livestoriesonline

Online updates

മായമില്ലാത്ത വിജയകഥയുമായി ക്യാപകേൽ

SHARE

തിരക്കുപിടിച്ച ജീവിതത്തിനിടയിൽ മായമില്ലാത്ത ഭക്ഷണം തയ്യാറാക്കാൻ സമയം കിട്ടുന്നില്ലെന്നാണ് മിക്കവാറും ആളുകളുടെ പരാതി. സാധാരണ കടകളിൽ നിന്ന് പാക്കറ്റുകളിൽ കിട്ടുന്ന സാധനങ്ങൾ അതേപടി തയ്യാറാക്കി കഴിച്ച് തൃപ്തരാകുന്നു. കോവിഡ് കാലത്ത് നഗരജീവിതത്തിൽ ഒതുങ്ങി കഴിഞ്ഞ ഒരു കൂട്ടം സ്ത്രീകളാണ് നല്ല ഭക്ഷണത്തിന്റെ ദൗർലഭ്യത്തെക്കുറിച്ച് തിരിച്ചറിഞ്ഞ് പുത്തൻ സംരംഭവുമായി രം​ഗത്തെത്തിയത്. എറണാകുളം പാലാരിവട്ടം മാമംഗലത്തെ ക്യാപകേൽ (cappacale) ഇന്ന് ഒരു ചെറിയ കൂട്ടം സ്ത്രീകളുടെ വലിയ കൂട്ടായ്മയാണ്. ജീവിതത്തിൽ വന്നുചേർന്ന ഒരു പാഷനാണ് ഈ സംരംഭത്തിന് പിന്നിൽ എന്ന് ഇവർ ലൈവ് സ്റ്റോറീസിനോട് പറയുന്നു.

ശരീരത്തിന് ദോഷകരമല്ലാത്ത ഭക്ഷണം ഉറപ്പുവരുത്തുകയാണ് ക്യാപകേൽ സംരംഭത്തിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ യാതൊരു മായവും ഇല്ലാത്ത ഒരു കൂട്ടം വിഭവങ്ങൾ ഉണ്ടാക്കി നൽകുകയാണ് ഈ സ്ഥാപനം. കോവിഡ് കാലത്ത് സുഹൃത്തുകളായ നാലു സ്ത്രീകളാണ് വ്യത്യസ്തമായ സംരംഭത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. കോവിഡ് കാലത്ത് നാട്ടിൽ നിന്ന് നല്ല ഉൽപ്പന്നങ്ങൾ കൊണ്ടു വരുന്നതടക്കം നടക്കാതെയായി. അങ്ങനെ വന്നൊരു ചിന്ത വലിയൊരു സംരംഭമായി മാറുകയായിരുന്നു. കുടുംബത്തിന്റെ കട്ട സപ്പോർട്ട് ഉള്ളതോടെ എല്ലാം സഫലമായി എന്ന് മാനേജിം​ഗ് ഡയറക്ടറും പ്രൊഡക്ഷൻ ഇൻ ചാർജുമായ മഞ്ജു ഷാഹിദ് പറയുന്നു.

വിവിധതരം മസാല പൊടികൾ, വെളിച്ചെണ്ണയും ഒലിവ് ഓയിലും ഉൾപ്പെടെ വിവിധതരം എണ്ണകൾ, ഡ്രൈ ഫ്രൂട്ട്സ് അങ്ങനെ എണ്ണൂറോളം ഉൽപ്പന്നങ്ങൾ ഇവിടെയുണ്ട്. എല്ലാം മികച്ച ഗുണനിലവാരത്തിൽ ഉള്ളതാണെന്ന് ​‍അഡ്മിൻ ഡയറക്ടറായ രശ്മി പി എം ഉറപ്പു നൽകുന്നു. വിവിധയിനം ധാന്യങ്ങൾ കൊണ്ടുള്ള വ്യത്യസ്തമായ ഉൽപ്പന്നങ്ങളുടെ വലിയൊരു ശേഖരം ക്യാപകേലിലുണ്ട്. ആറു വിധം ദോശപ്പൊടികൾ, ധാന്യങ്ങൾ കൊണ്ടുള്ള ന്യൂഡിൽസ്, സ്നാക്സുകൾ, കുക്കീസുകൾ, റസ്ക്കുകൾ, ഹെൽത്ത് മിക്സുകൾ തുടങ്ങി ജൈവ ഇനത്തിൽ പെട്ടതാണ് ഇവയെല്ലാം. പുട്ടുപൊടികൾ, ഓട്സ്, അങ്ങനെ ഇക്കാലത്ത് ഭക്ഷണത്തിൽ കാര്യമായി ശ്രദ്ധിക്കുന്നവർക്ക് വേണ്ടതെല്ലാം ഇവിടെയുണ്ട്.

തങ്ങളുടെ ഉൽപ്പന്നങ്ങളിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് കിട്ടിയിരിക്കുന്നത് ഗരം മസാലയ്ക്കും സാമ്പാർ പൗഡറിനുമാണെന്ന് ക്വാളിറ്റി കൺട്രോൾ ഡയറക്ടർ സരിത ആർ പറഞ്ഞു. വീട്ടിലെ രുചി കിട്ടാൻ ഉരുളിയിൽ വറുത്ത് പൊടിച്ചെടുത്താണ് ഇവ ഉണ്ടാക്കുന്നത്. എല്ലാം സുതാര്യമായാണ് നിർമ്മിച്ച് എടുക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

സാധനങ്ങൾ വാങ്ങാൻ വരുന്നവർക്ക് ഉൽപന്നങ്ങൾ നിർമ്മിക്കുന്ന രീതിയും കാണാം. ഓരോ മസാലക്കൂട്ടുകളിലും ഉപയോഗിക്കുന്ന മുഴുവൻ സാധനങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. എല്ലാ ഉൽപ്പന്നങ്ങളും കൃത്യമായ ലാബ് ടെസ്റ്റിലൂടെ പരിശോധന നടപടികൾ പൂർത്തിയാക്കുന്നു. നേരിട്ട് വരാത്തവർക്ക് ഇന്ത്യയിൽ എവിടെയും ഓൺലൈൻ വഴി സാധനങ്ങൾ എത്തിച്ചു നൽകും. പത്തു കിലോമീറ്റർ പരിധിയിലുള്ളവർക്കും ഓൺലൈൻ വഴി അതാത് ദിവസം തന്നെ സാധനം നൽകുമെന്ന് ഫിനാൻസ് ഡയറക്ടർ നിത്യ മനോജ് ഉറപ്പു നൽകുന്നു. ഏതായാലും സ്വന്തം ഇഷ്ടങ്ങൾ നിറവേറ്റാൻ ആയതിന്റെ ആത്മസംതൃപ്തിയിലാണ് നാലുപേരും ഇപ്പോഴുള്ളത്.