livestoriesonline

Online updates

പൂഴിമണ്ണിലെ കൃഷിയിൽ കൊയ്യുന്നത് ഇരട്ടി ലാഭം; തോട്ടം നിറയെ തണ്ണിമത്തനും പൊട്ടുവെള്ളരിയും

SHARE

ദിനം പ്രതി ജൈവ കൃഷിയുടെ പ്രിയം കൂടി വരികയാണ്. വിഷം ചേർക്കാത്ത ഭക്ഷണം കഴിക്കാൻ ആളുകൾ നെട്ടോട്ടമോടുകയാണ്. ബിരുദാനന്തര ബിരുദദാരിയായ ശ്യാം പ്രവാസ ജോലിയും മതിയാക്കി നാട്ടിലെത്തിയത് പ്രവാസജീവിതം മടുത്തിട്ടല്ല, മറിച്ച് ജൈവകൃഷിയിലൂടെ നല്ല ഭക്ഷണം വിളയിച്ച് തനിക്കും നാടിനും ​ഗുണകരമാകുന്ന ഒരു പുത്തൻ ആശയം തേടിയാണ്. കൈക്കോട്ടുമെടുത്ത് കാടുപിടിച്ച് കിടന്ന പറമ്പിലേക്കിറങ്ങിയപ്പോൾ വീട്ടുകാരും നാട്ടുകാരും ഒന്നടങ്കം അതിശയത്തോടെ മൂക്കത്ത് വിരൽ വെച്ചു. ശെടാ! ഈ പയ്യൻ ഇതെങ്ങനെ ജീവിക്കും. എന്നാൽ എതിർപ്പുകളെ വകവെയ്ക്കാതെ വൃക്ഷായുർവേദ കൃഷി രീതിയിൽ കാടു വെട്ടിതെളിച്ച് കൃഷി ചെയ്ത് പൂഴിമണ്ണിൽ പൊന്നു വിളയിച്ചിരിക്കുകയാണ് തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വെള്ളാകല്ലൂര് സ്വദേശിയായ ശ്യാം എന്ന ചെറുപ്പക്കാരൻ.

ജൈവകൃഷിയിൽ മണ്ണിൽ പൊന്നുവിളയിക്കുന്ന ശ്യാമിന് നാട്ടുകാരുടെയും വീട്ടുകാരുടേയും സാമൂഹ്യമാധ്യമങ്ങളിൽ നിന്നുമുള്ള കൈയ്യടികൾ ദിനംപ്രതി ഉയരുന്നു. പക്ഷേ, വിവാഹ മാർക്കറ്റിൽ കയ്യടികളുടെ എണ്ണം തീരെ കുറവാണെന്നാണ് ശ്യാം പറയുന്നത്. ജൈവകൃഷിയെ അല്ലെങ്കിൽ വിഷമില്ലാത്ത ഭക്ഷണത്തെ ഏറെ സ്നേഹിക്കുന്ന ആളുകൾക്ക് കർഷകനോടുള്ള സ്നേഹം വാക്കുകളിൽ മാത്രമേയുള്ളൂവെന്നാണ് ശ്യാമിന്റെ അഭിപ്രായം.

കാടുപിടിച്ച് കിടന്നിരുന്ന ‍ഡോക്ടർ ജലീലിന്റെ സ്ഥലത്താണ് ശ്യാം ഇപ്പോൾ കൃഷി ചെയ്യുന്നത്. ഇതുകൂടാതെ സ്ഥലം പാട്ടത്തിനെടുത്തും കൃഷി ചെയ്തുവരുന്നു. പ്രധാനമായും തണ്ണിമത്തൻ, പൊട്ടുവെള്ളരി, ഷമാം, ലോം​ഗ് മെലൻ, ബട്ടർനട്ട് എന്നിവയെല്ലാമാണ് കൃഷി. കൃഷി മുഴുവൻ പ്രിസിഷൻ ഫാമിം​ഗ് എന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. ഒരേക്കറോളം സ്ഥലത്താണ് കൃഷി. തണ്ണിമത്തൻ വിത്തിട്ട് ഏകദേശം എഴുപത് ദിവസത്തോളമായി. സ്വന്തമായി തന്നെയാണ് വിളവെടുക്കലും വിൽപനയുമെല്ലാം.

അടിവളം ചേർത്ത് അതിനുമുകളിൽ മണ്ണിട്ട് നനയ്ക്കുന്നതിനായി ഡ്രിംപ് സംവിവാധനവും ഒരുക്കി കളയൊഴിവാക്കുന്നതിനായി പോളിത്തീൻ ഷീറ്റും വിരിക്കുന്നു. വലിയ കാടുപിടിച്ച് കിടന്നിരുന്ന സ്ഥലാണ് വെട്ടിതെളിച്ച് ഇതേ രീതിയിൽ കൃഷിക്ക് അനുയോജ്യമാക്കിയിരിക്കുന്നത്. തണ്ണിമത്തനും പൊട്ടുവെള്ളരിക്കുമെല്ലാം വേണ്ടി പ്രത്യേകം തന്നെ നിലമൊരുക്കിയിട്ടുണ്ട്. വിത്തു ശേഖരണം പരമ്പരാ​ഗതമായിട്ടുള്ള വിത്തുസംരക്ഷകരുടെ അടുത്ത് നിന്നാണ്.

ഭൗമസൂചികയിൽ ഇടം നേടിയ കൊടുങ്ങല്ലൂർ പൊട്ടുവെള്ളരിയും ശ്യാമിന്റെ തോട്ടത്തിലുണ്ട്. പൊള്ളുന്ന ചൂടിൽ നിന്ന് വലിയൊരു കുളിർമയാണ് പൊട്ടുവെള്ളരി ജ്യൂസിൽ നിന്നും ലഭിക്കുന്നത്. ശ്രദ്ധയോടെ വേണം പൊട്ടുവെള്ളരി വിളവെടുക്കാൻ. കാരണം വിളഞ്ഞു പാകമാകുമ്പോഴേയ്ക്കും തൊലി വിണ്ടു കീറിയിട്ടുണ്ടാകും. വിളവെടുത്ത ശേഷം ഫോയിൽ പേപ്പറിൽ പൊതിഞ്ഞാണ് സൂക്ഷിക്കുന്നത്. ഓഫീസുകളിലേക്കും കടകളിലേക്കുമെല്ലാം നേരിട്ട് വിൽപന നടത്തുന്നു. പൊട്ടുവെള്ളരി കൃഷിയിൽ നിന്ന് മികച്ച വിജയം കൈവരിക്കാനായെന്ന് ശ്യാം പറയുന്നു.

ഇതുകൂടാതെ പരീക്ഷണാടിസ്ഥാനത്തിൽ ലോം​ഗ് മെലനും കൃഷി ചെയ്യുന്നു. പന്തൽ കൃഷിയാണ് ലോം​ഗ് മെലന് അനുയോജ്യം. ഷമാമും ശ്യാമിന്റെ തോട്ടത്തിൽ മൂത്ത് പാകമായിരിക്കുന്നു. മസ്കറ്റിൽ നിന്നും ചേട്ടൻ അയച്ചുകൊടുത്ത ഷമാമിന്റെ വിത്താണ് മുളച്ച് വിളവെടുക്കാനായിരിക്കുന്നത്. ഷമാം കൃഷിനമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലെന്നാണ് ശ്യാമിന്റെ വിലയിരുത്തൽ. പാട്ടത്തിനെടുത്ത അഞ്ചേക്കറോളം സ്ഥലത്താണ് ശ്യാമിന്റെ പരീക്ഷണ കൃഷികളെല്ലാമുള്ളത്.

ലാഭം കൊയ്യുന്നതിനുവേണ്ടിയല്ല ശ്യാം കൃഷി ചെയ്യുന്നത്. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി എന്തെല്ലാം കൃഷി ചെയ്യാൻ സാധിക്കുമെന്നുള്ള കണ്ടുപിടുത്തം കൂടിയാണ്. ബട്ടർനട്ടും കൃഷി ചെയ്യുന്നുണ്ട്. കൃഷിക്കാവശ്യമായ ജൈവവളവും ശ്യാം സ്വന്തമായി നിർമ്മിച്ചെടുക്കുന്നു. പൂഴിമണ്ണിലാണ് കൃഷിയെങ്കിലും നൂറുശതമാനം വിജയം കൊയ്തിരിക്കുകാണ് ശ്യാം എന്ന ജൈവകർഷകൻ.

ശ്യാമിന്റെ ജൈവകൃഷിയെക്കുറിച്ച് കൂടുതലറിയാൻ വിളിക്കേണ്ട നമ്പർ: +91 80896 40590