livestoriesonline

Online updates

ഹൈടെക് പന്നിഫാം

SHARE

പരമ്പരാഗത രീതിയിലുള്ള പന്നി ഫാമിൽ നിന്ന് അൽപം മാറി ചിന്തിച്ചിരിക്കുകയാണ് യുവകർഷകനായ കോട്ടയം മരങ്ങാട്ടുപിള്ളി സ്വദേശി മാത്തുക്കുട്ടി. കൂടുതൽ ഫാമുകളും മാംസ വിൽപനയ്ക്കായി മാത്രം പന്നികളെ വളർത്തുമ്പോൾ ഇവിടെ പ്രജനന ആവശ്യങ്ങൾക്കായും കൂടി വ്യത്യസ്ത ഇനങ്ങളിലുള്ള പന്നികളെ വളർത്തുന്നതിലാണ് കൂടുതൽ ശ്രദ്ധ. അതിലുപരി പന്നി ഫാമിൽ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ മാലിന്യ സംസ്കരണത്തിലും മികച്ച രീതിയിലുള്ള പരിഹാരവും അതിൽ നിന്ന് നല്ലൊരു വരുമാനവും ലഭിക്കുന്നുണ്ട്. പന്നി ഫാം എന്ന് കേൾക്കുമ്പേൾ മൂക്കുപൊത്തുന്നവർക്ക് മണവും വേസ്റ്റുമെല്ലാം മികച്ച രീതിൽ ഫലപ്രദമാക്കാനുള്ള ആശയവും മാത്തുക്കുട്ടിയുടെ പക്കലുണ്ട്.

രണ്ടു മാസം പ്രായമുള്ള നാലു പന്നികളിൽ നിന്നും നാലു വർഷം മുമ്പ് ആരംഭിച്ച ഫാമിൽ ഇപ്പോൾ ഏകദേശം നാനൂറ്റമ്പതോളം പന്നികളുണ്ട്. ആദ്യത്തെ ഒരു വർഷക്കാലം മാത്തുക്കുട്ടി സ്വന്തമായി തന്നെ പന്നികളെ പരിപാലിച്ചു. വളരെ ചെറിയ രീതിയിൽ തുടങ്ങി മുന്നോട്ട് പോവുകയാണെങ്കിൽ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുവാൻ സാധിക്കും. നൂറു പന്നികളുള്ള ഒരു ഫാമിൽ നിന്ന് ഒരു മാസം ഏകദേശം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനം ലഭിക്കുമെന്നും മാത്തുക്കുട്ടി പറയുന്നു.

വളരെ അധികം സാധ്യതകളുള്ള ഒരു മേഖലയാണ് പന്നി വളർത്തൽ. ഉയർന്ന തീറ്റ പരിവർത്തന ശേഷിയും വളരെ കുറഞ്ഞ ചിലവിൽ തീറ്റ ലഭിക്കുന്നതിനുള്ള സാഹചര്യവും, ഒരു പ്രസവത്തിൽ തന്നെ പത്തിൽ കൂടുതൽ കുഞ്ഞുങ്ങളെ ലഭിക്കുന്നതും, കുറഞ്ഞ ഗർഭകാലവുമെല്ലാം ഇതിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു. ഇവിടുത്തെ ഫാമിൽ ഇറച്ചി ആവശ്യങ്ങൾക്കായും പ്രജനനത്തിനായും പന്നികളെ വളർത്തുന്നുണ്ട്.

പ്രജനന ഫാമിൽ നിന്നും കുഞ്ഞുങ്ങളെ വളർത്തി ഇറച്ചി ആവശ്യങ്ങൾക്കായി മീറ്റ് പ്രോസസിംഗ് യൂണിറ്റിലേയ്ക്ക് എടുക്കുന്നു. അതുപോലെ തന്നെ പുറത്ത് വിൽപ്പനയും നടത്തുന്നുണ്ട്. പ്രജനനത്തിനായി പ്രധാനമായും ഡ്യൂറോക്, ലാൻ‌ഡ്രേസ്, ലാർജ് യോർക്ക്ഷയർ എന്നീ ഇനങ്ങളെയാണ് വളർത്തുന്നത്.

രണ്ടു മാസം കഴിയുമ്പോൾ മുതൽ ഇറച്ചി ആവശ്യങ്ങൾക്കുള്ള കുഞ്ഞുങ്ങൾക്ക് ഭക്ഷണ അവശിഷ്ടങ്ങളാണ് പ്രധാനമായും കൊടുക്കുന്നത്. പുറത്തു നിന്നും ലഭിക്കുന്ന അവശിഷ്ടങ്ങൾ ചൂടാക്കിയതിനു ശേഷം നൽകുന്നതിനാൽ വിഷാംശങ്ങളും അണുക്കളുമെല്ലാം നശിക്കുന്നു. അതിനോടൊപ്പം കോഴി ഫാമിൽ നിന്നുള്ള അവശിഷ്ടവും ഹാച്ചറിയിൽ നിന്നുള്ള മുട്ടയും വേവിച്ചതിനു ശേഷം അരിഞ്ഞെടുത്ത പുല്ലും കൂടി യോജിപ്പിച്ച് നൽകുന്നു. അതിനാൽ പന്നികൾക്കാവശ്യമായ കാർബോഹൈഡ്രറ്റും പ്രോട്ടീനും കാൽസ്യവും നാരുകളുമെല്ലാം ഈ സമീക‍ൃത തീറ്റയിലൂടെ ലഭിക്കുന്നു.

രണ്ടു നേരമായാണ് തീറ്റ നൽകുന്നത്. രാവിലെ ഏഴു മണിക്കും വൈകീട്ട് അഞ്ചു മണിക്കും. പ്രസവം കഴിഞ്ഞ തള്ളപ്പന്നികൾക്ക് പ്രത്യേകം തയ്യാറാക്കിയ ഭക്ഷണമാണ് നൽകുന്നത്. ഭക്ഷണ അവശിഷ്ടങ്ങൾ വളരെ കുറച്ചു മാത്രമേ നൽകുകയുള്ളൂ. ഹാച്ചറിയിൽ നിന്നുള്ള മുട്ടയും പുല്ല് അരിഞ്ഞതും തേങ്ങാപിണ്ണാക്കും കുറച്ച് ഭക്ഷണ അവശിഷ്ടങ്ങൾ കൂടി യോജിപ്പിച്ചെടുന്ന തീറ്റക്രമമാണുള്ളത്. അതിനു പുറമേ ചോളത്തവിട്, കടലത്തൊണ്ട്, അരിത്തവിട് എന്നിവയും ഫീ‍‍ഡറുകളും മിനറൽ മിക്സറുകളും കാൽസ്യവുമെല്ലാം ഓരോ ഘട്ടത്തിലും പ്രത്യേകം നൽകുന്നുണ്ട്.

മാലിന്യ സംസ്കരണത്തിനായി തീറ്റ അവശിഷ്ടങ്ങളും കൂടു വ‍ൃത്തിയാക്കുന്ന അവശിഷ്ടങ്ങളുമെല്ലാം കോരിയെടുത്ത് കബോസ്റ്റ് ചെയ്യുന്നു. പ്രഷർ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനാൽ വളരെ കുറച്ചു മാത്രമേ വെള്ളം ആവശ്യമുള്ളൂ.

കുളിപ്പിക്കുന്നതും കൂടു കഴുകുന്നതുമായ വെള്ളം നെറ്റ് ഘടിപ്പിച്ച ടാങ്കുകളിലൂടെ കടത്തി വിട്ടാണ് സെപ്റ്റിംക് ടാങ്കിലേയ്ക്ക് ശേഖരിക്കുന്നത്. അതുകാരണം ഖരാപദാർത്ഥങ്ങളെല്ലാം സെപ്റ്റിംക് ടാങ്കിൽ എത്താതെ കോരി മാറ്റി ബയോഗ്യാസ് പ്ലാന്റിലേയ്ക്ക് നിക്ഷേപിക്കുന്നു. ഖരാപദാർത്ഥങ്ങളെല്ലാം കോരിമാറ്റുന്നതിനാൽ സെപ്റ്റിംക് ടാങ്കിൽ മലിനജലം മാത്രമേ എത്തുകയുള്ളൂ. ബയോഗ്യാസ് പ്ലാന്റിൽ നിന്നും ലഭിക്കുന്ന സ്ലറി കമ്പോസ്റ്റാക്കി മാറ്റുന്നു. ഇതുമൂലം ഖരമാലിന്യങ്ങൾ നല്ലരീതിയിൽ സംസ്കരിക്കാൻ സാധിക്കുന്നുണ്ട്. മൂന്ന് അറകളുള്ള സെപ്റ്റിംക് ടാങ്കാണ്. ആദ്യത്തെ അറിയലെത്തുന്ന മലിന ജലം കുറച്ചു ശുദ്ധമായി രണ്ടാമത്തെ അറയിൽ എത്തുന്നു. അവിടെ നിന്നും മൂന്നാമത്തെ അറയിൽ എത്തുമ്പോഴേയ്ക്കും നല്ല രീതിയിൽ തന്നെ ശുദ്ധമായി കിട്ടുന്നു. ഈ വെള്ളം മറ്റൊരു ടാങ്കിൽ ശേഖരിച്ച് കൃഷി ആവശ്യത്തിനുള്ള ജലസേചനത്തിനായി ഉപയോഗിക്കുന്നു. വെള്ളത്തിന് യാതൊരുവിധ മണമോ കാര്യങ്ങളോ ഒന്നുമില്ല. അതുപോലെ തന്നെ ചെടികൾക്കൊക്കെ വളരെ നല്ലതുമാണ്.

ബയോഗ്യാസ് പ്ലാന്റിൽ നിന്നും എടുക്കുന്ന സ്ലറി കമ്പോസ്റ്റാക്കി ഉണക്കി ചാക്കുകളിൽ നിറച്ചുവെയ്ക്കുന്നു. ഓർഡറനുസരിച്ച് ഏലത്തിനും കുരുമുളകിനും, തേയിലയക്കും റബറിനുമൊക്കെയുള്ള വളമായി വിൽപ്പനയും നടത്തുന്നു. ഇതിൽ നിന്നും നല്ലയൊരു വരുമാനവും ലഭിക്കുന്നുണ്ടെന്ന് മാത്തുക്കുട്ടി.

പന്നി ഫാമിൽ അഭിമുഖീകരിക്കുന്ന മറ്റൊരു വലിയ പ്രശ്നമാണ് അന്തരീക്ഷത്തിലുണ്ടാകുന്ന മണം. അത് പരിഹരിക്കുന്നതിനുള്ള മാർഗവും മാത്തുക്കുട്ടിയുടെ പക്കലുണ്ട്.

മാർക്കറ്റിൽ നിന്നും ചെറിയ വിലയക്ക് ലഭിക്കുന്ന കശുവണ്ടിയുടെ തൊണ്ട് ചുടുകട്ടകൊണ്ട് കെട്ടിയുണ്ടാക്കിയ പ്രത്യേക അടുപ്പിൽ പുകയ്ക്കുന്നു.അതിനാൽ കശുവണ്ടിയുടെ നല്ലൊരു മണം കാറ്റിനനുസരിച്ച് ആ പ്രദേശത്താകെ വ്യാപിക്കും. അതുപോലെ തന്നെ പുകയിൽ നിന്ന് ഫാമിലുള്ള അണുക്കൾ നശിക്കുന്നതിനും സഹായകരമാണ്.

പുതിയതായിട്ട് ഈ മേഖലയിലേയ്ക്ക് വരാൻ താൽപര്യമുള്ളവരോട് ചില കാര്യങ്ങൾ മാത്തുക്കുട്ടിക്ക് പറയാനുണ്ട്. അധികം ആൾ സഞ്ചാരമൊന്നും ഇല്ലാത്ത ആളൊഴിഞ്ഞ ഒരിടം വേണം തെരെഞ്ഞെടുക്കാൻ. അതുപോലെ തന്നെ തുടങ്ങുന്നതിനു മുൻപ് തന്നെ ലൈസൻസ് എടുക്കാൻ വേണ്ട എല്ലാ മാനദണ്ഡങ്ങളും അവിടെയുണ്ടോ എന്ന് ഉറപ്പു വരുത്തണം. അതു കഴിഞ്ഞ് മാത്രമേ ഫാമിന്റെ പണി ആരംഭിക്കാവൂ. ഒരു കാരണവശാലും വലിയൊരു പൈസ മുടക്കി പെട്ടെന്ന് ഇതിലേക്ക് ഇറങ്ങരുത്. വളരെ ചെറിയ രീതിയിൽ തുടങ്ങി ഘട്ടം ഘട്ടമായി മാത്രമേ വികസിപ്പിക്കാവൂ. കേരളത്തിലെ പന്നികർഷകരുടെ സംഘടനയായ പിഗ് ഫാർമേഴ്സ് അസോസിയേഷനിലെ സംസ്ഥാനതല അംഗം കൂടിയാണ് മാത്തുക്കുട്ടി.