livestoriesonline

Online updates

ഷെഫ് പിള്ളയുടെ ‘രുചി നിർവാണ’

SHARE

മലയാളികളുടെ സ്വന്തം ഷെഫ് സുരേഷ് പിള്ളയുടെ ജീവിത കഥ മലയാള മനോരമ പുസ്തകമാക്കുകയാണ്. പുതുവർഷത്തിൽ ഏറെ ആഹ്ലാദത്തോടെ സുരേഷ് പിള്ള തന്നെയാണ് ഈ വിവരം ഫേസ്ബുക്ക് പേജിലൂടെ എല്ലാവരെയും അറിയിച്ചത്.

ഇന്ന് ഈ പുതുവർഷത്തിന്റെ പ്രഭാതത്തിൽ ‘രുചി നിർവാണ’യുടെ കവർ പ്രകാശിപ്പിക്കുകായാണ്. ആർസിപിയുടെ കരുത്തും അഭിമാനവുമായ ജീവനക്കാരാണ് ആ വിശിഷ്ടാതിഥികൾ. എന്റെ എല്ലാ വിജയത്തിന്റെയും ക്രെഡിറ്റിന് അവകാശികളായ പാചകപ്പോരാളികളാണ് ഇന്നത്തെ താരങ്ങൾ എന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

കൂലി വേലക്ക് പോകുന്ന അച്ഛനും അമ്മയും വൈകിട്ട് തെക്കുംഭാഗം ചന്തയിൽ നിന്ന് ജോലി കഴിഞ്ഞ് കൈ നിറയെ മീനുമായി വരും. സ്നേഹം ചാലിച്ച് അമ്മയത് കറിവെക്കുന്നത് കൗതുകത്തോടെ ഞാൻ നോക്കി നിൽക്കും. അത്താഴത്തിന് ചേട്ടനും ചേച്ചിയും എല്ലാവരും കൂടി നിലത്തിരുന്ന് ചോറു തിന്നുന്നതിനിടെ അന്നത്തെ വിശേഷങ്ങൾ എല്ലാം പറഞ്ഞ് തീർക്കും. എട്ടാം ക്ലാസിൽ പഠിച്ചപ്പോൾ വൈകിട്ട് തുറക്കുന്ന ചായക്കടയിൽ വിളമ്പുകാരനായി നിന്നും പ്രീ ഡി​ഗ്രി പൂർത്തിയാക്കാതെ പതിനേഴാം വയസ്സിൽ സെക്യൂരിറ്റി ജോലി ചെയ്തും ജീവിതത്തിന്റെ ഒഴുക്ക് ഞാൻ ആസ്വദിച്ചു തുടങ്ങി. ഇങ്ങനെ ചെറുപ്പം തൊട്ടുള്ള എന്റെ ഓർമകളെല്ലാം അക്ഷര രൂപത്തിലാക്കി അവതരിപ്പിക്കുകയാണ് മനോരമ ബുക്സ്. മലയാള മനോരമയോട് എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു എന്നും അദ്ദേഹം പറയുന്നു.

ഷെഫ് സുരേഷ് പിള്ളയെ കുറിച്ച് മലയാള മനോരമ ഞായറാഴ്ച്ചയുടെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരായിരുന്നു രുചി നിർവാണ. അദ്ദേഹത്തിന്റെ ജീവിത കഥയായി പുറത്തിറങ്ങുന്ന ബുക്കിന്റെ പേരും അതുതന്നെ. മനോരമ ഏജന്റുമാരിൽ നിന്നും ഓഫിസുകളിൽ നിന്നും പ്രമുഖ ബുക് സ്റ്റാളുകളിൽ നിന്നും പുസ്തകം ഉടൻ ലഭിക്കും.