livestoriesonline

Online updates

ന​ഗര മധ്യത്തിലെ പൂക്കൾ നിറഞ്ഞ വീട്

SHARE

ഒരു റിട്ടയർമെന്റ് ജീവിതം എങ്ങനെയാക്കാം എന്ന് തെളിയിച്ചു തരികയാണ് എറണാകുളം എളമക്കരയിലെ കെ എസ് നായർ. മുപ്പത്തിയൊൻപത്
വർഷം ഗൾഫിലും ഒൻപതുവർഷം മുംബൈയിലും ജോലി ചെയ്ത ശേഷം കഴിഞ്ഞ അഞ്ചുവർഷമായി എളമക്കരയിലെ വീട്ടിലാണ് കെ എസ് നായരുടെ ജീവിതം. അഞ്ചുവർഷം കൊണ്ട് വീടൊരു പൂങ്കാവനം ആക്കിയിട്ടുണ്ട് ഇദ്ദേഹം.

എണ്ണിയാൽ ഒടുങ്ങാത്ത സസ്യ സമ്പത്ത് ഉണ്ട് കെ എസ് നായരുടെ ഈ വീട്ടിൽ. അഞ്ഞൂറിലധികം പൂക്കൾ ഉണ്ടാകുന്ന ചെടികളും നൂറിലധികം ഫലസസ്യങ്ങളും മരങ്ങളും ഈ വീടിനു ചുറ്റുമുണ്ട്. വീട് സ്ഥിതി ചെയ്യുന്ന മുപ്പത് സെന്റിൽ പതിമൂന്ന് സെന്റും ഒരു വനമായി രൂപപ്പെട്ടു വരികയാണ്. അടുത്ത പത്ത് വർഷത്തിനുള്ളിൽ മിയവാക്കി വനം എന്ന തന്റെ സ്വപ്നം പൂർത്തിയാക്കും എന്നാണ് അദ്ദേഹം ലൈവ് സ്റ്റോറീസിനോട് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. താൻ ഇല്ലെങ്കിലും മറ്റ് ആരെങ്കിലും ഇവിടെ ഉണ്ടാകുമല്ലോ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അങ്ങനെ വരും തലമുറയോടുള്ള തന്റെ കരുതൽ കൂടെയാണ് ഇദ്ദേഹം പ്രകടമാക്കുന്നത്.

റോഡിൽനിന്ന് ആദ്യ ഗേറ്റ് കടന്നാൽ വീട്ടിലേക്ക് നൂറു മീറ്ററോളം നടപ്പാതയുണ്ട്. നടപ്പാതയുടെ ഇരുവശവും നിറഞ്ഞു പൂത്തുനിൽക്കുന്ന ചെടികളാണ് അതിഥികളെ ആദ്യം വരവേൽക്കുന്നത്. ഇത് കഴിഞ്ഞു പ്രധാന ഗേറ്റ് കടന്ന് എത്തുന്നവരെ സ്വീകരിക്കാൻ പൂക്കളുടെ വലിയൊരു പ്രപഞ്ചം തന്നെയുണ്ട്. എല്ലാ ദിവസവും പുതിയ ചെടികളെ എത്തിച്ച് തന്റെ പൂന്തോട്ടം ഓരോ ദിവസവും മെച്ചപ്പെടുത്തുകയാണ് തൃശ്ശൂർ സ്വദേശിയായ കെ എസ് നായർ.

ഗേറ്റ് കടന്നാൽ കാണുന്ന ജൈവമതിലാണ് ഈ വീട്ടിലെ മറ്റൊരു പ്രധാന ആകർഷണം. മുപ്പത് അടി മീറ്റർ നീളവും പതിന‍ഞ്ച് അടിയോളം ഉയരവും ഉണ്ട് ഈ മതിലിന്. വിവിധതരം ചെടികളും മരങ്ങളും ഒക്കെ ചേർന്നതാണ് ഈ മതിൽ. ജൈവമതിലിന് അടുത്തു നിന്നാൽ ഒരു എയർകണ്ടീഷന് അടുത്ത് നിൽക്കുന്ന അതേ തണുപ്പ് കിട്ടുമെന്നാണ് കെ എസ് നായർ അവകാശപ്പെടുന്നത്.

നാടൻ ചെടികളാണ് ഈ പൂന്തോട്ടത്തിലെ പ്രധാന സവിശേഷത. ഇവ ഏറെക്കാലം നിലനിൽക്കുമെന്ന് ഇദ്ദേഹം പറയുന്നു. തെച്ചിയും, കോളാമ്പിയും, ശ്രീലങ്കൻ മുല്ലയും, ക്യാബേജ് റോസും, കർപ്പൂരച്ചെടിയും, കുറ്റി കുരുമുളകും, തുടങ്ങി പറഞ്ഞാൽ തീരില്ല ഈ പൂന്തോട്ടത്തിലെ അതിഥികളുടെ വിശേഷങ്ങൾ. പെർഫ്യൂമുകൾ ഉണ്ടാക്കുന്ന ലാങ്കിലാങ്കി മരവും ഇവിടെയുണ്ട്. ഇതുകൂടാതെ ആമ്പലുകൾ നിറഞ്ഞുനിൽക്കുന്ന ഒന്നാന്തരം ഒരു കുളവും കെ എസ് നായർ ഇവിടെ പരിപാലിക്കുന്നു.

ഒരുപാട് വൈവിധ്യങ്ങൾ ഉണ്ടെങ്കിലും ബോഗൻ വില്ലകളോടാണ് ഏറ്റവും ഇഷ്ടമെന്ന് കെ എസ് നായർ പറയുന്നു. പത്തുതരം വ്യത്യസ്ത ബോഗൻ വില്ലകൾ ഈ പൂന്തോട്ടത്തിൽ ഉണ്ട്. എല്ലാം കൃത്യമായ ഇടവേളകളിൽ വെട്ടി നിർത്തിയാണ് പരിപാലനം. എന്നും രാവിലെ ആറര മുതൽ ഒൻപതു മണി വരെ ചെടികൾ നനയ്ക്കുന്ന ജോലി താനും ഭാര്യയും ആണ് ചെയ്യുന്നതെന്ന് കെ എസ് നായർ പറഞ്ഞു. മറ്റു പരിപാലന ചുമതലകൾക്ക് ജോലിക്കാരെയും നിർത്തിയിട്ടുണ്ട്.

വീട്ടിലെത്തുന്ന എല്ലാവർക്കും ആവശ്യം പോലെ ചെടികൾ മുറിച്ചു നൽകും ഇദ്ദേഹം. ഒരാൾ ഒന്നു ചോദിച്ചാൽ രണ്ട് നൽകുന്നതാണ് തന്റെ രീതി എന്ന് ഈ പരിസ്ഥിതി സ്നേഹി പറയുന്നു. നഗരകേന്ദ്രങ്ങളിലെല്ലാം ഇത്തരം പൂന്തോട്ടങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നാടിന്റെ മുന്നോട്ടുള്ള പോക്കിൽ അനിവാര്യമാണ് ഈ പച്ചപ്പ് എന്നും നായർ പറയുന്നു. വീട്ടിൽ പൂന്തോട്ടം ഒരുക്കുന്നതിന് പുറമേ യാത്രകളേയും ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം.