livestoriesonline

Online updates

പഴമയിൽ ചാലിച്ച രുചിക്കൂട്ടുമായ് സുന്ദരി അമ്മയും ഷീബയും

SHARE

നല്ല ഒന്നാന്തരം സാമ്പാറിന് കടുക് താളിക്കാൻ ഒരു കറിവേപ്പില പോലും നട്ടുവളർത്താൻ സ്ഥലമില്ലാതെ വിഷമിച്ചു നിൽക്കുമ്പോൾ നല്ല ശുദ്ധമായ കറിവേപ്പില ഉണക്കി പൊടിച്ച് കുപ്പിയിലാക്കി വീട്ടിലെത്തിയാലോ? മാർക്കറ്റിൽ സുലഭമല്ലാത്ത ഇത്തരം വ്യത്യസ്തമായ പൊടികൾ പഴമയുടെ തനതു രീതിയിൽ തയ്യാറാക്കി വ്യത്യസ്തരാവുകയാണ് സുന്ദരി അമ്മയും ഷീബയും.

നിത്യജീവിതത്തിൽ എപ്പോഴും ആവശ്യമായി വരുന്ന പല തരത്തിലുള്ള വ്യത്യസ്തമായ പൊടികളാണ് ഇവയിൽ പ്രധാനം. ഇവ കൂടാതെ വിവിധ തരം ഔഷധ ചെടികളും പന്ത്രണ്ടിലധികം തുളസിയും നൂറ്റമ്പതു വർഷം പഴക്കമുള്ള ഈ തറവാട്ടു വീട്ടിലുണ്ട്. കണ്ണിനും ശരീരത്തിനും വയറിനുമെല്ലാം വളരെയധികം ​ഗുണപ്രദമായ വസ്തുക്കളാണ് സുന്ദരി അമ്മയുടെയും ഷീബയുടെയും കൈവശമുള്ളത്.

തൃശൂർ ജില്ലയിലെ ഊരകത്ത് ഐച്ചിയിൽ തറവാട്ടിലെ 83 വയസ്സുള്ള സുന്ദരിയമ്മയുടെ അറിവുകൾ പ്രയോജനപ്പെടുത്തിയാണ് കൊച്ചുമകൾ ഷീബ പൊടികൾ തയ്യാറാക്കുന്നത്. ​ഗുണമേന്മ ഒട്ടും നഷ്ടപ്പെടുത്താതെ തണലത്ത് ഉണക്കി പൊടിച്ചാണ് ഓരോ പൊടികളും തയ്യാറാക്കുന്നത്. ഒരുപാട് ​ഗുണങ്ങളുള്ള കറുത്ത നിറത്തിലുള്ള അരി, കരിമ‍ഞ്ഞൾ, ചണവിത്ത്, കറുത്ത ഇഞ്ചി, കറ്റാർവാഴ ജെൽ, കറിവേപ്പില പൊടി, ബീറ്റ്റൂട്ട് പൊടി, നെല്ലിക്കാ പൊടി, മധുരതുളസി പൊടി, കഞ്ഞുണ്ണി പൊടി, നീലയമരി പൊടി, മു​രിങ്ങയില പൊടി, കസ്തൂരി മഞ്ഞൾ പൊടി, ചീവിക്കാ പൊടി, ശതാവരി പൊടി, മൈലാഞ്ചി പൊടി എന്നിവയാണ് ഇവിടെയുള്ളത്.

പണ്ടു കാലത്ത് എല്ലാവരും സുലഭമായി കഴിച്ചിരുന്ന മുരിങ്ങയില പോലെയുള്ള ഇലകൾ ഇപ്പോൾ പലർക്കും കിട്ടാതെ വന്നപ്പോഴാണ് ഇതുപോലെ ഉണക്കി പൊടിച്ച് നൽകിയാലോ എന്ന ആശയം വന്നത്. ഔഷധ ​ഗുണങ്ങൾ ഏറെയുള്ള ഇത്തരം പൊടികൾ എളുപ്പത്തിൽ ഉപയോ​ഗിക്കാൻ പറ്റുന്ന രീതിയിൽ ആവശ്യക്കാരിലേക്ക് എത്തി. അങ്ങനെ പൊടികൾക്ക് പ്രിയമേറിയതോടെയാണ് വിപുലമായ രീതിയിൽ പൊടികൾ തയ്യാറാക്കി നൽകാൻ തുടങ്ങിയത്. പുത്തൻ ആശയത്തിന് പൂർണ പിന്തുണയുമായി ഷീബയുടെ കുടുംബം കൂടെയുണ്ട്.

മാർക്കറ്റിൽ സുലഭമല്ലാത്ത ഇത്തരം പൊടികളും ചെടികളും എല്ലാവരിലേക്കും എത്തിക്കണം എന്നതാണ് ഷീബയുടെ ആ​ഗ്രഹം. നല്ല ഭക്ഷണ രീതിയും തലമുറകളായി പകർന്നു കിട്ടിയ അറിവുകളും ഏറെ സന്തോഷത്തോടെയാണ് ഷീബയും സുന്ദരിയമ്മയും ആളുകളിലേക്ക് പകർന്നു നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 9037 164 770