livestoriesonline

Online updates

ന​ഗരമധ്യത്തിൽ പറുദീസയൊരുക്കി അലക്സ്

SHARE

കൃഷിയോട് അടങ്ങാത്ത അഭിനിവേശമുള്ള മനുഷ്യൻ. ന​ഗരമധ്യത്തിൽ വീടും പരിസരവും സംയോജിത കൃഷി രീതിയിലൂടെ ഒന്നാന്തരം ഒരു തോട്ടമാക്കി മാറ്റിയിരിക്കുന്ന ഒരാൾ. കോട്ടയം പാതാമ്പുഴ സ്വദേശിയും ഇപ്പോൾ കാക്കനാട് സ്ഥിരതാമസവുമാക്കിയ പിസി അലക്സാണ്ടറിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. എഴുപത്തിരണ്ട് വയസ്സുള്ള അലക്സാണ്ടറിന് ചെറുപ്പം മുതലേ കൃഷിയോട് തോന്നിയ തീരാത്ത ഇഷ്ടമാണ് ഈ പ്രായത്തിലും അദ്ദേഹത്തെ കൃഷിയിലേക്ക് നയിക്കുന്നത്.

കാക്കനാട് സ്വന്തമായുള്ള പന്ത്രണ്ട് സെന്റിൽ മൂന്നു തരത്തിലാണ് അലക്സാണ്ടറിന്റെ ഇപ്പോഴത്തെ കൃഷി. പ്രധാനമായും മത്സ്യകൃഷിയും പച്ചക്കറി കൃഷിയും പഴവർഗ്ഗങ്ങളുടെ കൃഷിയുമാണുള്ളത്. നേരിട്ട് കർഷകരുടെ അടുത്ത് നിന്ന് പരമാവധി വിത്തുകൾ ശേഖരിച്ചാണ് കൃഷി ചെയ്യുന്നത്. ചില വിത്തുകൾ ഫാമുകളിൽ നിന്നും കൊണ്ടുവരാറുണ്ട്.

മാവുകളുടെ വലിയ ശേഖരമാണ് ഈ കൃഷിത്തോട്ടത്തിൽ ഉള്ളത്. കർപ്പൂരമാവും, അൽഫോൻസയും, കാലാപാടിയും, നീലവും, പെട്രീഷയും, എറണാകുളത്തിന്റെ സ്വന്തം ചന്ദ്രക്കാരനും ഒക്കെ ഈ തോട്ടത്തിലെ പ്രധാനപ്പെട്ട മാവിനങ്ങളാണ്. ശാസ്ത്രീയമായി എല്ലാ വശങ്ങളും പഠിച്ചു കൊണ്ടാണ് അലക്സാണ്ടറിന്റെ നൂതന കൃഷി രീതികൾ.

പ്ലാവുകളുടെ വലിയ ശേഖരവും ഈ തോട്ടത്തിലുണ്ട്. ആപ്പിൾ പോലെ ചുവന്ന നിറത്തിലുള്ള തായ്‌ലൻഡ് ചാമ്പയും, റമ്പുട്ടാനുമെല്ലാം പഴത്തോട്ടത്തിലെ വലിയ താരങ്ങളാണ്. നൂറിലധികം ​ഗൗരാമി കുഞ്ഞുങ്ങളും മൂന്നൂറിലധികം അനാബസ് മീനുകളും മത്സ്യ കൃഷിയിലെ പ്രധാന ആകർഷണമാണ്. ചേമ്പുകളാണ് ഗൗരാമിക്കുഞ്ഞുങ്ങൾക്ക് തീറ്റയായി നൽകുന്നത്. കൃഷികൾക്കിടയിൽ ചേമ്പുകൾ നടുന്നത് പറമ്പിലെ കള ഇല്ലാതാക്കാനും നല്ലതാണെന്ന് അലക്സാണ്ടർ പറയുന്നു.

കേരളത്തിൽ വന്നിരിക്കുന്ന കൃഷിയിലെ മാറ്റത്തെക്കുറിച്ച് വ്യക്തമായ പഠനങ്ങൾ നടത്തിയാണ് അലക്സാണ്ടർ തന്റെ കൃഷിയുമായി മുന്നോട്ടുപോകുന്നത്. ഹൈറേഞ്ചിലടക്കം കൃഷി ചെയ്ത പരിചയവും അലക്സാണ്ടറിന് മുതൽക്കൂട്ടായുണ്ട്. ഇരുപത് വർഷത്തിലധികം വിദേശത്ത് ക്വാളിറ്റി കൺട്രോളറായി പ്രവർത്തിച്ച ഇദ്ദേഹം കൃഷിയോടുള്ള താല്പര്യം കൊണ്ടാണ് നാട്ടിലേക്ക് വന്നത്. എല്ലാത്തരം കൃഷിക്കും പറ്റിയ ഇടമാണ് പ്രകൃതി അനുഗ്രഹിച്ച കേരളമെന്ന് അലക്സാണ്ടർ പറയുന്നു.

വെറും രണ്ടായിരം രൂപയ്ക്ക് വാങ്ങിയ സ്ഥലത്താണ് അലക്സാണ്ടർ ഇപ്പോൾ കൃഷി ചെയ്യുന്നത്. രണ്ട് ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ഒന്നാന്തരം ഒരു കിണറും ഇവിടെയുണ്ട്. വീടിന്റെ ഗേറ്റിന്റെ പുറത്തുള്ള സ്ഥലത്ത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ മരങ്ങളും നട്ടുവളർത്തിയിട്ടുണ്ട്. ഇതൊരു പാർക്ക് ആയിട്ടാണ് സമീപവാസികളായ ആളുകൾ ഉപയോ​ഗിക്കുന്നത്. അലക്സാണ്ടറിന്റെ മുഴുവൻ സംരംഭങ്ങൾക്കും പൂർണ്ണ പിന്തുണയുമായി ഭാര്യ ജെസ്സിയും ടിസിഎസ് ജോലിക്കാരായ മക്കളും കൂടെയുണ്ട്.