livestoriesonline

Online updates

സെലിബ്രിറ്റി പൂന്തോട്ടം

SHARE

സ്വന്തം പരിശ്രമം കൊണ്ട് ഏതൊരാൾക്കും വീടിനു മുന്നിൽ ഒരു പൂന്തോട്ടം ഉണ്ടാക്കാൻ കഴിയുമെന്ന് ഇതിനകം നമ്മൾ കണ്ടിട്ടുണ്ട്. ഇത് അങ്ങനെ ഒരു കഥയല്ല. എറണാകുളം വൈപ്പിൻ ഇടവനക്കാട് നന്ദനം ഗാർഡൻസ് ഇരുപത്തയ്യായിരത്തിൽ പരം ചെടികളുടെ വലിയൊരു പൂന്തോട്ടമാണ്. വീട്ടമ്മയായ നജ്മയാണ് വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിനൊടുവിൽ അപൂർവങ്ങളിൽ അപൂർവങ്ങളായ സസ്യങ്ങളെ വരെ ഉൾപ്പെടുത്തി ഒന്നാന്തരം ഒരു നഴ്സറി ഉണ്ടാക്കിയെടുത്തത്.

നജ്മയെ നിങ്ങൾ പെട്ടെന്ന് തിരിച്ചറിയില്ല. എന്നാൽ മലയാള സിനിമ – സീരിയൽ രംഗത്തെ അറിയപ്പെടുന്ന നടനായ അബ്ദുൽ മജീദിനെ നിങ്ങൾക്കറിയാം. അദ്ദേഹത്തിന്റെ ഭാര്യയാണ് ഈ കഠിനാധ്വാനി. മുപ്പത്തിയഞ്ചുവർഷമായുള്ള അധ്വാനത്തിന്റെ ഫലമാണ് നജ്മയുടെ നന്ദനം. പലതരം വ്യത്യസ്തമായ ചെടികളുടെ വലിയ ശേഖരം തന്നെയാണ് ഇവിടുത്തെ പ്രത്യേകത.

എൺപതിലധികം ബോഗൻ വില്ലകൾ ഇവിടെയുണ്ട്. നാനൂറിലധികം കള്ളിമുൾച്ചെടികൾ, ഇരുന്നൂറിലധികം ബോൺസായികൾ, നൂറിലധികം അഡീനിയ, അഗ്ലോണിമ അങ്ങനെ തീരുന്നില്ല ഈ വൈവിധ്യങ്ങൾ. കലാത്തിയ, ബ്രൂമിലിയാഡ്സ്, കലേഡിയം, സകുലൻസ്, ഹോയാസ്, ഡിഷീഡിയ, ലിപ്സ്റ്റിക് പ്ലാന്റ്സ് തുടങ്ങി പറഞ്ഞാൽ തീരില്ല വൈവിധ്യങ്ങളായ ചെടികളുടെ നീണ്ട നിര. ഒരോ ചെടികളും വലിപ്പച്ചെറുപ്പവും നിറത്തിലെ ചെറിയ വ്യത്യാസങ്ങളും കൊണ്ട് വൈവിധ്യം നിറഞ്ഞതാണ്.

ക്രിസ്തു ദേവന്റെ തലയിലെ മുൾക്കിരീടം ആയിട്ടുള്ള ഹോളി ഹോക്ക് ചെടിയും ഇവിടെയുണ്ട്. ബുദ്ധന്റെ ബോധിവൃക്ഷം വേണമെങ്കിലും ഇവിടെയെത്തിയാൽ കാണാം. ഇതിന് മുപ്പത്തിയഞ്ച് വർഷത്തെ പഴക്കമുണ്ട്. കുപ്പികൾക്ക് കോർക്ക് നിർമ്മിക്കുന്ന ബോക്സ് വുഡ് ചെടിയും ഇവിടെയുണ്ട്. ചെടികളിൽ ഏറെയും നജ്മ നേരിട്ട് ശേഖരിക്കുന്നതാണ്. ചിലത് ഭർത്താവിന്റെ ഷൂട്ടിംഗ് യാത്രകളിൽ ലഭിക്കുന്നു. താൻ പറഞ്ഞാൽ പലയിടത്തുനിന്നും സാധനങ്ങൾ വാങ്ങിക്കൊണ്ടുവന്ന് ഭർത്താവ് മജീദ് പൂർണ്ണ പിന്തുണ നൽകുന്നതായും നജ്മ പറയുന്നു. സഹോദരിക്കും നഴ്സറി ഉള്ളതുകൊണ്ടുതന്നെ പല ചെടികളും അവിടെ നിന്നും ലഭിക്കും. മറ്റു സുഹൃത്തുക്കളും തനിക്കുവേണ്ടി ചെടികൾ കൊണ്ടുവന്ന് തരാറുണ്ടെന്ന് നജ്മ പറയുന്നു.

ഉദ്യാന ശ്രേഷ്ഠ അവാർഡ് ജേതാവ് കൂടിയാണ് നജ്മ. നിരവധിപേർക്ക് ഇത്തരം വിഷയങ്ങളിൽ ക്ലാസ് എടുത്തു നൽകാറുണ്ട്. മാനസികാരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ് തന്റെ ഈ പ്രവർത്തി എന്ന നജ്മ പറയുന്നു. ഏതെങ്കിലും സീസണിൽ മാത്രം പുഷ്പിക്കുന്ന പ്ലാന്റുകൾ വയ്ക്കാറില്ല. കമ്പും തൈയും ഒക്കെയായി ശേഖരിച്ചു കൊണ്ടാണ് ചെടി നടുന്നത്. ഗ്രാഫ്റ്റിങ്ങും ലെയറിങ്ങും ഒക്കെ വിജയകരമായി പരീക്ഷിച്ചു.

ചെടികളെ കുറിച്ച് നന്നായി പഠിക്കണമെന്ന് നജ്മ പറയുന്നു. പെട്ടെന്ന് ഒരു ആവേശത്തിന് ഇറങ്ങിത്തിരിക്കാവുന്നതല്ല ഇത്. എങ്ങനെ സംരക്ഷിക്കണം എന്ന് മനസ്സിലാക്കണം. വെള്ളവും വളവും എങ്ങനെ വേണം എന്ന് മനസ്സിലാക്കണം. ശരിക്കും വെള്ളമൊഴിക്കുന്നത് അടക്കമുള്ള പ്രധാനപ്പെട്ട ജോലികൾ നജ്മ തന്നെയാണ് ചെയ്യുന്നത്. പുലർച്ചെ എഴുന്നേറ്റ് അടുക്കള പണി പകുതി ചെയ്ത ശേഷമാണ് പൂന്തോട്ടത്തിലേക്ക് ഇറങ്ങുന്നത്. നജ്മയുടെ കഠിനാധ്വാനത്തെ കുറിച്ച് ഭർത്താവ് അബ്ദുൾ മജീദിനും നൂറ് നാവാണ്. ഭാര്യ ആയത് കൊണ്ട് പുകഴ്ത്തുക അല്ല എന്ന് മജീദ് പറയുന്നു. വിജയത്തിന്റെ പിന്നിലെ ഭാര്യയുടെ അധ്വാനത്തിൽ വലിയ സന്തോഷമാണ് മജീദ് പങ്കുവെക്കുന്നത്.