livestoriesonline

Online updates

കാടിന്റെ സൗന്ദര്യം കാമറയിൽ പകർത്തി ഷൈജു കേളന്തറ

SHARE

ന​ഗര ഹൃദയത്തിലാണ് താമസമെങ്കിലും ഷൈജുവിന്റെ മനസ് എപ്പോഴും വനത്തിനുള്ളിലാണ്. തിരക്കുപിടിച്ച ജോലിക്കിടയിൽ ഒരൽപസമയം കിട്ടിയാൽ ഇടപ്പള്ളി കെഎസ്ഇബി സീനിയർ സൂപ്രണ്ടായ ഷൈജു കാമറയുമായി കാടുകയറും. ചെറുപ്പം മുതലേ നല്ല ചിത്രങ്ങളെ സ്നേഹിച്ചിരുന്ന ഷൈജു കേളന്തറ ഏഴു വർഷം മുൻപാണ് കാമറ കൈകളിൽ സ്വന്തമാക്കുന്നത്.

ആദ്യനോട്ടത്തിൽ തന്നെ ആരെയും അമ്പരപ്പിക്കുന്ന ജീവനുള്ള ചിത്രങ്ങളാണ് ഷൈജുവിന്റെ ശേഖരത്തിലേറെയും. ഓരോ ചിത്രത്തിനു പിന്നിലും ഓരോ കൗതുകമുള്ള കഥകളുണ്ട്. ചുരുങ്ങിയ കാലത്തിനുള്ളിൽ കാടും മേടും താണ്ടി പകർത്തിയ ചിത്രങ്ങൾ എറണാകുളം ദർബാർ ഹാളിൽ പ്രദർശനം നടത്തിയത് വൻ വി‍ജയമായിരുന്നു. ഏഴുവർഷം കൊണ്ട് ശേഖരിച്ച അയ്യായിരത്തിലധികം ഫോട്ടോകളിൽ നിന്നാണ് പ്രദർശനത്തിനുള്ള അൻപത്തിഅഞ്ച് ചിത്രങ്ങൾ തെരെഞ്ഞെടുത്തത്.

ഷൈജുവിന്റെ കാമറയ്ക്ക് മുൻപിൽ ഭാഷകളുടെ അതിർവരമ്പുകളില്ല. കാടിന്റെ വന്യതയും കാട്ടുമൃ​ഗങ്ങളുടെ സൗന്ദര്യവും ഒരേപോലെ തന്നെ ഒപ്പിയെടുത്തിട്ടുണ്ട്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, ​ഗോവ എന്നിവിടങ്ങളിൽ നിന്ന് പകർത്തിയ ചിത്രങ്ങളാണിവയെല്ലാം. ഷൈജുവിന്റെ ഓരോ ചിത്രത്തിനും ആയിരം കഥകൾ പറയാനുണ്ട്.

ഷൈജുവിന്റെ പ്രകൃതി സ്നേഹം ഫോട്ടോ​ഗ്രാഫിയിൽ മാത്രമല്ല വീടിന്റെ മട്ടുപ്പാവിലുമുണ്ട്. സ്ഥലപരിമിതികളെ മറികടന്ന് പഴങ്ങളും പച്ചക്കറികളും ഒപ്പം ആടും കോഴിയും താറാവും മുയലും നിറഞ്ഞ വലിയൊരു ഏദൻതോട്ടം. വൈൻഡ് ലൈഫ് ഫോട്ടോ​ഗ്രാഫറിനു പുറമേ എഴുത്തുകാരൻ, ​ഗാനരചയിതാവ്, സാമൂഹ്യ പ്രവർത്തകൻ തുടങ്ങിയ വിവിധ മേഖലയിലെല്ലാം തന്റേതായ കൈയൊപ്പ് പതിപ്പിച്ച വ്യക്തിയാണ് എറണാകുളം തമ്മനം സ്വദേശിയായ ഷൈജു കേളന്തറ. പ്ലസ്ടു അധ്യാപികയായ ഭാര്യയും മൂന്ന് ആൺമക്കളും പൂർണ്ണ പിന്തുണയുമായി ഷൈജുവിനൊപ്പമുണ്ട്.