livestoriesonline

Online updates

പോസിറ്റീവ് എനർജി നിറഞ്ഞൊരു വീട്

SHARE

വീടായാൽ മുറ്റത്ത് നല്ലയൊരു പൂന്തോട്ടം വേണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്. എന്നാൽ മിക്ക ആളുകൾക്കും പരിപാലനമാണ് വലിയൊരു ബുദ്ധിമുട്ടായി തോന്നാറുള്ളത്. ഏതെങ്കിലും ഒരു നഴ്സറിയിൽ പോയി കുറെ ചെടികളൊക്കെ വാങ്ങി കൊണ്ടുവന്ന് നട്ടുപിടിപ്പിക്കും. പിന്നീട് പരിചരണമൊന്നും കൃത്യമായി ചെയ്യാതെ വരുമ്പോൾ പൂന്തോട്ടത്തിന്റെ ഭം​ഗി നഷ്ടപ്പെടും. അങ്ങനെയുള്ളവർക്ക് മുന്നിൽ ഒരുപാട് പരിപാലന ജോലിയൊന്നുമില്ലാതെ തന്നെ മുന്നോട്ടു പോകാൻ കഴിയുന്ന ഒരു പൂന്തോട്ടം പരിചയപ്പെടുത്തുകയാണ് കൊടുങ്ങല്ലൂർ സ്വദേശിനിയായ അഭിഭാഷക സുമിജയും ഭർത്താവ് അനൂപും മക്കളായ നീലും, നിഹാലും. പരിപാലനം വേണ്ട എന്ന് തീർത്തും പറയാൻ കഴിയില്ല. പക്ഷേ കാര്യമായ പരിപാലനങ്ങൾ ഒന്നും വേണ്ടാത്ത തരത്തിലുള്ള ചെടികളും പൂന്തോട്ടത്തെ മനോഹരമാക്കുമെന്ന് ഈ അഭിഭാഷക തെളിയിച്ചു തരികയാണ്.

വീട് പണി കഴിഞ്ഞപ്പോൾ തുടങ്ങിയ ആ​ഗ്രഹമായിരുന്നു വീടിന് മുന്നിൽ ഒരു വലിയപൂന്തോട്ടം. ഈ ആ​ഗ്രഹം സമീപവാസിയായ ബാബു എന്നയാളോട് പറഞ്ഞപ്പോൾ അദ്ദേഹം മുൻകൈയെടുത്ത് വലിയൊരു പൂന്തോട്ടം ഡിസൈൻ ചെയ്തു നൽകി. പിന്നെയും പല മാറ്റങ്ങൾ ഒക്കെ വരുത്തി കഴിഞ്ഞ 15 വർഷമായി ഈ വീട്ടുമുറ്റത്ത് നിറയെ ചെടികളുടെ ഉത്സവമാണ്.

ഒരു അരമണിക്കൂർ ദിവസവും ചെലവഴിച്ചാൽ ഈ പൂന്തോട്ടത്തെ പരിപാലിക്കാം എന്ന് സുമിജ പറയുന്നു. ഇടയ്ക്കൊന്ന് കള പറിച്ചു കൊടുക്കാനും തയ്യാറാകണം. ഒരു നടപ്പാത ഉൾപ്പെടെ പൂന്തോട്ടത്തിന്റെ മധ്യത്തിലൂടെ നിർമ്മിച്ച് ഇന്ന് ഇത് കാഴ്ചയിൽ ഭംഗി നിറയ്ക്കുന്ന ഒന്നാണ്.

തൊട്ടടുത്തുള്ള വീട്ടുകാരെല്ലാവരും ഇത്തരത്തിൽ ചെടികളെ സ്നേഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ അവരുമായി പരസ്പരം പുതിയ ചെടികളൊക്കെ മാറാറുണ്ടെന്ന് സുമിജ പറയുന്നു. പിന്നീട് യാത്രകൾ പോകുമ്പോഴും പലയിടത്തും കാണുന്ന പുതിയ ചെടികൾ വീട്ടിലേക്ക് കൊണ്ടുവന്ന് നട്ടുപിടിപ്പിക്കും. നഴ്സറികളിൽ നിന്നും ചെടികൾ വാങ്ങാറുണ്ടെന്നും ഇവർ പറയുന്നു. ഓൺലൈൻ വഴിയും അപൂർവമായ ചിലത് വാങ്ങിക്കൂട്ടാറുണ്ടെന്ന് സുമിജ ലൈവ് സ്റ്റോറീസിനോട് പറഞ്ഞു.

20 വർഷം പ്രായമുള്ള ബോൺസായി വരെ സുമിജയുടെ പൂന്തോട്ടത്തിൽ ഉണ്ട്. വീടിന്റെ സിറ്റൗട്ടിൽ തന്നെ നിറയെ ചെടികളാണ്. രാവിലെ ഒരു ആറരയോട് കൂടി എണീറ്റ് വന്നിരുന്നാൽ തൊട്ടടുത്ത് വന്ന് പറന്നു നടക്കുന്ന കിളികളെ കാണാമെന്ന് ഈ വീട്ടമ്മ പറയുന്നു. പൊതുവേ വൈകി എണീക്കാൻ താല്പര്യമുള്ള സുമിജ ഈ കിളികളെയും ആ സമയത്ത് പൂന്തോട്ടത്തെയും കാണാൻ രാവിലെ തന്നെ ഉണർന്നു വരാറുണ്ട്. കിളികൾക്ക് എല്ലാം വീട് അത്രയും പരിചിതമാണ്. കൂടുകെട്ടി ഇവർ ഇവിടെ തങ്ങാറുണ്ട്. അങ്ങനെ വീട് എന്നാൽ ഒരു പോസിറ്റീവ് എനർജിയുടെ പ്രധാനപ്പെട്ട കേന്ദ്രമായി മാറിക്കഴിഞ്ഞു. ചെടികൾ സംഘടിപ്പിച്ചു നൽകുന്നതിൽ ഭർത്താവും സുമിജക്ക് കൂട്ടായി ഉണ്ട്.

ഗോൾഡൻ കാസ്കേടും പല വൈവിധ്യങ്ങൾ ഉള്ള ചെത്തിയും,ആഫ്രിക്കൻ വയലറ്റും വിവിധതരത്തിലുള്ള ചെമ്പകവും ഓർക്കിഡുകളും എല്ലാം ഈ പൂന്തോട്ടത്തെ മനോഹരമാക്കുന്നു. പൂന്തോട്ടത്തിൽ ഒരു താമരക്കുളവും ഉണ്ട്. ചെടികൾ കൊണ്ടുതന്നെ പലതരത്തിലുള്ള കമാനങ്ങളും ഈ പൂന്തോട്ടത്തിൽ ഒരുക്കിയിട്ടുണ്ട്. എല്ലാദിവസവും പൂക്കുന്നത് മുതൽ ഓരോ കാലത്തിനനുസരിച്ചും പൂക്കുന്നവയും ഇക്കൂട്ടത്തിൽ ഉണ്ട്. പൊഴിഞ്ഞു വീഴുന്ന പൂക്കൾക്ക് വരെ എന്തു ഭംഗിയാണെന്ന് ചോദിക്കുകയാണ് സുമിജ. മനസ്സുണ്ടെങ്കിൽ ആർക്കും വീട്ടുമുറ്റത്ത് മനോഹര പൂന്തോട്ടം ഒരുക്കാമെന്ന് കൊടുങ്ങല്ലൂരിലെ വീട്ടിൽ ഇരുന്നുകൊണ്ട് സുമിജ ഓർമിപ്പിക്കുകയാണ്.