livestoriesonline

Online updates

യുവതലമുറയ്ക്കുള്ള കരുതൽ; ചോറ്റുപാത്രം ഒരുക്കി ഷാലിൻ

SHARE

വീട്ടിലുണ്ടാക്കിയ നല്ല കുത്തരി ചോറും ബീറ്റ്റൂട്ട് തോരനും മാങ്ങായിട്ട മീൻപീരയും നെല്ലിക്കാ ചമ്മന്തിയും നല്ല കട്ടത്തൈരും കൂട്ടത്തിലൊരു നാരങ്ങാ അച്ചാറും രാവിലെ സ്കൂളിലോ ഓഫീസിലോ പോകുമ്പോൾ ഉച്ചയ്ക്ക് കഴിക്കാനായി കൈയ്യിലെത്തിയാൽ മുഖം തിരിക്കുന്നവരായി ആരും ഉണ്ടാവില്ല. നല്ല സ്റ്റീൽ പാത്രത്തിൽ കിട്ടുന്ന ഇതിനെല്ലാം കൂടി വെറും മുപ്പത്തിയൊൻപത് രൂപ എന്നു പറയുമ്പോൾ ആരുമൊന്ന് അമ്പരക്കും. ഇപ്പോൾ തിരുവനന്തപുരത്തുകാർക്കാണ് ഈ ഓർമ്മകളും സ്നേഹവും നിറയുന്ന കരുതലുള്ള ഷാലിന്റെ എന്റെ ചോറ്റുപാത്രം കഴിക്കാൻ ഭാ​ഗ്യം.

കാൻസറിന്റെ പിടിമുറുക്കത്തെ നിറപുഞ്ചിരിയോടെ തട്ടിമാറ്റി മൂന്ന് വർഷങ്ങൾക്കു മുൻപാണ് മൂന്ന് കുട്ടികൾക്ക് എന്റെ ചോറ്റുപാത്രം എന്ന വയറും മനസ്സും നിറയ്ക്കുന്ന ഈ സംരംഭം ഷാലിൻ ആരംഭിച്ചത്. തിരുവനന്തപുരം തൈക്കാടുള്ള ഐഫ്രൂട്ട് എന്ന തന്റെ ലൈവ് ഐസ്ക്രീം ഷോപ്പിൽ വന്ന കുട്ടികൾ കാശില്ലെന്ന കാരണത്താൽ പതിവായി ഉച്ചഭക്ഷണം കഴിക്കുന്നില്ലെന്ന് അറിഞ്ഞതിൽ നിന്നാണ് എന്റെ ചോറ്റുപാത്രം തുടങ്ങിയത്. മൂന്ന് കുട്ടികൾക്ക് തുടങ്ങിയ ഈ സംരംഭം ഇന്ന് ഡോക്ടർമാരും അധ്യാപകരും എഞ്ചിനീയേഴ്സും തുടങ്ങി ഭക്ഷണം തയ്യാറാക്കാൻ ബുദ്ധിമുട്ടുന്ന പ്രായമായവരടക്കം നൂറ്റമ്പതിലധികം ആളുകളിലേക്ക് എത്തിയിട്ടുണ്ട്.

മൺചട്ടിയിൽ വീട്ടിൽ പാചകം ചെയ്യുന്ന നാടൻ വിഭവങ്ങളാണ് ചോറ്റുപാത്രത്തിൽ ഏറെയും. വെളിച്ചെണ്ണ കുറച്ച് ഒരു ദിവസം ഒരാൾക്ക് ആവശ്യമായ കലോറിയൊക്കെ തിട്ടപ്പെടുത്തി ആളുകളുടെ ആവശ്യത്തിനനുസരിച്ചാണ് ഓരോ ചോറ്റുപാത്രവും നിറയുന്നത്. മുന്നൂറ് രൂപ നൽകി സ്റ്റീൽ ചോറ്റുപാത്രം സ്വന്തമാക്കിയാൽ നാവിൽ കൊതിയൂറുന്ന വിഭങ്ങളുമായി വെജിറ്റേറിയനും നോൺവെജിറ്റേറിയനും വിഭാ​ഗത്തിലുള്ള ഓർമ്മകളുണർത്തുന്ന പോക്കറ്റ് ഫ്രണ്ട്ലിയായ എന്റെ ചോറ്റുപാത്രം ആർക്കും സ്വന്തമാക്കാം. ഷാലിന്റെ ഭാഷയിൽ പറഞ്ഞാൽ എന്റെ കൈയ്യിലിരിക്കുമ്പോൾ മാത്രമാണ് ഇത് എന്റെ ചോറ്റുപാത്രം. നിങ്ങളുടെ കൈയ്യിലെത്തിയാൽ ഇത് നിങ്ങളുടെ ചോറ്റുപാത്രമാണ്. അപ്പോഴും പറയാം ഇത് എന്റെ ചോറ്റുപാത്രം ആണെന്ന്.

വിനോദ യാത്രകൾക്ക് എത്തുന്ന കുട്ടികൾ മുതൽ ജോലിയാവശ്യങ്ങൾക്ക് തലസ്ഥാന ന​ഗരിയിൽ എത്തുന്ന ആളുകൾക്ക് വരെ ചോറ്റുപാത്രം ഇപ്പോൾ ലഭ്യമാക്കുന്നുണ്ട്. ദൂരയാത്ര പോകുന്നവർക്ക് മുൻകൂട്ടി പറഞ്ഞാൽ രണ്ടും മൂന്നും ദിവസത്തേക്ക് ചീത്തയാകാതെ ഉപയോ​ഗിക്കാവുന്ന വ്യത്യസ്തമായ വിഭവങ്ങൾ വരെ ഷാലിൻ തയാറാക്കി നൽകുന്നുണ്ട്. പാലിയേറ്റീവ് കെയർ ചികിത്സയിലായിരുന്ന കാലത്താണ് ഫ്രിഡ്ജില്ലാതെ ദിവസങ്ങളോളം ഭക്ഷണം എങ്ങനെ പാചകം ചെയ്ത് സൂക്ഷിക്കാമെന്ന അറിവ് ഷാലിൻ നേടിയത്.

പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുന്ന ഷാലിൻ തന്റെ മക്കൾക്ക് ഭക്ഷണം തയ്യാറാക്കുന്ന അതേ സ്നേഹത്തോടെയാണ് ചോറ്റുപാത്രത്തിലേക്കുള്ള ഭക്ഷണവും ഉണ്ടാക്കുന്നത്. ഓരോ ചോറ്റുപാത്രത്തിലേക്കുമുള്ള ചോറും കറികളും നിറയ്ക്കുമ്പോൾ ആ ചോറ്റുപാത്രത്തിന്റെ ഉടമയുടെ മുഖവും മനസ്സിൽ തെളിയുന്നുണ്ടെന്നാണ് ഷാലിൻ പറയുന്നത്. ഓരോരുത്തരുടേയും അളവിന് അനുസരിച്ച് നല്ല ഭക്ഷണം എല്ലാവരിലേക്കും എത്തിക്കുന്ന എന്റെ ചോറ്റുപാത്രം യുവതലമുറയ്ക്കുള്ള ഒരു കരുതൽ കൂടിയാണ്.

ചോറ്റുപാത്രം സ്വന്തമാക്കാൻ വിളിക്കേണ്ട നമ്പർ 9072272292