livestoriesonline

Online updates

വീട്ടുമുറ്റത്ത് ഫ്രൂട്ട് ഫോറസ്റ്റ് ഒരുക്കി മനോജ്

SHARE

വൈപ്പിൻ ഇടവനക്കാട് സ്വദേശി മനോജിന്റെ വീട് ഇന്ന് വെറുമൊരു വീടല്ല, ഇതൊരു കാടാണ്. പുതിയ കാലത്ത് കാട് തേടി പോകുന്ന മനുഷ്യർക്ക് സ്വന്തം വീട് തന്നെ ഒരു കാടാക്കി മാറ്റി പ്രകൃതിക്കൊപ്പം ചേർന്ന് ജീവിക്കുകയാണ് ഡാറ്റാ റിക്കവറി എൻജിനീയറായ മനോജ്. പ്രകൃതിയോട് ഇണങ്ങി നിൽക്കണമെന്ന കാലഘട്ടത്തിന്റെ സന്ദേശം പകർന്നു കൊണ്ടാണ് മനോജ് വീട് ജൈവസമ്പത്തിന്റെ വലിയൊരു കേന്ദ്രമാക്കി മാറ്റിയത്.

സുവോളജി അധ്യാപകനും പരിസ്ഥിതി സ്നേഹിയുമായ ജോൺസി ജേക്കബ് ആണ് മനോജിന് പ്രേരണയായത്. അദ്ദേഹത്തിന്റെ ലേഖനങ്ങളും എഴുത്തുകളും എല്ലാം മനോജിനെ ആകർഷിച്ചു. അങ്ങനെ പത്ത് സെന്റിൽ തുടങ്ങിയ വനം ഇന്ന് വീടിനു ചുറ്റുമുള്ള ഒന്നര ഏക്കറിൽ എത്തിനിൽക്കുന്നു. ഇപ്പോഴാകട്ടെ മരങ്ങൾ ഉൾപ്പെടെ എഴുപതോളം സസ്യങ്ങളുടെ വലിയൊരു ആവാസവ്യവസ്ഥയും കൂടിയാണ് ഇവിടം.

മരങ്ങളിൽ കൂടുതലും പ്ലാവാണ്. ഭക്ഷ്യസുരക്ഷ കൂടി ഉറപ്പുവരുത്തിയാണ് മനോജ് പ്ലാവുകൾ നടാൻ തുടങ്ങിയത്. നാട്ടിൽ ചുറ്റിനടന്ന് ശേഖരിക്കുന്ന വിത്തുകൾ പാകിയാണ് വനം ഉണ്ടാക്കിയത്. രാവിലെ സൈക്കിളിൽ ഒഴിഞ്ഞ പറമ്പിലും കാവിലും ഒക്കെ എത്തും. ഇങ്ങനെ ശേഖരിക്കുന്ന വിത്തുകൾ സ്കൂളുകൾക്ക് സൗജന്യമായി നൽകാറുണ്ടെന്നും മനോജ് പറയുന്നു. അഞ്ഞൂറോളം തൈകൾ സൗജന്യമായി നൽകിയിട്ടുണ്ട്. ചിലയിടങ്ങളിൽ പോയി നട്ടുകൊടുക്കാറുണ്ടെന്നും എൻജിനീയർ കൂടിയായ മനോജ് പറയുന്നു.

കാട് നട്ടുപിടിപ്പിക്കുന്നതിനും മനോജിന്റെതായ രീതികൾ ഉണ്ട്. ഒന്നര ഏക്കറിലുള്ള കരിയിലകളും മറ്റു ജൈവ വസ്തുക്കളും പത്തുസെന്റിൽ കൊണ്ടിട്ടാണ് തുടങ്ങിയത്. പുതയിടുക എന്നാണ് ഇതിന് പറയുന്നത്. കരിയിലകളും മറ്റു ജൈവ വസ്തുക്കളും മണ്ണിൽ കിടന്ന് മണ്ണിര ഉൾപ്പെടെ സൂക്ഷ്മജീവികൾ ഉണ്ടാകും. അത് പിന്നീട് വലിയൊരു വളമായി മാറും. മഴവെള്ളവും മറ്റെവിടേക്കും ഒഴുകാതെ ശേഖരിക്കപ്പെടും. മേൽമണ്ണും സംരക്ഷിക്കപ്പെടും. അങ്ങനെ പതുക്കെ പതുക്കെ പത്ത് സെന്റിലെ കാട് ഒന്നര ഏക്കറിലേക്ക് വളർന്നു.

പാഴ് മരങ്ങൾ പോലും വെട്ടി ഒഴിവാക്കില്ല എന്ന് മനോജ് പറയുന്നു. പരമാവധി പഴങ്ങൾ കിട്ടുന്ന മരങ്ങളാണ് നടുക. ഇതോടെ വർഷം മുഴുവൻ ഭക്ഷ്യ സമൃദ്ധിയാണ്. പറമ്പിൽ നിന്ന് ശേഖരിക്കാൻ നമ്മൾ പഠിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. പറമ്പിലെ ചീരകളും മറ്റ് യോഗ്യമായ ഒരുപാട് ഇലകളും നമുക്ക് പാകം ചെയ്ത് കഴിക്കാവുന്നവയാണ്. പഴയ തലമുറയിലെ അമ്മമാർക്ക് ഇതിനെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരുന്നു. അറിവ് സമ്പാദിച്ച് ഇലകൾ ശേഖരിക്കാൻ പഠിക്കണം എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

ഇവിടം ഒരു കൃഷിയായി വിശേഷിപ്പിക്കാൻ മനോജിന് താല്പര്യമില്ല. പഴങ്ങൾ നിറഞ്ഞ ഒരു കാടാണ് ഇത്. വീട്ടിലിരുന്നാണ് ജോലി മുഴുവൻ ചെയ്യുന്നത്. നാട്ടുമാവുകൾ പൊതുവേ ഇല്ലാതാകുന്ന ഈ കാലത്ത് എൺപത് വർഷം പഴക്കമുള്ള നല്ല ഒന്നാന്തരം നാട്ടുമാവും മനോജിന്റെ ഈ വീട്ടുപുരയിടത്തിൽ ഉണ്ട്. എന്തിനാണ് ഇങ്ങനെ കാട് വെച്ച് പിടിപ്പിക്കുന്നത് എന്ന് ചോദിക്കുന്നവർക്ക് മനോജിന് വിശദമായ ഉത്തരമുണ്ട്. ശുദ്ധ വായു എന്നത് ഈ കോവിഡ് കാലത്ത് പോലും ഒരുപാട് ചർച്ച ചെയ്ത വിഷയമാണ്. ശുദ്ധമായ ജലം ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

‘ഈറ്റ് ലോക്കൽ’ എന്നതാണ് തന്റെ പോളിസി, അതായത് വീടിന്റെ പരിസരത്തുനിന്ന് ലഭിക്കുന്നത് കഴിക്കാൻ ശ്രമിക്കുക എന്ന നയം ആരോഗ്യകരമായി ഒരുപാട് ഗുണം ചെയ്യുന്നതായി മനോജ് പറയുന്നു. ജൈവവളം പോലും ഉപയോഗിക്കാതെ ചാണകവും ഗോമൂത്രവും ഉപയോഗിച്ചാണ് മരങ്ങൾക്കുള്ള വളങ്ങൾ നൽകുന്നതെന്നും മനോജ് പറയുന്നു. വീടിനു ചുറ്റും സമൃദ്ധി കൊണ്ടുവരാനുള്ള തന്റെ ശ്രമമാണ് ഇവിടെ വിജയം കാണുന്നത് എന്നും ഏറെ ആത്മവിശ്വാസത്തോടെ മനോജ് പറയുന്നു.