livestoriesonline

Online updates

ബാങ്ക് മാനേജരുടെ ജീവനുള്ള നിക്ഷേപം

SHARE

കാത്തലിക് സിറിയൻ ബാങ്ക് മാനേജറായിരുന്ന തോമസ് മാത്യു രണ്ടു പതിറ്റാണ്ടകൾക്കു മുൻപ് വിനോദത്തിന് തുടങ്ങിയതാണ് അലങ്കാര മത്സ്യപരിപാലനം. ഇപ്പോൾ പദവിയിൽ നിന്ന് വിരമിച്ച ശേഷം മുഴുവൻ സമയവും മത്സ്യപരിപാലനത്തിലേക്ക് ഇറങ്ങിയിക്കുകയാണ്. മീൻ വളർത്തലിൽ ഒരുപാട് വർഷത്തെ അനുഭവസമ്പത്തുള്ള തോമസ് മാത്യു നല്ലൊരു ജയന്റ് ഗൗരാമി കർഷകൻ കൂടിയാണ്.

വിവിധ ഇനത്തിലുള്ള വ്യത്യസ്തങ്ങളായ അലങ്കാര മത്സ്യങ്ങളുടെ വലിയൊരു ശേഖരം തോമസ് മാത്യുവിന്റെ കോട്ടയം പാല ഇടമറ്റത്തെ വീട്ടിലുണ്ട്. പേൾവൈറ്റ് ഫൈറ്റർ, ബ്ലൂ ഫൈറ്റർ, പിങ്ക് ഫൈറ്റർ, മഞ്ഞ നിറത്തിലുള്ള യെല്ലോ ടോക്സിഡോ, കോബ്രായുടെ നിറത്തിലുള്ള ഗപ്പി, ഇപ്പോൾ ഗപ്പികളിൽ വളരെ അധികം ഡിമാൻഡുള്ള ഒരിനമായ മഞ്ഞയും ചുമപ്പും നിറത്തിൽ സിൽക്കുപോലെ തിളങ്ങുന്നവ, വലിപ്പം കൂടിയ ചിറകുകളും വാലിന്റെ നിറത്തിൽ തലയിൽ തൊപ്പിയുള്ള കോയ് എന്ന ഇനവും ഇവിടെയുണ്ട്. അതിനു പുറമേ മിക്സ്ഡ് ബ്രീഡിംഗ് നടത്തുമ്പോൾ സാധാരണ കാണാത്ത പല നിറത്തിലുള്ള കുഞ്ഞുങ്ങളെയും കിട്ടാറുണ്ടെന്ന് തോമസ് മാത്യു.

അലങ്കാരത്സ്യങ്ങളിൽ ഇപ്പോൾ ഗപ്പികൾക്കാണ് വളരെ അധികം ഡിമാൻഡ്. അഞ്ചു രൂപമുതൽ 5000 രൂപവരെയുള്ള വിവിധയിനം ഗപ്പികൾ കിട്ടാനുണ്ട്. വിലകൂടുതലുള്ള ഗപ്പികളെ പ്രാദേശികമായി വളർത്താൻ കുറച്ച് ബുദ്ധിമുട്ടാണ്. അവയ്ക്ക് പ്രത്യേക അന്തരീക്ഷവും പരിചരണവും ആവശ്യമാണ്. പല നിറങ്ങളും രൂപത്തിലുള്ള വ്യത്യാസവും ആളുകൾക്ക് ഗപ്പികളോടുള്ള ആകർഷണം കൂടുന്നതിന് കാരണമാകുന്നു. അതുപോലെ ഗപ്പികളുടെ പ്രജനനം മറ്റു മീനുകളെ അപേക്ഷിച്ച് വ്യത്യാസമുണ്ട്. മുട്ടയിട്ട് കുഞ്ഞുണ്ടാകുന്നതിന് പകരം ഗപ്പികൾ പ്രസവിക്കുകയാണ് ചെയ്യുന്നത്.

അക്വേറിയം മീനുകളെയായിരുന്നു പ്രധാനമായും വളർത്തിയിരുന്നത്. എന്നാൽ ആളുകൾ പടുത കുളങ്ങളൊക്കെ ഉണ്ടാക്കി മീൻവളർത്തലിലേയക്ക് ഇറങ്ങിയപ്പോൾ ജയന്റ് ഗൗരാമി കുഞ്ഞുങ്ങൾക്ക് കുറവ് വന്നു. അങ്ങനെ ജയന്റ് ഗൗരാമിയുടെ പ്രജനനത്തിലേയ്ക്കും തിരിഞ്ഞു. സാധാരണയായി രണ്ടു മാസം പ്രായമായ കുഞ്ഞുങ്ങളെയാണ് നഴ്സറികളിൽ നിന്നും ആളുകൾ വാങ്ങുന്നത്. അങ്ങനെ വാങ്ങുന്ന കുഞ്ഞുങ്ങളെ ഒന്നര വർഷം വളർത്തിക്കഴിയുമ്പോൾ ആണിനെയും പെണ്ണിനെയും തിരിച്ചറിയാൻ കഴിയും. രണ്ടു വർഷത്തോളം പ്രായം ആയ ആൺ മത്സ്യത്തിനെയും പെൺ മത്സ്യത്തിെയും ജോഡികളാക്കി പ്രത്യേകം തയ്യാറാക്കിയ കുളങ്ങളിൽ നിക്ഷേപിക്കും. പ്രകൃതിദത്തമായ കുളത്തിലാണെങ്കിൽ ഇടുന്നതെങ്കിൽ ചുറ്റുപാടുള്ള ചെടികളും പുല്ലുകളുമൊക്കെ ഉപയോഗിച്ച് കൂടുണ്ടാക്കി അവ അതിൽ മുട്ടയിടും. സിമന്റ് ടാങ്കിൽ ആണ് ഇടുന്നതെങ്കിൽ അവയക്ക് മുട്ടയിടുന്നതിന് വേണ്ടി കൂടുണ്ടാക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കും. മുട്ടയിട്ട് രണ്ടാഴ്ച കഴിയുമ്പോൾ കുഞ്ഞുങ്ങൾ പുറത്തു വരും. രണ്ട് മാസം പ്രായമാകുന്ന കുഞ്ഞുങ്ങളെ നഴ്സറികളിൽ വിൽപ്പന നടത്തുന്നു. പ്രജനന ആവശ്യത്തിനായി അഞ്ചു വർഷത്തിന് മുകളിൽ പ്രായമുള്ള ജയന്റ് ഗൗരാമി ജോഡികളെ പ്രത്യേകം പരിപാലിക്കുകയും ചെയ്യുന്നുണ്ട് തോമസ് മാത്യു.

ഗൗരാമി ഇനത്തിലുള്ള ഗോൾഡൻ ഗൗരാമിയും റെഡ് ഗൗരാമിയും ഇവിടുത്തെ കുളത്തിലുണ്ട്. ഗോൾഡൻ ഗൗരാമിയെ അതിന്റെ ഭംഗികൊണ്ട് അക്വേറിയത്തിലാണ് വളർത്തുന്നത്. ഏകദേശം നാലുമുതൽ അഞ്ചു കിലോ വരെ തൂക്കം ലഭിക്കുന്ന ചുമപ്പ് നിറത്തിലുള്ള ജയന്റ് ഗൗരാമി വില അൽപം കൂടുതലായതിനാൽ കൂടുതൽ ആളുകളും അലങ്കാരത്തിന് വേണ്ടിയാണ് വളർത്തുന്നത്.

ആടു വളർത്തൽ, കോഴിവളർത്തൽ, പശുവളർത്തൽ എന്നിവയെ അപേക്ഷിച്ച് ശാരീരിക അധ്വാനം വളരെ കുറഞ്ഞ ജോലിയായതിനാലാണ് വിരമിക്കലിന് ശേഷം മുഴുവൻ സമയവും മീൻ കൃഷിയിലേക്ക് തിരിഞ്ഞത്. സ്ഥിരമായ പരിചരണം ഉണ്ടെങ്കിൽ മാത്രമേ നല്ല ആരോഗ്യമുള്ള മത്സ്യകുഞ്ഞുങ്ങളെ ലഭിക്കുകയും നല്ല രീതിയിൽ മുന്നോട്ട് പോകാൻ കഴിയൂ. ഭാര്യയും മക്കളും പൂർണ്ണ പിന്തുയുള്ളതിനാൽ വിരമിക്കലിന് ശേഷമുള്ള വിരസത അകറ്റി ആദയകരമായ രീതിയിൽ മുന്നോട്ട് പോകുന്നുവെന്ന് തോമസ് മാത്യു.