livestoriesonline

Online updates

വർഷം 1500 കിലോ തേൻ; വീട്ടമ്മയുടെ തേനീച്ച കൃഷി

SHARE

തേനീച്ചവളർത്തൽ പലർക്കും ഒരു പേടി സ്വപ്നമാണ്. തേനീച്ച കുത്തും എന്ന ഭയത്താലാണ് പലരും ഈ മേഖലയിലേയ്ക്ക് കടന്നു വരാൻ മടിക്കുന്നത്. എന്നാൽ അൽപം മനസ്സും ക്ഷമയുമുണ്ടെങ്കിൽ ആർക്കും തേനീച്ച കൃഷി മികച്ച വിജയത്തിലെത്തിക്കാൻ സാധിക്കുമെന്ന് സ്വന്തം അനുഭവത്തിലൂടെ പറഞ്ഞുതരുകയാണ് മരങ്ങാട്ടുപിള്ളി പുളിക്കിയിൽ ജോഷിയും സെലിനും.

മുപ്പത്തിയഞ്ചു വർഷത്തോളമായി മികച്ച രീതിയിൽ തേനീച്ച കൃഷി തുടങ്ങിയിട്ട്. പിതാവിൽ നിന്നും പഠിച്ച ബാലപാഠങ്ങളും വിവാഹശേഷം ഭർത്താവിന്റെ പിന്തുണയും കൂടിച്ചേർന്നപ്പോൾ സെലിനെ മികച്ച ഒരു തേനീച്ച കർഷകയായി മാറ്റി. വീട്ടിൽ നിന്ന് കിട്ടിയ നാലുപെട്ടി തേനീച്ചയിൽ നിന്ന് വളർന്ന് ഇപ്പോൾ ഒരു വർഷം 1000 മുതൽ 1500 കിലോ വരെ തേൻ ഉത്പാദിപ്പിക്കുന്ന തേനീച്ചകൃഷിക്കുടമയാണ് സെലിൻ.

രാവിലത്തെ വീട്ടു ജോലികൾക്കു ശേഷം തേനീച്ചകളുടെ പരിചരണത്തിനായി തോട്ടത്തിയേയ്ക്ക് ഇറങ്ങി വളരെ രസകരമായിട്ട് തന്നെ പെട്ടികളെല്ലാം സജ്ജീകരിച്ച് തേൻ കൃഷി ആസ്വദിക്കുകയാണ് സെലിൻ. ആദ്യകാലഘട്ടങ്ങളിൽ യാതൊരു മുൻകരുതലുകളും ഉപയോഗിക്കാതെ തന്നെ തേൻ കൃഷി കൈകാര്യം ചെയ്തു പോന്നിരുന്നു. ഇന്ന് എല്ലാവിധ സുരക്ഷാ ഉപകരണങ്ങളും ലഭ്യമായ സ്ഥിതിക്ക് ആർക്കു വേണമെങ്കിലും തേനീച്ച കൃഷിയിലേക്ക് കടന്നു വരാമെന്ന് സെലിൻ പറയുന്നു.

വളരെ അധികം ഇഷ്ടപ്പെട്ട ഒരു തൊഴിലാണ് തേനീച്ച കൃഷി. അതുപോലെ തന്നെ ക്ലാസ് എടുക്കുന്നതും വളരെ അധികം ഇഷ്ടമാണെന്നും സെലിൻ കൂട്ടിച്ചേർത്തു. അതിലുപരി തേനീച്ചയെ കൈകാര്യം ചെയ്യുന്നതിന്റെ പരിചയമാണ് ഏറ്റവും പ്രാധാന്യമുള്ളത്. ക്ഷമയോടെ പെട്ടി തുറക്കാനും ഈച്ചയോടു കൂടി അടയെടുത്ത് കൈകാര്യം ചെയ്യാനുമുള്ള കഴിവ് സ്വയം ശീലിക്കേണ്ടതാണ്.

തേൻ വളരെ അധികം ഔഷധമൂല്യമുള്ള ഒരു ഭക്ഷണമാണ്. എല്ലാവീട്ടിലും ചെറുതേനും വൻതേനുമൊക്കെ വളർത്തേണ്ടത് ആവശ്യമാണ്. തേനീച്ച കൃഷിയിൽ നിന്ന് തേൻ മാത്രമല്ല, പരാഗണം മൂലം പച്ചക്കറികളുടെയും മറ്റ് കൃഷികളുടെയുമെല്ലാം ഉത്പാദനം വളരെ കൂടുന്നതിനും സഹായിക്കും. ചെറുതേൻ വളർത്താൻ പ്രത്യേക പരിചരണത്തിന്റെ ആവശ്യമില്ലെന്നും ജോഷി പറയുന്നു.

തേനീച്ചയ്ക്കു പുറമേ റബറും തെങ്ങും ജാതിയും കൃഷി ചെയ്തു വരുന്നു. തേനിന്റെ പ്രാധാന്യം മനസിലാക്കി വളരെ അധികം ആളുകൾ തേനീച്ച കൃഷിയിലേയ്ക്ക് വരുന്നുണ്ട്. പണ്ടത്തെ കാലത്തെ അപേക്ഷിച്ച് തേനിന്റെ ഔഷധഗുണം മനസിലാക്കി തേൻ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുന്നുണ്ടെന്നും സെലിൻ പറഞ്ഞു. ഇതിനു പുറമേ, തേനീച്ച കൃഷിയെക്കുറിച്ചും മൂല്യവർദ്ധിത ഉത്പന്നങ്ങളെയും കുറിച്ച് വിവിധ സ്ഥലങ്ങളിൽ ക്ലാസുകളും നടത്തി വരുന്നു.

വൻതേനിന് പുറമേ ചെറുതേൻ കൃഷിയും ചെയ്യുന്നുണ്ട്. നൂറോളം ചെറുതേൻ കൂടുകളിൽ നിന്നായി ഒരു വർഷം 25 കിലോ തേൻ വരെ ലഭിക്കുന്നുണ്ട്. ചെറുതേൻ കൂടുതലായും മരുന്ന് ആവശ്യങ്ങൾക്കായിട്ടാണ് ഉപയോഗിക്കുന്നത്.

ചെറുതേനീച്ച പ്രധാനമായും ചെറിയ സസ്യങ്ങളിൽ നിന്നാണ് പൂമ്പൊടി ശേഖരിക്കുന്നത്. ഔഷധ സസ്യങ്ങളായ തുളസി, മുക്കുറ്റി,നിലന്തെങ്ങ് എന്നിവയൊക്കെ അതിൽപെടുന്നു. തേൻ കൃഷിയിൽ നിന്ന് തേൻ മാത്രമല്ല പ്രകൃതിയുടെ നിലനിൽപിനും കാരണമാകുന്നുണ്ട്. തേനീച്ചയിൽ നിന്ന് കൂടുതൽ പരാഗണം നടക്കുന്നതിനാൽ തെങ്ങ് കൃഷിക്കും പച്ചക്കറി കൃഷിക്കുമെല്ലാം കൂടുതൽ വിളവ് ലഭിക്കുന്നു.

തേനീച്ച കൃഷിയിൽ നിന്ന് തേൻ മാത്രമല്ല ബീവാക്സും നിർമ്മിക്കുന്നു. തേൻ എടുത്ത ശേഷം അവശേഷിക്കുന്ന തേനറകൾ ശുദ്ധി ചെയ്താണ് ബീ വാക്സ് നിർമ്മിക്കുന്നത്. ഈ വാക്സ് ഉപയോഗിച്ച് സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ നിർമ്മിക്കുന്നു.

തേനീച്ചക്കൂടിനെക്കുറിച്ച് കൂടുതലറിയാം

സ്റ്റാൻഡിന്റെ തൊട്ടു മുകളിലായിട്ട് കാണുന്നതാണ് തേനീച്ചപെട്ടിയുടെ അടിപ്പലക. അതിനു മുകളിലായി കാണുന്നതാണ് ബ്രൂട്ട് ചേംബർ. ബ്രൂട്ട് ചേംബറിലാണ് ഈച്ചയുടെ ജനനം മുതലുള്ള എല്ലാക്കാര്യങ്ങളും നടക്കുന്നത്. റാണി, വേലക്കാരി ഈച്ച, ഡ്രോൺ അതായത് ആൺ ഈച്ച എന്നീ മൂന്ന് തരത്തിലുള്ള ഈച്ചകളും അവയ്ക്ക് അത്യാവശ്യം വേണ്ട തേനും അവരിടുന്ന മുട്ട, ലാർവ, പ്യുപ്പ എന്നിവയുെമെല്ലാമാണ് ബ്രൂട്ട് ചേംബറിൽ ഉള്ളത്. അതിനു മുകളിലായുള്ള പെട്ടിയിലാണ് ഉത്പാദന കാലം ആകുമ്പോഴേയ്ക്കും ഹണി ചേംബർ തയ്യാറാക്കി തേൻ സംഭരിക്കാനായി ഒരുക്കുന്നത്. ഹണി ചേംബറിലെ റീഡുകളിൽ ബ്രൂട്ട് ചേംബറിൽ നിന്ന് ഒരു അടയെടുത്ത് മുറിച്ച് എല്ലാ റീഡുകളിലും വെച്ചുകെട്ടി കൊടുക്കുന്നു. ഒരു ഹണി ചേംബറിൽ അഞ്ചു റീഡുകളാണ് ഉള്ളത്. തേനീച്ചക്കൂട്ടിലേയ്ക്ക് ഉറുമ്പ് കയറാതിരിക്കാൻ സ്റ്റാൻഡിൽ പാത്രം ഘടിപ്പിച്ച് വെള്ളം ഒഴിച്ചുവെക്കുന്നു.

പരിചരണക്കുറവുകൊണ്ട് തേനീച്ച കൂടൊഴിവക്കി പോകാൻ സാധ്യതയുണ്ട്. വലിയ ഈച്ചയുടെ ഗണത്തിൽ പെടുന്ന മനംകൊളവി ഈച്ചകൾ തേനീച്ചയെ തിന്നാറുണ്ട്. അതുകൂടാതെ നിശാശലഭങ്ങൾ വന്ന് കൂടിന്റെ അടിപ്പലകയിൽ മുട്ടയിട്ട് വിരിഞ്ഞ് പുഴുവായിക്കഴിയുമ്പോൾ ആ പുഴു അട തിന്ന് തേനീച്ചയ്ക്ക് ക്ഷയം വരുത്തുന്നു. ഒത്തിരി പുഴുക്കൾ ആകുമ്പോൾ തേനീച്ച സ്വയം കൂട് ഉപേക്ഷിച്ച് പോകുന്നു. മഴക്കാലത്തെ ഏറ്റവും പ്രധാന പ്രശ്നം പരിചരണക്കുറവുമൂലം കോളനികൾ നഷ്ടപ്പെടുന്നതാണ്. മികച്ച രീതിയിലുള്ള പരിചരണം ഉണ്ടെങ്കിൽ നല്ല രീതിയിൽ തേനീച്ച കൃഷി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും.

തേനീച്ചയുടെ ആവശ്യത്തിനായി പലവിധത്തിലുള്ള പൂച്ചെടികളും ഫലവ‍ൃക്ഷങ്ങളും നട്ടുപിടിപ്പിക്കാം. പൂമ്പൊടിയാണ് തേനീച്ചയ്ക്ക് ഏറ്റവും അത്യാവശ്യമുള്ള വസ്തു. പൂമ്പൊടിയും തേനും ജലവും കൂടിച്ചേർന്ന ബീബ്രഡാണ് തേനീച്ചയുടെ ഭക്ഷണം.

മഴക്കാലത്ത് തെങ്ങിൽ നിന്നും പനയിൽ നിന്നുമൊക്കെ ഇവർക്കാവശ്യമുള്ള ഭക്ഷണം ശേഖരിക്കുന്നു. രണ്ടു കിലോമീറ്റർ ചുറ്റളവിൽ വരെ സഞ്ചരിച്ച് ഭക്ഷണം കണ്ടെത്തി കുഞ്ഞുങ്ങളെയും പരിചരിക്കുന്നു. അതുപോലെ ഭക്ഷണ ദൗർഭല്യമുണ്ടായാൽ സ്വാഭാവികമായും റാണി മുട്ടയിടുന്നതു കുറച്ച് കൂട്ടിൽ അംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നു.

തേനീച്ച കുത്തിയാൽ

തേനീച്ച കുത്തിയാൽ അതിന്റെ കൊല്ലി പറിച്ചെടുത്ത് കളയുക. അതിനു ശേഷം കുത്തിയ സ്ഥലത്ത് തുളസിയില തിരുമ്മുകയോ ഉപ്പുനീര് തേക്കുകയോ ചെയ്താൽ നീരു വരുന്നത് ഒരു പിരിധി വരെ ഒഴിവാക്കാം. തേനീച്ച വിഷം നല്ല വിലയുള്ള ഒരു ഔഷധം കൂടിയാണ്. ചില ആളുകൾക്ക് തേനീച്ച കുത്തിയാൽ അസ്വസ്ഥതകളുണ്ടാകാം. അവർക്ക് വൈദ്യ സഹായം തേടാം.

ശുദ്ധമായ തേൻ എങ്ങനെ തിരിച്ചറിയാം

ശുദ്ധമായ തേൻ തിരിച്ചറിയാൻ‌ ചുരുക്കം ചില മാർഗങ്ങളൊക്കെയുണ്ട്. ഒന്നാമതായി വെള്ളത്തിനകത്ത് തേൻ ഒഴിച്ചു നോക്കുക. അതായത്, ഒരു ഗ്ലാസ്സിൽ കുറച്ച് വെള്ളമെടുത്ത് അതിലേയ്ക്ക് തേൻ ഒഴിക്കുമ്പോൾ യാതൊരു തരത്തിലുള്ള ലയനവും ഇല്ലാതെ ഗ്ലാസിന് അടിയിൽ എത്തുന്നു. സ്പൂൺ ഉപയോഗിച്ച് ഇളക്കുമ്പോൾ മാത്രമേ ശുദ്ധമായ തേൻ വെള്ളത്തിൽ അലിയുകയുള്ളൂ. രണ്ടാമതായി ഒരു പ്ലേറ്റിൽ രണ്ടു സ്പൂൺ തേൻ ഒഴിച്ച് ചുറ്റിച്ചു നോക്കുമ്പോൾ തേൻ റാകലിന്റെ ആകൃതിയിൽ വരുന്നുണ്ടെങ്കിൽ തേൻ ശുദ്ധമാണെന്ന് ഉറപ്പിക്കാം. മൂന്നാമതായി ഒരു പഞ്ഞിയിൽ അല്പംതേനെടുത്ത് കത്തിച്ചു നോക്കിയാൽ തേൻ നന്നായിട്ട് കത്തുന്നത് കാണാം.

തേനീച്ച കൃഷിയെക്കുറിച്ച് കൂടതലറിയാൻ വിളിക്കേണ്ട നമ്പർ: 99616 65446