livestoriesonline

Online updates

പഴങ്ങൾ കഴിച്ച് രുചിയറിഞ്ഞ് തൈകൾ വാങ്ങാം

SHARE

കേരളത്തിലെ നൂറുകണക്കിന് നഴ്സറികളിൽ വിവിധയിനം തൈകൾ വാങ്ങാൻ നിങ്ങൾ പോയിട്ടുണ്ടാകും. പക്ഷേ അവിടെ നിന്നൊക്കെ വ്യത്യസ്തമായിട്ടുള്ള ഒരനുഭവം ആയിരിക്കും തിരുവനന്തപുരം വിളപ്പിൽ പഞ്ചായത്തിലെ ജോർദാൻ വാലി നഴ്സറിയിൽ എത്തിയാൽ. നൂറുകണക്കിന് ഇനം തൈകൾ ഇവിടെ കിട്ടും എന്നത് മാത്രമല്ല, ഈ തൈകളിലൂടെ ഉണ്ടായ ഫലവർഗങ്ങളും നിങ്ങൾക്ക് നേരിട്ട് കണ്ട് മനസ്സിലാക്കാം.

പതിനഞ്ച്ഏക്കറിൽ നീണ്ടുകിടക്കുന്ന പഴത്തോട്ടം ആണ് ജോർദാൻ വാലിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. തൈകൾ മാത്രമല്ല പഴവർഗ്ഗങ്ങളും ഇവിടെനിന്ന് നേരിട്ട് വാങ്ങി രുചിയറിയാം. നമ്മൾ ഇതുവരെ കേട്ടിട്ടുള്ളതും ഇല്ലാത്തതുമായ ഒരുപാട് ഫലവർഗ്ഗങ്ങൾ ഇവിടെയുണ്ട്. കേരളത്തിലുള്ള പ്ലാവും മാവും പേരയും ഒക്കെ വിവിധ വെറൈറ്റികളിൽ ഇവിടെ കിട്ടും. ഇത് കൂടാതെ വിദേശികളായ പലയിനം ഫലവൃക്ഷങ്ങളും ഇവിടെയുണ്ട്. റമ്പൂട്ടാനും മാങ്കോസ്റ്റീനും സീഡ്ലെസ് നാരകവും ഒക്കെ ഇക്കൂട്ടത്തിലുണ്ട്. വീട്ടിലേക്ക് ഒരു നാരകം വെച്ചാൽ തന്നെ വർഷം മുഴുവൻ ഫലം കിട്ടും.

നൂറ്റിയൻപതിൽ കൂടുതൽ ഇനം പേരയ്ക്ക മാത്രം ഇവിടെയുണ്ട്. വിവിധയിനം പ്ലാവുകൾ, റമ്പുട്ടാൻ, മാങ്കോസ്റ്റീൻ, കോട്ടുക്കോണം തുടങ്ങി പറഞ്ഞാൽ തീരില്ല ഇവിടുത്തെ വൈവിധ്യങ്ങൾ. തൈകൾ വിവിധ ഘട്ടങ്ങളിൽ പരിപാലിച്ച ശേഷമാണ് വില്പന. ഓരോ തൈകൾക്കും അതിന് എത്ര മാസം പ്രായമുണ്ട് എന്നതനുസരിച്ചാണ് വില നിശ്ചയിച്ചിരിക്കുന്നത്. വിവിധ പ്ലോട്ടുകളിലായി ഇത് കാണാനും മനസ്സിലാക്കാനും പ്രത്യേക സൗകര്യം തന്നെ ഒരുക്കിയിട്ടുണ്ട്. ഇവയിൽ പലതും വളരെ പെട്ടെന്ന് കായ്ക്കുന്നവയാണ്.

ചെറിയ തൈകളിൽ തന്നെ കായ്കൾ ധാരാളം ഉണ്ട്. വീട്ടിലെത്തി നട്ട് പരിപാലിക്കുന്നത് എങ്ങനെ എന്നത് അടക്കമുള്ള കാര്യങ്ങൾ ഇവിടുത്തെ ജീവനക്കാർ പറഞ്ഞുതരും. വിശാലമായ തോട്ടത്തിൽ മഴക്കാലത്ത് കുഴിയെടുത്ത് ചെടികൾക്കിടയിൽ ഉള്ള സ്ഥലത്ത് വളം നിറയ്ക്കും. മഴ മാറിയാൽ ഈ വളം ചെടിയുടെ ചുവട്ടിലിടും. അങ്ങനെയാണ് ഇവിടെ വളം നൽകുന്നത്. വിജയകരമായി പരീക്ഷിച്ച പലതും ജോർദാൻ വാലിയിൽ എത്തിയാൽ കാണാം.

വീടുകളിലോ മറ്റ് കേന്ദ്രങ്ങളിലോ നേരിട്ട് എത്തി ചെടികൾ നട്ടുപിടിപ്പിക്കുന്ന ജോലിയും ഈ നേഴ്സറി ഏറ്റെടുക്കുന്നുണ്ട്. അവയുടെ പരിപാലനത്തിൽ അടക്കം കൃത്യമായ നിർദ്ദേശങ്ങളും നൽകി വരുന്നു. സമ്പൂർണ്ണമായും ഓർഗാനിക് പരിപാലന രീതിയാണ് ഇവിടെയുള്ളത്. കേന്ദ്രസർക്കാറിന്റെ പ്യുവർ ഓർഗാനിക് സർട്ടിഫിക്കറ്റും നഴ്സറിക്ക് ലഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ 2021-22 വർഷത്തെ ഹരിത കീർത്തി അവാർഡും ഈ നഴ്സറിയെ തേടി എത്തിയിട്ടുണ്ട്.

2016-ലാണ് ജേക്കബ് കുര്യൻ എന്നയാൾ ജോർദാൻ വാലി നഴ്സറി സ്ഥാപിക്കുന്നത്. ​ഗുണമേന്മയുള്ള തൈകൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് നഴ്സറി തുടങ്ങിയത്. ടൂറിസം വകുപ്പിന്റെ റെസ്പോൺസിബിൾ ടൂറിസം മേഖലയിൽ ലൈസൻസ് ഉള്ള തിരുവനന്തപുരം ജില്ലയിലെ ഏക സ്വകാര്യ സംരംഭമാണിത്. ഇവിടെയെത്തുന്നവർക്ക് മനസ്സും വയറും നിറഞ്ഞ് മടങ്ങാം. മനസ്സിൽ ആഗ്രഹിച്ചതുപോലെ കാര്യങ്ങൾ മുന്നോട്ടുപോകുന്ന സന്തോഷത്തിലാണ് ഈ സംരംഭകൻ.