livestoriesonline

Online updates

ജെയിംസിന്റെ മട്ടുപ്പാവിലെ അത്ഭുതലോകം

SHARE

ഒരു വീടു വെക്കുന്നതിനു മുൻപ് തന്നെ നിങ്ങൾ എന്തൊക്കെ കാര്യങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ട്. വീടിന്റെ നിർമ്മിതിയെ കുറിച്ച് മാത്രമല്ല പറഞ്ഞു വന്നത്. വീടിന് മുകളിലെ ടെറസിലും മുറ്റത്തും എല്ലാം കൃഷിയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച ഒരു തിരുവനന്തപുരം സ്വദേശിയുടെ ജീവിതമാണ് ഇങ്ങനെ ഒരു ചോദ്യത്തിലേക്ക് എത്തിച്ചത്. വീടിനുമുകളിൽ ഒരു മട്ടുപ്പാവ് കൃഷി വേണം എന്ന് ആഗ്രഹം ഉള്ളവർക്ക് വീട് നിർമ്മാണ സമയത്ത് തന്നെ ഇക്കാര്യങ്ങൾ ആസൂത്രണം ചെയ്യണമെന്ന് മലയിൻകീഴിൽ നല്ല ഒന്നാന്തരം മട്ടുപ്പാവ് കൃഷി ചെയ്യുന്ന ജെയിംസ് എന്ന ആരാമം ജയിംസ് പറയുന്നു. മട്ടുപ്പാവ് കൃഷിയുടെ വിശേഷങ്ങൾ വളരെ വിശദമായി ജെയിംസ് ലൈവ് സ്റ്റോറീസിനോട് പങ്കുവെച്ചു.

മട്ടുപ്പാവിൽ തന്നെ വിവിധ തട്ടുകളായാണ് ജെയിംസിന്റെ കൃഷിത്തോട്ടം. സാധാരണ എല്ലാവരും ഗ്രോബാഗുകളിൽ വെക്കുന്നതുപോലെയല്ല ജെയിംസിന്റെ കൃഷി. പ്രത്യേക തട്ടുണ്ടാക്കി അതിനു മുകളിൽ സ്ലാബും റിങ്ങും ഇട്ടാണ് ചെടി നടാൻ വേണ്ട സ്ഥലമൊരുക്കുന്നത്. ഒരുക്കുന്നത്. അവിടെയാണ് വീട് നിർമ്മിക്കുമ്പോൾ തന്നെ ആസൂത്രണം വേണമെന്ന് ജെയിംസ് പറയുന്നത്.

നിർമ്മാണ സമയത്ത് തന്നെ വീടിന്റെ പില്ലറുകൾ ഉൾപ്പെടെയുള്ള ഭാഗങ്ങളും നോക്കി കൃത്യമായി ഇത്തരം പോട്ടുകൾ ഒരുക്കണമെന്ന് ജെയിംസ് പറയുന്നു. അങ്ങനെയാണെങ്കിൽ പിന്നീട് യാതൊരു ഏച്ച് കെട്ടലുകളും ഇല്ലാതെ കൃത്യമായ ഒരു തോട്ടം ഉണ്ടാക്കാൻ കഴിയും. തന്റെ രീതി തന്നെ എല്ലാവരും അവലംബിക്കണമെന്ന് ജെയിംസ് പറയില്ല, എന്നാൽ എല്ലാവർക്കും സ്വന്തമായി ഇക്കാര്യത്തെക്കുറിച്ച് ഒരു ആസൂത്രണം ഉണ്ടാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുകയാണ്.

വിവിധ തട്ടുകളിലായി രണ്ടായിരം സ്ക്വയർഫീറ്റ് ആണ് ജെയിംസിന്റെ മട്ടുപ്പാവ് കൃഷിക്ക് ഉള്ളത്. ചെറിയ ചെടികൾ മാത്രമാണ് നിലത്ത് ചെറിയ തട്ടുണ്ടാക്കി വെക്കുന്നത്. വലിയ ചെടികൾ എല്ലാം കുറഞ്ഞത് ഒരു നാലടി എങ്കിലും ഉയരത്തിലാണ് സ്ഥാപിക്കുന്നത്. താഴെ അടിഞ്ഞുകൂടുന്ന പൊടികൾ അടക്കം ദിവസവും തൂത്തുവാരി കളയാൻ ഇത് നല്ലതാണെന്നും ചെടികൾ വളരുന്നതോടെ ഒരു കാടിനുള്ളിലൂടെ നടക്കുന്ന അനുഭവമാണെന്നും ജയിംസ് പറയുന്നു.

കേവലം പച്ചക്കറി കൃഷിയും ഫലവർഗങ്ങളും മാത്രമല്ല ജെയിംസിന്റെ മട്ടുപ്പാവ് തോട്ടത്തിലുള്ളത്. ബോൺസായി വൃക്ഷങ്ങളുടെ ഒരു വലിയ നിര തന്നെ ഇവിടെയുണ്ട്. വർഷങ്ങളായി പരിപാലിച്ച് വന്നവയാണ് ഇവയിൽ ഏറിയ പങ്കും. വിവിധതരം ആൽമരങ്ങൾ ഇക്കൂട്ടത്തിൽ ഉണ്ട്. ടെറസിന് അധികം ബലം വരാത്ത രീതിയിൽ ജിയോ പൈപ്പുകൾ ഉപയോഗിച്ചാണ് പോട്ടുകൾ ഉയർത്തി വയ്ക്കുന്നത്. എല്ലാം സ്വന്തം ഐഡിയ അനുസരിച്ച് നിർമ്മിക്കുന്നതാണെന്ന് ജെയിംസ് പറയുന്നു.

രാസവളം തീരെ ഉപയോഗിക്കാറില്ല. ചാണകവും കടലപ്പിണ്ണാക്കും എല്ലാം പുളിപ്പിച്ച് ഇടയ്ക്ക് വളമായി നൽകും. സൂര്യപ്രകാശം ഉറപ്പുവരുത്തുകയാണ് പ്രധാനപ്പെട്ട ഒരു കടമ്പ. ഇടയ്ക്ക് കള പറിച്ചു കൊടുക്കണം. അങ്ങനെ കൃത്യമായ പരിപാലനത്തിലൂടെ ജെയിംസിന്റെ മട്ടുപ്പാവിലെ വെള്ള ഞാവലും, പനം പുളിയും, കിലോ പേരയും, തക്കാളിയും, മുളക് ഇനങ്ങളും ബയർ ആപ്പിളും, രാജ പുളിയും എല്ലാം നല്ല ഫലം നൽകുന്നുണ്ട്. രാത്രി നനയ്ക്കണം എന്ന അഭിപ്രായക്കാരനാണ് ജെയിംസ്. അങ്ങനെയെങ്കിൽ പിറ്റേദിവസം വൈകുന്നേരം വരെ അതിന്റെ ഗുണം ലഭിക്കും.

വെറുതെയിരിക്കുന്ന മനുഷ്യന് കൃഷി ഒരു നല്ല ഒന്നാന്തരം ഔഷധമാണെന്ന് ജെയിംസ് സാക്ഷ്യപ്പെടുത്തുന്നു. കൃഷി ചെയ്യുന്നതിലൂടെ വലിയ സന്തോഷമാണ് ലഭിക്കുന്നത്. വെറുതെ ഇരിക്കുന്നവർക്കാണ് മറ്റുള്ളവരെ ദ്രോഹിക്കാൻ തോന്നുക. എന്തെങ്കിലും ഒരു ടെൻഷൻ വന്നാൽ ഒന്ന് കൃഷിത്തോട്ടത്തിൽ ഇറങ്ങിയാൽ എല്ലാ പ്രശ്നങ്ങളും പമ്പകടക്കും എന്ന് ജെയിംസ് പറയുന്നു. എല്ലാവരോടും സ്വന്തം ഐഡിയ അനുസരിച്ച് കൃഷി ചെയ്യാനാണ് ജെയിംസിന്റെ ഉപദേശം.