊളിഞ്ഞുപോയ ബക്കറ്റും എല്ലാം ചന്ദ്രന് ചെടിച്ചട്ടികളാണ്. ഇവയെല്ലാം ഉപയോഗിച്ച് വിവിധ മാതൃകകൾ തീർത്താണ് ചെടികൾ നടുന്നത്. വിൽക്കുന്നതിനു വേണ്ടിയല്ല ചന്ദ്രൻ ചെടികൾ നട്ടുവളർത്തുന്നത്. മറ്റുള്ളവർക്ക് പ്രചോദനമായി മാറാനുള്ള ഒരു ശ്രമമാണ് ഇതിനുപിന്നിൽ. എന്തെങ്കിലും ടെൻഷൻ ഉണ്ടെങ്കിൽ ഈ പൂന്തോട്ടത്തിനിടയിൽ കൂടി ഒന്നു നടന്നാൽ എല്ലാം മാറി കിട്ടും. നിറയെ കിളികൾ സന്ദർശകരായി ഇവിടെയുണ്ട്. ഇതിനുപുറമെ ലൗ ബേർഡ്സിന്റെ ഒരു കൂടും ചന്ദ്രൻ ഈ പൂന്തോട്ടത്തിൽ സ്ഥാപിച്ചിട്ടുണ്ട്.

ആദ്യമൊക്കെ ഭാര്യയുടെ വലിയ പിന്തുണയൊന്നും ഉണ്ടായിരുന്നില്ല എന്ന് ചന്ദ്രൻ പറയുന്നു. ഇതെന്തിന് ചെയ്യുകയാണ് എന്നായിരുന്നു ചോദ്യം. പക്ഷേ കാര്യങ്ങൾ കുറച്ചുകൂടി നല്ല രീതിയിൽ വന്നതോടെ ഭാര്യയും പൂർണ്ണപിന്തുണയുമായി സഹായത്തിനുണ്ട്. മണ്ണും ചാണകവും ചകിരിച്ചോറും എല്ലാം നിറച്ചാണ് ചെടികൾ നടുന്നത്. വളമായി ചാണകവെള്ളം ഇടയ്ക്ക് കൊടുക്കാറുണ്ട്. ഇടയ്ക്ക് മനസ്സിൽ വരുന്ന ഓരോ ആശയങ്ങൾ അനുസരിച്ചാണ് ഓരോ രൂപങ്ങൾ തീർക്കുന്നത്. മറ്റുള്ളവർക്ക് പ്രചോദനമാണെങ്കിലും നേരിട്ട് പോയി ചെയ്തു കൊടുക്കാനുള്ള സമയമില്ല എന്ന് ചന്ദ്രൻ പറയുന്നു.

കഴിഞ്ഞ അഞ്ചുവർഷമായി ചന്ദ്രൻ ഈ പൂന്തോട്ടം പരിപാലിച്ചു വരികയാണ്. ഇടയ്ക്ക് മീനുകളെയും വളർത്തുന്നുണ്ട്. കുപ്പികളൊക്കെ തൂക്കിയിട്ടുകൊണ്ട് വിവിധ ഡിസൈനുകളിലായി പൂന്തോട്ടത്തെ അലങ്കരിക്കാനും ചന്ദ്രൻ ശ്രമിച്ചിട്ടുണ്ട്. വാർത്തകളിലും ഈ കുഞ്ഞു പൂന്തോട്ടത്തെ കുറിച്ച് വന്നതോടെ തന്നെ ആളുകൾ ഇപ്പോൾ തിരിച്ചറിയാൻ തുടങ്ങിയെന്ന് ചന്ദ്രൻ പറയുന്നു.