livestoriesonline

Online updates

രണ്ടര സെന്റിലെ പൊലീസ് ഓഫീസറുടെ കഠിനാധ്വാനം

SHARE

സ്ഥലമില്ല, സമയമില്ല ഈ വാക്കുകൾക്കൊന്നും ഇവിടെ പ്രസക്തിയില്ല. രണ്ടര സെന്റിൽ എന്ത് ചെയ്യാൻ പറ്റും എന്ന് ചോദിക്കുന്നവരോട്, വീട്ടിലേക്കുള്ളതെല്ലാം എന്ന് പറയുകയാണ്, അല്ല ചെയ്ത് കാണിച്ചിരിക്കുകയാണ് കേരളാ പൊലീസിൽ സേവനം ചെയ്യുന്ന എഎസ്ഐ ബിന്ദു. തിരുവനന്തപുരം ജില്ലയിലെ മുടവൻമു​കളിലാണ് ബിന്ദുവിന്റെ രണ്ടര സെന്റിലെ ആരെയും അമ്പരപ്പിക്കുന്ന ചെടിവീടുള്ളത്. ചെടികൾ മാത്രമല്ല വീട്ടാവശ്യത്തിനുള്ള പഴങ്ങളും പച്ചക്കറികളും എല്ലാം ഇവിടെ സമൃദ്ധമായി വളരുന്നു.

ചെറുപ്പം മുതലേ ചെടികളോടും പൂക്കളോടും കൃഷിയോടുമെല്ലാം ഏറെ താൽപര്യമുണ്ടായിരുന്ന ബിന്ദു, വീട് പണിയുമ്പോൾ തന്നെ തോട്ടത്തിനായുള്ള കൃത്യമായ സ്ഥലവും ഒരുക്കിയിരുന്നു. മൂന്ന് നിലകളിൽ മൂന്ന് മുഖങ്ങളോട് കൂടിയാണ് വീട് നിർമ്മിച്ചിരിക്കുന്നത്. താഴത്തെ നിലയിലെ പോർച്ചിൽ നിന്നും ആരംഭിക്കുന്ന ചെടികൾ മട്ടുപ്പാവിൽ വരെ നിറഞ്ഞു നിൽക്കുന്നു.

വീടിന്റെ പ്രധാന കവാടത്തിന് അടുത്തായി ചെറിയൊരു സ്ഥലത്ത് വെർട്ടിക്കൾ ​ഗാർഡൻ സെറ്റ് ചെയ്തിരിക്കുന്നു. വീടിനുള്ളിലേക്ക് കയറി വരുന്ന പടികളിലും നിറയെ ചെടികൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. മുറ്റത്ത് കോൺക്രീറ്റ് ഇടുന്നതിന് പകരം വീടിന്റെ മൂന്ന് വശത്തും മണ്ണിലാണ് ചെടികളും പഴച്ചെടികളും പച്ചക്കറികളുമെല്ലാം നട്ടുപിടിപ്പിച്ചിരിക്കുന്നത്.

സിറ്റ്ഔട്ടിൽ നിറയെ ഇൻഡോർ ചെടികൾ കൊണ്ട് നിറച്ചിരിക്കുന്നു. വീടിന് ചുറ്റും ഹാങ്ങിം​ഗ് പ്ലാന്റുകളും എയർ പ്ലാന്റുകളും ഓർക്കിഡുകളുമെല്ലാം നട്ടുവളർത്തിയിട്ടുണ്ട്. കിണറിനു ചുറ്റും ആന്തൂറിയവും വളർത്തുന്നു. ആപ്പിൾചെറി, മാം​ഗോസ്റ്റീൻ, പേര, അമ്പഴം, സീതപ്പഴം, മാവ്, മാതളം, സപ്പോട്ട, ഡ്രാ​ഗൺഫ്രൂട്ട്, ചൈനീസ് ഓറ‍ഞ്ച്, മിറാക്കിൾ ഫ്രൂട്ട്, മുന്തിരി, കൈത എന്നിങ്ങനെ നീളുന്നു മട്ടുപ്പാവിലെ കൃഷികൾ.

ചെടികൾ നിറഞ്ഞു നിൽക്കുന്നതിനാൽ വീടിനുള്ളിൽ എപ്പോഴും നല്ല തണുപ്പാണ്. കിഴക്ക് ദർശനമായിട്ടാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഹാളിൽ തന്നെയാണ് അടുക്കളയും ക്രമീകരിച്ചിരിക്കുന്നത്. വീടിന് അകത്തും നിറയെ ചെടികളാണ്. ഓപ്പൺ കിച്ചൺ ആയതിനാൽ സന്ദർശകരുണ്ടെങ്കിൽ അവരോട് സംസാരിക്കാനും അടുക്കള ജോലികൾ എളുപ്പത്തിൽ തീർക്കാനും സാധിക്കുമെന്ന് ബിന്ദു പറയുന്നു.

വീടിന് അകത്ത് ചെടികളുള്ളതിനാൽ നല്ലയൊരു പോസിറ്റീവ് എനർജിയാണ്. അടുക്കളയോട് ചേർന്ന് ചെറിയൊരു വർക്ക് ഏരിയയുണ്ട്. അവിടെയും നിറയെ ചെടികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. സൺഷേഡ് നീട്ടിപിടിച്ച് അവിടെയും ചെടികൾ നട്ടുവളർത്താനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അവിടെയാണ് ഓർക്കിഡ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഓർക്കിഡ് ചെടികൾക്ക് തണൽ ലഭിക്കാനായി പാഷൻഫ്രൂട്ടും പടർത്തിയിട്ടുണ്ട്.

കേരളാ പൊലീസിൽ ബിന്ദു സേവനം തുടങ്ങിയിട്ട് ഇരുപത്തി രണ്ട് വർഷത്തോളമായി. തിരക്കുനിറഞ്ഞ ജോലിക്കിടയിലും കൃഷിയെ സ്നേഹിക്കുന്നതിലും ചെടികളെ പരിപാലിക്കുന്നതിലും ആനന്ദം കണ്ടെത്തുന്നു. പൂക്കളും ചെടികളുമെല്ലാം കാണുമ്പോ എല്ലാവരും ചോദിക്കാറുണ്ട്, എങ്ങനെയാണ് ഇതൊക്കെ നട്ടുപരിപാലിക്കുന്നതെന്ന്… പൂക്കള‍ും ചെടികളുമെല്ലാം പണ്ടേ വലിയ ഇഷ്ടമാണ്, പൂക്കൾ കാണുമ്പോഴും പഴങ്ങൾ കിട്ടുമ്പോഴുമൊക്കെ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണെന്ന് ബിന്ദു പറയുന്നു. വീട്ടാവശ്യത്തിനുള്ള പഴങ്ങളും പച്ചക്കറികളുമൊക്കെ എപ്പോഴും കിട്ടാറുണ്ട്. ടെറസ്സിൽ മുപ്പതോളം പഴച്ചെടികൾ ഡ്രമ്മിൽ നട്ടുവളർത്തുന്നുണ്ട്.