livestoriesonline

Online updates

സ്വപ്നത്തെ ചിന്തേരിട്ട് മിനുക്കിയ വീട്ടമ്മ

SHARE

പുതുതായി വീട് വച്ചപ്പോൾ മനസ്സിൽ വന്ന ആഗ്രഹമാണ് കോഴിക്കോട് വടകര സ്വദേശിനിയായ പിങ്കി അരുണിനെ ഇന്ന് ഒന്നാന്തരം ഒരു സംരംഭകയാക്കി മാറ്റിയത്. മരപ്പണിയിലൂടെ വീട്ടിലെ അലങ്കാരവസ്തുക്കൾ തീർക്കണമെന്നതായിരുന്നു പിങ്കിയുടെ ആഗ്രഹം. വീട് പണിക്ക് തൊട്ടു മുന്നോടിയായി അതിനുള്ള ഉപകരണങ്ങളും വാങ്ങി പിങ്കി ജോലി തുടങ്ങി. ആഗ്രഹിച്ചതുപോലെ വീട്ടിൽ പലതും ഉണ്ടാക്കി വെച്ചു. പക്ഷേ ആഗ്രഹങ്ങൾ അവിടെ അവസാനിച്ചില്ല. മരപ്പണി കൂടുതൽ കാര്യമായി പഠിച്ച് ഇതൊരു പ്രൊഫഷൻ ആക്കിയാലോ എന്നതായി അടുത്ത ആഗ്രഹം. എന്തായാലും സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിയ സന്തോഷത്തിലാണ് കൊച്ചിയിൽ സ്ഥിരതാമസമാക്കിയ പിങ്കിയെന്ന വീട്ടമ്മ.

വടുതല സോളമനാശാരിക്ക് ദക്ഷിണ കൊടുത്തു തുടക്കം

കുടുംബം നൽകിയ പൂർണ്ണ പിന്തുണയോടെ വടുതലയിലെ സോളമൻ ആശാനോട്‌ വിഷയം അവതരിപ്പിച്ചു. പിങ്കിയുടെ ആഗ്രഹം കേട്ട ആശാൻ പൂർണ്ണപിന്തുണ ഉറപ്പ് നൽകി. ദക്ഷിണ വച്ചതോടെ സ്വന്തം ഉളി നൽകി ആശാൻ അനുഗ്രഹിച്ചു. പഠനത്തിൽ ആശാന്റെ പിന്തുണ ലഭിച്ചതോടെ തടിയിൽ തന്റെ കലാസൃഷ്ടി പകർത്തി തുടക്കം കുറിച്ചു. അങ്ങനെ കഴിഞ്ഞ അഞ്ച് വർഷമായി നല്ല ഒന്നാന്തരം ഒരു മരപ്പണിക്കാരിയായി പിങ്കി മാറി.

മഹാഗണിയും പൈൻവുഡും തുടങ്ങി തടികളെല്ലാം പിങ്കിയുടെ മനസ്സിന് അനുസരിച്ച് പുതിയ രൂപങ്ങളായി മാറി. വിവാഹ വാർഷികത്തിനും മറ്റു വിശേഷങ്ങൾക്കുമെല്ലാം കൊടുക്കാവുന്ന വിവിധ ഗിഫ്റ്റുകൾ ആവശ്യക്കാരുടെ ഇഷ്ടമനുസരിച്ച് പിങ്കി ഉണ്ടാക്കി നൽകി. വീട്ടിലെ ഭിത്തിയിൽ തൂക്കേണ്ട അലങ്കാര വസ്തുക്കൾ എല്ലാം പിങ്കിയുടെ ഉളിയിൽ തെളിഞ്ഞു വന്നു. ഓരോന്നും പൂർത്തിയാക്കാൻ അതിൽ വേണ്ട കൊത്തുപണികൾക്ക് അനുസരിച്ച് പല സമയങ്ങളാണ് വേണ്ടത് എന്ന് പിങ്കി പറയുന്നു. തടികളിൽ വിവിധ കളറുകൾ പൂശി ഓരോന്നിനും വേണ്ട ഭംഗി ഉറപ്പുവരുത്തിയാണ് പിങ്കിയുടെ സൃഷ്ടികൾ.

വീട്ടിലെ കാർപോർച്ചാണ് പിങ്കിയുടെ ജോലിസ്ഥലം. വീട്ടിൽ എന്തും ചെയ്യാൻ ഭർത്താവ് അരുൺ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ വലിയ പിന്തുണയാണ് നൽകുന്നത് എന്ന് പിങ്കി പറയുന്നു. അച്ഛനും അമ്മയും അനുജത്തിയും ജേഷ്ഠനും മക്കളും എല്ലാം പിന്തുണയുമായി കൂടെ ഉണ്ട്. മെഷീനുകൾ പ്രവർത്തിപ്പിക്കുന്ന സൗണ്ട് അയൽവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിലും അവരും യാതൊരു പരാതിയും പറയാതെ സഹകരിക്കുന്നതായി പിങ്കി പറയുന്നു.

സൃഷ്ടികൾ ഇനി കടൽ കടക്കും

തന്റെ കരവിരുതുകൾ കണ്ട അറബി വനിത അവരുടെ വീട്ടിലേക്ക് വേണ്ട മരം കൊണ്ടുള്ള രൂപങ്ങൾ ഉണ്ടാക്കി നൽകാൻ പിങ്കിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കടൽ കടന്ന് തന്റെ സൃഷ്ടികൾ പോകുന്നതാണ് പുതിയ സന്തോഷം. ഓരോ തവണയും വ്യത്യസ്തമായ കാര്യങ്ങൾ ചെയ്തു നോക്കാൻ ആണ് ശ്രമം. ഊണിലും ഉറക്കത്തിലും എല്ലാം തന്റെ ചിന്ത ഇതു മാത്രമാണെന്ന് പിങ്കി പറയുന്നു. തന്നെക്കൊണ്ട് എന്തും ചെയ്യാൻ ആകുമെന്ന ആത്മവിശ്വാസമാണ് ഇവർ പങ്കുവെക്കുന്നത്. മരപ്പണികൾ ഒന്നും സ്ത്രീകൾക്ക് ചെയ്യാൻ ആകില്ല എന്ന ചിന്ത കൂടി മാറ്റിമറിക്കുകയാണ് ഈ യുവതി.

മരപ്പണിയിൽ മാത്രമല്ല പിങ്കിയുടെ കലാവിരുത്. നൃത്തവും സംഗീതവും കളരിയും എല്ലാം പിങ്കിക്ക് വഴങ്ങും. വാൾ ടെക്സ്ചർ ആർട്ട്‌, വൻകിട ഹോട്ടലുകളിൽ അടക്കം ഫ്ലവർ അറേഞ്ച്മെന്റുകൾ, ഇവന്റുകൾ അങ്ങനെ പിങ്കിക്കു വഴങ്ങാത്തതായി ഒന്നുമില്ല. സ്വന്തമായി ഇടുന്ന ഡ്രസ്സുകൾ എല്ലാം തയ്ച്ചെടുക്കുന്നത് പിങ്കി തന്നെ ആണ്. ഇതെല്ലാം തന്റെ സന്തോഷമാണെന്ന് പറഞ്ഞു നിർത്തുകയാണ് ഈ വീട്ടമ്മ. ഒന്നിനും സമയമില്ലെന്ന് പറഞ്ഞ് മുന്നോട്ടുപോകുന്നവർക്ക് മുന്നിൽ എല്ലാം നടക്കും എന്ന് തെളിയിച്ചു തരുകയാണ് പിങ്കി അരുൺ എന്ന വടകരക്കാരി.