livestoriesonline

Online updates

പ്ലാവിനെ പ്രണയിച്ചാൽ വിലക്കയറ്റം മറികടക്കാം

SHARE

വിലക്കയറ്റം എങ്ങനെ തടയാം എന്ന ആശങ്ക സർക്കാരുകളെ ഒക്കെ ബാധിക്കാറുണ്ട്. സാധാരണ ജനങ്ങളുടെ കുടുംബ ബജറ്റ് തകർക്കുന്നതാണ് വിലക്കയറ്റം. എന്നാൽ വിലക്കയറ്റത്തെ എങ്ങനെ മറികടക്കാം എന്ന് ചോദ്യത്തിന് ലളിതമായ ഉപാധിയിലൂടെ ഉത്തരം പറയുകയാണ് ലേബർ ഇന്ത്യ മേധാവിയായ ജോർജ് കുളങ്ങര. പ്ലാവിനെ പ്രണയിച്ചാൽ ഈ പ്രശ്നത്തെ മറികടക്കാമെന്ന് ചൂണ്ടിക്കാട്ടുകയാണ് പ്രമുഖ ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുടെ പിതാവ് ജോർജ് കുളങ്ങര. വിലക്കയറ്റം മാത്രമല്ല മനുഷ്യന്റെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യമുള്ള ഫലവൃക്ഷമാണ് പ്ലാവ് എന്നും ജോർജ് കുളങ്ങര പറയുന്നു.

ലേബർ ഇന്ത്യ ഗ്രീൻ ഗാർഡൻ ആശ്രമത്തിന്റെ വളപ്പിലെ തോട്ടത്തിൽ നിന്നുകൊണ്ടാണ് ജോർജ് കുളങ്ങര മലയാളി വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ലാത്ത ചക്കയുടെ അനന്തസാധ്യതകൾ ലൈവ് സ്റ്റോറീസിനോട് പറഞ്ഞത്. കേവലം നാടൻ പ്ലാവിനെ കുറിച്ചും അതിന്റെ ചക്കയേയും കുറിച്ച് അല്ല ജോർജ് കുളങ്ങര പറഞ്ഞുവരുന്നത്. ചെറിയകാലം കൊണ്ട് കായ്ക്കുന്നവ വിവിധതരം പ്ലാവ് ഇനങ്ങൾ ഈ തോട്ടത്തിൽ ഉണ്ട്.

വിയറ്റ്നാം സൂപ്പർ ഏർലി, ഗംലസ്, ഡാങ്‌ സൂര്യ, മുട്ടൻ വരിക്ക,ചെമ്പരത്തി വരിക്ക തുടങ്ങി വിവിധ ഇനങ്ങൾ ഈ തോട്ടത്തിലെ രാജാക്കന്മാരാണ്. അരക്ക് തീരെ ഇല്ലാത്തതാണ് ഗംലെസ്സ്. കുരുവില്ലാത്ത മുട്ടൻ വരിക്കയാണ് മറ്റൊരു ഇനം. പ്രശസ്ത പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ വീട്ടിലേക്ക് പ്ലാവിൻ തൈകൾ കയറ്റി വിട്ടു കൊണ്ടാണ് ജോർജ് കുളങ്ങര സംസാരിച്ചത്. വിയറ്റ്നാം സൂപ്പർ ഏർലി ആണ് പഴയിടത്തിനു വേണ്ടി നൽകുന്നത്. സ്വന്തം തോട്ടത്തിൽ ഈ ഇനത്തിന്റെ വലിയൊരു നിര തന്നെയുണ്ട്. ആറുമാസം മുതൽ കായ്ക്കുന്നവയാണ് മിക്ക ഇനങ്ങളും എന്ന് ജോർജ് കുളങ്ങര പറയുന്നു.

കേവലം പ്ലാവ് വെച്ച് ചക്ക ഉണ്ടാക്കുക എന്നത് മാത്രമല്ല, ചക്ക കൊണ്ടുള്ള വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിച്ചു നൽകുന്നതിനായി പ്രത്യേക സംവിധാനവുമുണ്ട് ജോർജ് കുളങ്ങരയ്ക്ക് കീഴിൽ. കേന്ദ്രസർക്കാരിന്റെ പദ്ധതി പ്രകാരം കടുത്തുരുത്തി കേന്ദ്രമായി പ്രവർത്തിക്കുന്ന ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയാണ് വിവിധ ഉൽപ്പന്നങ്ങൾ ഉണ്ടാക്കി നൽകുന്നത്. വിദേശരാജ്യങ്ങളിലേക്കടക്കം വിവിധ ഉത്പന്നങ്ങൾ തയ്യാറാക്കി നൽകുന്നുണ്ട്. കുറവിലങ്ങാട് കോഴയിൽ ഇതിനായി പ്രത്യേക ഔട്ട്ലെറ്റും ഉണ്ട്. ചക്കപ്പൊടി ഉൾപ്പെടെയുള്ളവ ഇവിടെ നിന്ന് ലഭിക്കും.

മാഞ്ചിയവും അക്കേഷ്യയും ഒക്കെ കൊണ്ടുവന്ന് നാടിനെ ആകെ നാശമാക്കി എന്നാണ് ജോർജ് കുളങ്ങര പറയുന്നത്. അവയെല്ലാം വെട്ടി മാറ്റി പ്ലാവ് നട്ടാൽ ഒരുപാട് ഗുണമുണ്ട്. നല്ല ചക്കപ്പഴം കഴിച്ചാൽ വയറിന് നല്ല ശോധന കിട്ടും. ശരീരത്തിന് ആവശ്യമായ ഫൈബർ, വൈറ്റമിൻ, മിനറലുകൾ, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എല്ലാം കൃത്യമായ അളവിൽ ചക്കയിൽ ഉണ്ടെന്ന് അദ്ദേഹം പറയുന്നു. ജങ്ക്ഫുഡുകൾക്ക് പിന്നാലെ പോകാതെ പ്രകൃതിയിലേക്ക് വന്ന് ചക്ക വിഭവം കഴിച്ചാൽ ആരോഗ്യത്തിന് നല്ലതാണ്.

പ്ലാവ് നടുന്നതിനും പരിപാലിക്കുന്നതിനും എല്ലാം കൃത്യമായ രീതികൾ ഉണ്ട്. ചെറിയ പ്ലാവുകൾ 6 മാസം പ്രായം ആകുമ്പോൾ തന്നെ കായ്ക്കാൻ തുടങ്ങും. പക്ഷേ ചെറുപ്രായത്തിൽ കുറച്ച് വിളവെടുക്കണം. പൂർണ്ണവളർച്ചയെത്താതെ ഇടിച്ചക്കയായി ഉപയോഗിക്കുന്നതാണ് നല്ലത്. ഇതുകൊണ്ട് കട്ട്ലറ്റും തോരനും എല്ലാം ഉണ്ടാക്കാൻ സാധിക്കും. ചെറുപ്രായത്തിൽ ചക്കയുടെ എണ്ണം കുറച്ചാൽ പിന്നീട് നന്നായി കായ്ക്കും എന്നാണ് ജോർജ് കുളങ്ങര പറയുന്നത്.

10 അടി അകലത്തിൽ വേണം പ്ലാവുകൾ നടാൻ. നീളം പത്തടി എത്തിയാൽ ചെറുതായി മുറിച്ച് നൽകണം. രണ്ടുമാസത്തിനിടയ്ക്ക് വളം ഇടണം. ചാണകവും എല്ലുപൊടിയും കടലപ്പിണ്ണാക്കും ഒക്കെയാണ് ഉചിതം. ആദ്യം ഒന്നരയടി ആഴത്തിൽ കുഴിയെടുത്ത് അതിൽ വളങ്ങൾ നിറയ്ക്കണം. പിന്നീട് മണ്ണിട്ട് മൂടി അതിനുമുകളിൽ ചെറിയ കുഴി എടുത്താണ് നടേണ്ടത്. കുറച്ച് ചാണകപ്പൊടി ചേർത്ത് നടാം. മഴക്കാലം അല്ലെങ്കിൽ വെള്ളം തളിക്കണം. ഇടയ്ക്ക് കള പറിക്കാൻ മറക്കരുത് എന്നും ഈ കർഷകൻ ഓർമ്മിപ്പിക്കുന്നു.

എന്തായാലും ചക്കകളെ പ്രണയിച്ചുള്ള തന്റെ ജീവിതം വലിയ പോസിറ്റീവ് എനർജിയാണ് നൽകുന്നതെന്ന് ജോർജ് കുളങ്ങര ഓർമിപ്പിക്കുന്നു. ചക്കകൾ വ്യാപകമായാൽ ജനങ്ങൾക്ക് അത് ഗുണം ചെയ്യും. വലിയ വിപണന സാധ്യതയും നല്ല ആരോഗ്യവും ലഭിക്കും. അങ്ങനെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ മാറ്റിമറിക്കും. ഗോവ ഗവർണറുടെ വസതിയിൽ താൻ പ്ലാവ് കൃഷി നടത്തി അതിന്റെ വിളവെടുത്തത് ജോർജ് കുളങ്ങര സന്തോഷത്തോടെ ഓർക്കുകയാണ്. 72 പ്ലാവുകളാണ് അവിടെ നട്ടത്. ചുരുക്കത്തിൽ നാട്ടിലെ വില കയറ്റത്തെ അടക്കം മറികടക്കാൻ പ്ലാവ് കൃഷി ഗുണം ചെയ്യും എന്നാണ് ജോർജ് കുളങ്ങര പറഞ്ഞ് നിർത്തുന്നത്.