livestoriesonline

Online updates

വീട്ടമ്മയുടെ കഠിനാധ്വാനം; പൊന്നുവിളയുന്ന മട്ടുപ്പാവ്

SHARE

ന​ഗരമധ്യത്തിലാണ് താമസമെങ്കിലും മനസ്സുണ്ടെങ്കിൽ വിഷരഹിതമായ പഴങ്ങളും പച്ചക്കറികളും കഴിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് വീട്ടമ്മയായ വിജയം. ജോലിയിൽ നിന്ന് വിരമിച്ച ഭർത്താവ് ഭാസ്കരൻനായരും വിജയവും വിശ്രമസമയം എങ്ങനെ വിനിയോ​ഗിക്കാം എന്ന് ചിന്തിച്ചപ്പോഴാണ് മട്ടുപ്പാവ് കൃഷി എന്ന ആശയത്തിലേക്ക് എത്തുന്നത്.

പൂക്കളോടും പച്ചപ്പിനോടും താൽപര്യമുള്ളതിനാലാണ് ജൈവപച്ചക്കറി കൃഷി ആരംഭിച്ചത്. കൃഷി തുടങ്ങി കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ് മട്ടുപ്പാവ് കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളൂർ രവീന്ദ്രൻ എന്നയാളെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ വീട്ടിലെ മട്ടുപ്പാവ് കൃഷി രീതികൾ കാണുകയും പഠിക്കുകയും ചെയ്തു. മണ്ണിൽ അടിവളം ചേർക്കുന്നതു മുതൽ വിളവെടുക്കുന്നതു വരെയുള്ള കാര്യങ്ങൾ അദ്ദേഹത്തിന്റെ പക്കൽ നിന്നുമാണ് പഠിച്ചത്. അതുകൂടാതെ ജൈവവളപ്രയോ​ഗങ്ങളെക്കുറിച്ചും ജൈവകീടനാശിനി പ്രയോ​ഗങ്ങളെക്കുറിച്ചും അറിയാൻ സാധിച്ചു.

വെണ്ട, തക്കാളി, ചെറി, കത്തിരി, വഴുതന, വേങ്ങേരി വഴുതന, കോവൽ, പയർ, പലയിനം മുളകുകൾ, സാലഡ് വെള്ളരി, ബീൻസ്, നിത്യവഴുതന, വള്ളിപയർ, പുതിനയില, ഇഞ്ചി, മഞ്ഞൾ, ചേമ്പ് എന്നിവയെല്ലാം കൃഷി ചെയ്തു വരുന്നു. ഇവ കൂടാതെ സ്വന്തമായുള്ള പതിനഞ്ച് സെന്റ് സ്ഥലത്ത് തെങ്ങ്, കവുങ്ങ്, വാഴ, പ്ലാവ്, മാവ്, കുരുമുളക് എന്നിവ സമൃദ്ധമായി വളരുന്നുണ്ട്.

തിരുവനന്തപുരം ന​ഗരത്തിൽ നിന്നും 14 കിലോമീറ്റർ അകലെയുള്ള അരുവിക്കരയിലാണ് വിജയത്തിന്റെ മട്ടുപ്പാവ് കൃഷി. വീട്ടാവശ്യത്തിന് ശേഷം ബാക്കി വരുന്ന പഴങ്ങളും പച്ചക്കറികളും തൈക്കാടുള്ള ​ഗാന്ധിസ്മാരക നിധിയിലെ സ്വദേശി കാർഷിക വിപണിയിൽ എല്ലാ ശനിയാഴ്ചകളിലും വിൽപനയും നടത്തുന്നു. കൃഷിക്ക് ആവശ്യമായ തൈകളും വിത്തുകളും ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണവും ചെയ്യുന്നുണ്ട്. മട്ടുപ്പാവ് കൃഷിക്ക് നിരവധി അവാർഡുകളും ഈ വീട്ടമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്.

കൃഷിയെ ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ദമ്പതികൾ മട്ടുപ്പാവിലെ കൃഷിയിൽ നിന്നും ലഭിക്കുന്ന തൈകളും വിത്തും സൗജന്യമായി അയച്ചു നൽകാറുണ്ട്. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. വിത്തും തൈയ്യും വാങ്ങുന്നവർ പ്രതിഫലമായി അവരുടെ കൃഷിത്തോട്ടത്തിന്റെ ഫോട്ടോ അയച്ചു നൽകുന്നത് ഈ ദമ്പതികൾക്ക് ഏറെ ഇഷ്ടമാണ്. വിത്തും തൈയ്യും ആവശ്യമുള്ളവർക്ക് വിളിക്കാം. വിളിക്കേണ്ട നമ്പർ 9446078256